രൂപയ്ക്ക് മൂല്യമേറുന്നു

ആഗോള വിപണിയില്‍ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ കരുത്ത് നേടുകയാണെങ്കിലും ഇന്ത്യന്‍ രൂപ ശക്തമായി പിടിച്ചുനിന്നു.
രൂപയ്ക്ക് മൂല്യമേറുന്നു

#ബിസിനസ് ലേഖകൻ

കൊച്ചി: ഓഹരി വിപണിയിലെ മികച്ച മുന്നേറ്റവും കയറ്റുമതി രംഗത്തെ ഉണര്‍വും എണ്ണ വിലയിലെ ഇടിവും ഇന്ത്യന്‍ രൂപയ്ക്ക് കരുത്ത് പകരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഒരു ശതമാനത്തിലധികം വര്‍ധനയാണുണ്ടായത്. ഇന്നലെ രൂപയുടെ മൂല്യം ഒരു പൈസ ഉയര്‍ന്ന് 82.89ല്‍ വ്യാപാരം അവസാനിപ്പിച്ചു. ആഗോള വിപണിയില്‍ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ കരുത്ത് നേടുകയാണെങ്കിലും ഇന്ത്യന്‍ രൂപ ശക്തമായി പിടിച്ചുനിന്നു.

ഓഹരി, കടപ്പത്ര വിപണികളില്‍ വിദേശ നിക്ഷേപത്തിലുണ്ടായ വർധനയും രൂപയ്ക്ക് ഗുണമായി. കഴിഞ്ഞ രണ്ടാഴ്ചകളിലായി ഡോളറിനെതിരെ മികച്ച നേട്ടത്തോടെയാണ് രൂപ വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞവാരം ഒരവസരത്തില്‍ രൂപയുടെ മൂല്യം 82.84 വരെ ഉയര്‍ന്നിരുന്നു.

കയറ്റുമതി മേഖലയുടെ മത്സരക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വാങ്ങിയതിനാലാണ് രൂപയുടെ മൂല്യം കുത്തനെ കൂടാത്തതെന്ന് വ്യാപാരികള്‍ പറയുന്നു. അമെരിക്കയില്‍ നാണയപ്പെരുപ്പ ഭീഷണി പൂര്‍ണമായും ഒഴിയാത്തതിനാല്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനം വൈകുമെന്ന സൂചനയും രൂപയ്ക്ക് അനുകൂലമാണ്.

അടുത്തമാസം അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറയുമെന്നാണ് പൊതുവേ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതിനാല്‍ മേയ് മാസത്തിന് ശേഷമേ പലിശ കുറയൂവെന്നാണ് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82.5ന് മുകളിലേക്ക് നീങ്ങാന്‍ റിസര്‍വ് ബാങ്ക് അനുവദിക്കില്ലെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

ആഗോള വിപണിയിലെ അനുകൂല സാഹചര്യങ്ങള്‍ മുതലെടുത്ത് ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കൂടുന്നതും രൂപയ്ക്ക് ഗുണമാകുന്നു. ജനുവരിയില്‍ മൊത്തം കയറ്റുമതി 9.29 ശതമാനം ഉയര്‍ന്ന് 6972 കോടി ഡോളറായിരുന്നു. അതോടൊപ്പം എണ്ണ വിലയിലെ കുറവ് കാരണം ഇറക്കുമതി ചെലവില്‍ വലിയ വർധനയുണ്ടാകാത്തതും രൂപയ്ക്ക് അനുകൂലമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com