ഇന്ത്യയുടെ വളർച്ച മുന്നോട്ടുതന്നെ

ആഗോള സമ്പദ് വ്യവസ്ഥയിൽ ചൈനയ്ക്ക് ബദലായുള്ള ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറാനുള്ള സാധ്യതയും വർധിക്കുന്നു
Representative image for India
Representative image for IndiaImage by grmarc on Freepik

ബിസിനസ് ലേഖകൻ

കൊച്ചി: സേവന, ധനകാര്യ മേഖലകളിലെ മികച്ച പ്രകടനത്തിന്‍റെ കരുത്തില്‍ അടുത്ത രണ്ടു സാമ്പത്തിക വര്‍ഷങ്ങളില്‍ ഇന്ത്യയുടെ വളര്‍ച്ച ശക്തമായി മുന്നോട്ടുപോകുമെന്ന് പ്രമുഖ ആഗോള ധനകാര്യ എസ് ആന്‍ഡ് പി ഗ്ലോബല്‍.

ചൈനയ്ക്ക് ബദലായുള്ള ഉത്പാദന കേന്ദ്രമായി ഇന്ത്യ മാറാനുള്ള സാധ്യതയും സാമ്പത്തിക രംഗത്ത് വന്‍ പ്രതീക്ഷ സൃഷ്ടിക്കുന്നു. കൊവിഡ് രോഗ വ്യാപനത്തിനുശേഷം പാശ്ചാത്യ രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ചൈനപ്പേടി കൂടിയതോടെ അവിടെ നിന്നും വലിയ തോതില്‍ വ്യവസായ നിക്ഷേപം ഇന്ത്യയിലേക്ക് ഒഴുകുകയാണ്. കമ്പനികളുടെ പ്രവര്‍ത്തനക്ഷമത കൂടുന്നതും സ്ട്രക്ച്ചറല്‍ മാറ്റങ്ങളും റിസ്ക് നേരിടാനുള്ള ശേഷി കൂടുന്നതും ഇന്ത്യയുടെ അനുകൂല ഘടകങ്ങളാണെന്ന് എസ് ആന്‍ഡ് പി ചൂണ്ടിക്കാട്ടുന്നു.

ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ ആഭ്യന്തര മൊത്തം ഉത്പാദനത്തില്‍ (ജിഡിപി) 7.8 ശതമാനം വളര്‍ച്ച നേടിയതിനൊപ്പം രാജ്യത്തെ ഓഹരി, വാഹന, മാനുഫാക്ച്ചറിങ് മേഖലകള്‍ ഉണര്‍വും അനുകൂല ഘടകമാണ്. കഴിഞ്ഞ മാസം രാജ്യത്തെ ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാന സമാഹരണം 1.6 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തിയിരുന്നു.

ഇതോടൊപ്പം രാജ്യത്തെ ഉത്സവ കാലത്തില്‍ വാഹന വിപണിയില്‍ മികച്ച ഉണര്‍വാണ് ദൃശ്യമായത്. പ്രമുഖ വാഹന നിർമാണ കമ്പനികളെല്ലാം കഴിഞ്ഞ മാസം മികച്ച വില്‍പ്പന കൈവരിച്ചിരുന്നു. മാനുഫാക്ച്ചറിങ് മേഖലയിലും ഉത്പാദന ഉണര്‍വ് ദൃശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതോടെ ഇന്ത്യയിലും ഇന്ധന വില സൂചിക താഴുമെന്നാണ് പ്രതീക്ഷ. നാണയപ്പെരുപ്പ സമ്മർദം ഒഴിവാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.7 ശതമാനമായി ഉയരുമെന്നാണ് പ്രമുഖ രാജ്യാന്തര ധനകാര്യ ഏജന്‍സിയായ മൂഡീസ് പ്രവചിക്കുന്നത്. നേരത്തെ 5.5 ശതമാനം വളര്‍ച്ച ഇന്ത്യ നേടുമെന്നാണ് മൂഡീസ് വിലയിരുത്തിയിരുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com