റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ

ഈ മാസം ആദ്യ പകുതിയിൽ ഇന്ത്യ, റഷ്യയിൽ നിന്നു പ്രതിദിനം 18 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്തു.
റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിപ്പിച്ച് ഇന്ത്യ | India increases Russian oil import

നരേന്ദ്ര മോദി, വ്ലാദിമിർ പുടിൻ, ഡോണൾഡ് ട്രംപ്

Updated on

ന്യൂഡൽഹി: മൂന്നു മാസത്തെ ഇടിവിനുശേഷം റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി വീണ്ടും ഉയരുന്നു. ഈ മാസം 15 വരെയുള്ള കണക്കുകളിലാണു എണ്ണ വാങ്ങൽ വീണ്ടും വർധിച്ചത്. ജൂലൈ- സെപ്റ്റംബർ കാലയളവിലെ കുറഞ്ഞിരുന്ന ഉപയോഗം, ദീപാവലി ഉത്സവകാലത്ത് വീണ്ടും ഉയർന്നതോടെയാണ് എണ്ണ ശുദ്ധീകരണശാലകൾ വീണ്ടും സജീവമായത്. റഷ്യൻ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും വിവാദത്തിനു തിരിയിട്ടിരിക്കെയാണ് വിപണിയുടെ നിശബ്ദ മറുപടി. എന്നാൽ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ അളവ് പകുതിയോളം കുറച്ചെന്നാണ് ഇന്നലെയും വൈറ്റ് ഹൗസിന്‍റെ അവകാശവാദം.

റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചെന്ന ട്രംപിന്‍റെ വാദം കഴിഞ്ഞ ദിവസം ഇന്ത്യ തള്ളിയിരുന്നു. ഇന്ത്യയെ നയിക്കുന്നത് രാജ്യതാത്പര്യങ്ങളാണെന്നു റഷ്യയും വ്യക്തമാക്കി. ഇതേച്ചൊല്ലിയുള്ള വിവാദം നിലനിൽക്കെയാണ് ഈ മാസം ആദ്യ പകുതിയിൽ ഇന്ത്യ റഷ്യയിൽ നിന്നു പ്രതിദിനം 18 ലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്തെന്ന കണക്കുകൾ പുറത്തുവന്നത്. ജൂൺ വരെ 20 ലക്ഷം ലിറ്റർ ബാരലായിരുന്നു പ്രതിദിന ഇറക്കുമതി. എന്നാൽ, ജൂലൈ- സെപ്റ്റംബറിൽ ഇത് 16 ലക്ഷം ബാരലായി കുറഞ്ഞിരുന്നു. ഇതാണു വീണ്ടും ഉയർന്നത്.

ചരക്കുകപ്പലുകളുടെ യാത്ര നിരീക്ഷിക്കുന്ന രാജ്യാന്തര ഏജൻസി "കെപ്ലർ' ആണ് ഇന്ത്യയിലേക്കു റഷ്യൻ എണ്ണയുടെ ഇറക്കുമതി വർധിച്ചെന്നു സ്ഥിരീകരിക്കുന്നത്. യുറാൽ ഉൾപ്പെടെ ക്രൂഡ് ഓയിലുകളുടെ വിവിധ ഗ്രേഡുകൾക്ക് ഇന്ത്യയിൽ ആവശ്യമേറിയെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. പടിഞ്ഞാറൻ വിപണിയിൽ ആവശ്യം കുറഞ്ഞു, എളുപ്പത്തിൽ എത്തിക്കാൻ കഴിയുന്നു, റഷ്യ നിരവധി ഇളവുകൾ നൽകി തുടങ്ങിയ ഘടകങ്ങളും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയെ സ്വാധീനിച്ചിട്ടുണ്ട്.

റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാമെന്നു മോദി തന്നോടു നേരിട്ടു സമ്മതിച്ചതായാണു ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. വാദം തള്ളിയ ഇന്ത്യ മോദിയും ട്രംപുമായി അടുത്തകാലത്ത് ഫോൺ സംഭാഷണമുണ്ടായിട്ടില്ലെന്നു വിശദീകരിച്ചിരുന്നു. ട്രംപിന്‍റെ പ്രസ്താവന വെറും സമ്മർദ തന്ത്രം മാത്രമെന്നാണു കെപ്ലറിലെ മുതിർന്ന ഗവേഷകൻ സുമിതി റിത്തോലിയയുടെ വിലയിരുത്തൽ. പെട്ടെന്നൊരു നയം മാറ്റമൊന്നുമല്ല, വ്യാപാര ചർച്ചകളിൽ സമ്മർദത്തിനാണു ട്രംപ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. സാമ്പത്തികവും കരാർബന്ധിതവും തന്ത്രപരവുമായ കാരണങ്ങളാൽ റഷ്യൻ എണ്ണ ഇന്ത്യയുടെ ഊർജ സംവിധാനത്തിൽ ആഴത്തിൽ ഉൾച്ചേർന്നിരിക്കുന്നു. രഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്നു സർക്കാരിനോടു പറയാൻ ഇന്ത്യയുടെ എണ്ണക്കമ്പനികൾക്കു കഴിയില്ലെന്നും റിത്തോലിയ ചൂണ്ടിക്കാട്ടി.

2022 ഫെബ്രുവരിയിൽ യുക്രെയ്‌നുമായി യുദ്ധം തുടങ്ങിയതോടെ റഷ്യയ്ക്കെതിരേ പടിഞ്ഞാറൻ രാജ്യങ്ങൾ ഉപരോധമേർപ്പെടുത്തിയിരുന്നു. ഇതോടെയാണ് ഇന്ത്യയും ചൈനയും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് വർധിപ്പിച്ചത്. 2019- 20ൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 1.7 ശതമാനം മാത്രമായിരുന്നു റഷ്യയിൽ നിന്നുള്ള ഇറക്കുമതി. 2023-24ൽ ഇതു 40 ശതമാനത്തിലെത്തി. നിലവിൽ ഇന്ത്യയുടെ എണ്ണ ദാതാക്കളിൽ പ്രധാന സ്ഥാനമാണു റഷ്യയ്ക്ക്. രണ്ടാം സ്ഥാനം ഇറാഖിനാണ്. പ്രതിദിനം 10.1 ലക്ഷം ബാരൽ ഇറാഖി എണ്ണയാണ് ഇന്ത്യയിലെത്തുന്നത്. സൗദി അറേബ്യയ്ക്കാണു മൂന്നാം സ്ഥാനം- 8.3 ലക്ഷം ബാരൽ. നേരത്തേ യുഎഇയായിരുന്നു നാലാം സ്ഥാനത്ത്. എന്നാൽ, ഇപ്പോൾ 6.47 ലക്ഷം ബാരൽ നൽകുന്ന യുഎസ് മൂന്നാം സ്ഥാനത്തും 3.94 ലക്ഷം ബാരലുമായി യുഎഇ നാലാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ ശരാശരി 34 ശതമാനമാണു റഷ്യൻ എണ്ണയെന്നും മോസ്കോ നൽകുന്ന ഇളവുകൾ ഇതിൽ പ്രധാനമെന്നും റിത്തോലിയ ചൂണ്ടിക്കാട്ടുന്നു.

ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ ഇറക്കുമതിയിലുണ്ടായ ഇടിവിനെക്കുറിച്ച് ധാരാളം ചർച്ചകൾ നടന്നിട്ടുണ്ട്. താരിഫ് ആശങ്കകളെക്കാളേറെ സീസണൽ ഘടകങ്ങൾ, പ്രത്യേകിച്ച് എംആർപിഎൽ, സിപിസിഎൽ, ബിഒആർഎൽ പോലുള്ള പൊതുമേഖലാ റിഫൈനറികളിലെ അറ്റകുറ്റപ്പണികളുടെ വർധനവാണ് ഇതിനു കാരണമായതെന്നും റിത്തോലിയ.

സെപ്റ്റംബറിന്‍റെ തുടക്കം വരെയുള്ള മിക്ക വിതരണ കരാറുകളും 6-10 ആഴ്ച മുമ്പേ തീർച്ചപ്പെടുത്തിയിരുന്നു. അതായത് ജൂലൈ 31 ന് മുമ്പ് തന്നെ ഇടപാടുകൾ തീരുമാനിക്കപ്പെട്ടിരുന്നു. ഇതു പരിഗണിച്ചാൽ ജൂലൈ-സെപ്റ്റംബർ മാസങ്ങളിലെ ഇടിവിന് കാരണം റിഫൈനറി അസംസ്കൃത എണ്ണയുടെ സംസ്കരണത്തോതിലുണ്ടായ കുറവാണെന്നു കാണാം.

ഇന്ത്യൻ റിഫൈനറികൾക്ക് വൈവിധ്യമാർന്ന ക്രൂഡ് ഗ്രേഡുകൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. സാങ്കേതികമായി ഇതിനുള്ള വൈഭവവുമുണ്ട്. എന്നാൽ, സർക്കാർ തയാറാകുമോ എന്നതിനെ മാത്രം ആശ്രയിച്ചായിരിക്കും , റഷ്യൻ ക്രൂഡിൽ നിന്നുള്ള മാറ്റം. "റഷ്യൻ ഇറക്കുമതി കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ളതും ചെലവേറിയതും അപകടസാധ്യതയുള്ളതുമാണെന്നതാണ് യാഥാർഥ്യമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടു. റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുറച്ച്, ഒന്നിലധികം വിതരണക്കാരിലേക്കു തിരിഞ്ഞാൽ കാര്യമായ ഇളവുകളില്ലാത്തതും കയറ്റിറക്കു ചെലവുകൾ വർധിക്കുന്നതുമടക്കം വെല്ലുവിളികൾ നേരിടേണ്ടിവരും. മാർജിനുകൾ ചുരുങ്ങുകയോ ചില്ലറ വിൽപ്പന വില ഉയരുകയോ ചെയ്താൽ, പണപ്പെരുപ്പം, രാഷ്ട്രീയ തിരിച്ചടി, റിഫൈനറികളുടെ ലാഭത്തിലുണ്ടാകുന്ന ഇടിവ് തുടങ്ങിയവയും നേരിടേണ്ടിവരാം. തത്കാലം ഇത്തരമൊരു സാഹസത്തിനു സർക്കാർ തയാറാവില്ലെന്നു തന്നെയാണ് വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com