
ചൈനയെ മറികടന്ന് ഇന്ത്യ ആദ്യമായി യുഎസിലേക്ക് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്യുന്ന രാജ്യമായി മാറി
freepik.com
ന്യൂഡല്‍ഹി: ചൈനയെ മറികടന്ന് ഇന്ത്യ ആദ്യമായി യുഎസിലേക്ക് ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്യുന്ന രാജ്യമായി മാറി. 2025ലെ രണ്ടാം പാദത്തില്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയില്‍ 240 ശതമാനം വര്‍ധനയുണ്ടായതായി ഗവേഷണ സ്ഥാപനമായ കനാലിസിന്‍റെ പുതിയ ഡേറ്റ പറയുന്നു.
വ്യാപാര സംഘര്‍ഷങ്ങള്‍, ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ ഇന്ത്യന്‍ ഫാക്റ്ററികളെ കൂടുതലായി ആശ്രയിക്കുന്നത് എന്നിവയെല്ലാം യുഎസിലേക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിതരണം കൂട്ടാന്‍ ഇന്ത്യയെ സഹായിച്ച ഘടകങ്ങളാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആപ്പിള്‍ ഇന്ത്യയിലെ ഉത്പാദന അടിത്തറ ക്രമാനുഗതമായി വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതിന്‍റെ പ്രതിഫലനം കൂടിയാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്.
താരിഫുകളുടെയും വ്യാപാര നയങ്ങളുടെയും പേരില്‍ യുഎസും ചൈനയും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ അവരുടെ മാനുഫാക്ചറിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചു പുനര്‍വിചിന്തനം നടത്താന്‍ തുടങ്ങിയിട്ടുണ്ട്. ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഇന്ത്യയില്‍ കൂടുതല്‍ ഐഫോണുകള്‍ നിര്‍മിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് ഐഫോണ്‍ 16, ഐഫോണ്‍ 15 പോലുള്ള സ്റ്റാന്‍ഡേര്‍ഡ് മോഡലുകള്‍.
ആപ്പിള്‍ ഇതിനകം തന്നെ ഇന്ത്യയില്‍ ചില ഐഫോണ്‍ 16 പ്രോ മോഡലുകള്‍ അസംബിള്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
സാംസങ്, മോട്ടറോള തുടങ്ങിയ ബ്രാന്‍ഡുകളും യുഎസിലേക്ക് കൂടുതല്‍ ഇന്ത്യന്‍ നിര്‍മിത ഫോണുകള്‍ അയയ്ക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആപ്പിളിനേക്കാള്‍ ഇക്കാര്യത്തില്‍ അവയുടെ സംഭാവന വളരെ കുറവാണ്. സാംസങ് ഇപ്പോഴും ഉത്പാദനത്തിന്‍റെ ഭൂരിഭാഗവും വിയറ്റ്‌നാമിലാണ് നടത്തുന്നത്. മോട്ടറോളയുടെ വിതരണ ശൃംഖലയും പ്രധാനമായും ചൈനയിലാണ് വേരൂന്നിയിരിക്കുന്നത്.