
ന്യൂഡൽഹിയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് എക്സിൽ പങ്കുവച്ച ചിത്രം.
ന്യൂഡൽഹി: ഇന്ത്യയും ചൈനയും അടക്കം വ്യാപാര പങ്കാളികൾക്കു മേൽ കനത്ത ഇറക്കുമതിച്ചുങ്കം ചുമത്തിക്കൊണ്ട് യുഎസ് തുടങ്ങിവച്ച വ്യാപാര യുദ്ധം പുതിയ വഴിത്തിരിവിൽ. ഡോണൾഡ് ട്രംപിന്‍റെ നികുതി നയം നേരിടാൻ ഇന്ത്യയുമായി സഹകരിക്കാൻ തയാറാണെന്ന സൂചനയാണ് ചൈന നൽകുന്നത്.
വെല്ലുവിളികൾ നേരിടാൻ ഇന്ത്യയും ചൈനയും ഒരുമിച്ചു നിൽക്കണം എന്നാണ് ചൈനീസ് എംബസി ആഹ്വാനം ചെയ്തിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക - വ്യാപാര ബന്ധം പരസ്പരം ഗുണകരമാണ്. ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ വികസനത്തിനു തടസം നിൽക്കുന്നതാണ് യുഎസിന്‍റെ പുതിയ വ്യാപാര നയം. മേഖലയിലെ രാജ്യങ്ങൾ ഇതിനെതിരേ ഒരുമിച്ചു നിലകൊള്ളണം- ഡൽഹിയിലെ ചൈനീസ് എംബസി വക്താവ് യു ജിങ് എക്സിൽ കുറിച്ചു.
വ്യാപാര യുദ്ധത്തിൽ വിജയികളുണ്ടാകില്ലെന്നും കുറിപ്പിൽ മുന്നറിയിപ്പ് നൽകുന്നു. ആഗോള സമ്പദ് വ്യവസ്ഥയിൽ 30 ശതമാനം ചൈനയുടെ സംഭാവനയാണ്. ബഹുകക്ഷി വ്യാപാര സമ്പ്രദായം സുരക്ഷിതമായി മുന്നോട്ടു കൊണ്ടുപോകാൻ മറ്റു ലോകരാജ്യങ്ങളുമായി ഒരുമിച്ചു പ്രവർത്തിക്കുമെന്നും യു ജിങ്.
ചൈനയുടെ നിലപാടിനോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇന്ത്യയും ചൈനയും ഒരുമിച്ചു പ്രവർത്തിക്കണമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിനോട് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ചൈനയ്ക്കു മേൽ അധിക നികുതി ചുമത്തുക മാത്രമല്ല, ഇതിനിയും വർധിപ്പിക്കും എന്നു കൂടി ഭീഷണി മുഴക്കിയിട്ടുണ്ട് ട്രംപ്. എന്നാൽ, ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കു മേൽ ചുമത്തിയിരിക്കുന്ന നികുതി കുറവുമാണ്.
യുഎസ് പ്രഖ്യാപിച്ച വ്യാപാര യുദ്ധത്തോട് ചൈന ഉൾപ്പെടെ പല രാജ്യങ്ങളും അതേ നാണയത്തിൽ പ്രതികരിക്കുന്നുണ്ട്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്കു മേൽ അധിക നികുതി ചുമത്തിക്കൊണ്ടാണിത്. എന്നാൽ, ഇന്ത്യ ഇത്തരത്തിൽ അധിക നികുതിയൊന്നും പ്രഖ്യാപിച്ചിട്ടുമില്ല.
ഇന്ത്യയുമായുള്ള സാമ്പത്തിക - വാണിജ്യ സഹകരണത്തിൽ ചൈന കൂടുതൽ താത്പര്യമെടുക്കുമ്പോഴും, ഇന്ത്യ പ്രത്യക്ഷത്തിൽ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. പതിവില്ലാത്ത രീതിയിൽ യുഎസും ഇന്ത്യയും പരസ്പരം വച്ചുപുലർത്തുന്ന മൃദുസമീപനമാണ് ഈ വിഷയത്തിൽ നിർണായകമാകാൻ പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഡോണൾഡ് ട്രംപ് ആവർത്തിച്ച് പരാമർശിക്കുകയും ചെയ്തിരുന്നു.