
ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും.
freepik.com
ന്യൂഡല്‍ഹി: ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് വിലയിരുത്തൽ. ആഗോളതലത്തിലുള്ള അനിശ്ചിതത്വങ്ങളും അമെരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകള്‍ ഉണ്ടായിരുന്നിട്ടു പോലും 2038 ഓടെ 34.2 ട്രില്യണ്‍ യുഎസ് ഡോളര്‍ ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) ഉള്ള വലിയ സമ്പദ്വ്യവസ്ഥയാകാനുള്ള സാധ്യതയാണ് (ഏണസ്റ്റ് & യങ്) റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ 4.19 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ജിഡിപി.
ശക്തമായ സാമ്പത്തിക അടിത്തറ, യുവ ജനസംഖ്യ, സുസ്ഥിരമായ സാമ്പത്തിക സ്ഥിതി എന്നിവയാണ് ഇന്ത്യയുടെ മുന്നേറ്റത്തിനു സഹായകരമാകുന്ന ഘടകങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്.
'ഇവൈ ഇക്കണോമി വാച്ച് ' 2025 ഓഗസ്റ്റ് മാസത്തെ റിപ്പോര്‍ട്ടില്‍ നിലവിലെ വളര്‍ച്ചാ പ്രവണതകള്‍ തുടര്‍ന്നാല്‍ പര്‍ച്ചേസിങ് പവര്‍ പാരിറ്റി (പിപിപി) അടിസ്ഥാനത്തില്‍ 2038 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് വിശദീകരിക്കുന്നത്.
ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളില്‍ ഒന്നാണ് ചൈന. 2030 ആകുമ്പോഴേക്കും പിപിപിയുടെ അടിസ്ഥാനത്തില്‍ ചൈനയുടെ ജിഡിപി 42.2 ട്രില്യണ്‍ ഡോളറിലെത്തുമെന്നു കണക്കാക്കപ്പെടുന്നു. പക്ഷേ, പ്രായമേറുന്ന ജനസംഖ്യയും വര്‍ധിച്ചുവരുന്ന കടബാധ്യതയും ചൈനയ്ക്കു വെല്ലുവിളികള്‍ ഉയർത്തുന്നു.
മറ്റൊരു വൻ സാമ്പത്തികശക്തിയായ അമെരിക്കയ്ക്കാകട്ടെ, ജിഡിപിയുടെ 120 ശതമാനത്തിലധികം കടബാധ്യതയാണ്. ഇതിനു പുറമെ വളര്‍ച്ചയില്‍ മാന്ദ്യവുമുണ്ട്. ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളാകട്ടെ, പുരോഗതിയുണ്ടെങ്കിലും ജനസംഖ്യയുടെ പ്രായം പ്രശ്നമാണ്. മാത്രമല്ല, അവര്‍ ആഗോള വ്യാപാരത്തെ വളരെയധികം ആശ്രയിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
എന്നാല്‍, ഇന്ത്യയില്‍ ആഭ്യന്തര വിപണി വലിയതായതിനാല്‍ ഇന്ത്യയിലുള്ള ആളുകള്‍ സാധനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു. ഇതാകട്ടെ, ആഗോള വ്യാപാരം മന്ദഗതിയിലായാല്‍ പോലും സമ്പദ് വ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കും.
ഇപ്പോള്‍ യുഎസ് ഇന്ത്യയ്ക്കു മേല്‍ അധിക തീരുവ ഏര്‍പ്പെടുത്തിയത് ജിഡിപിയുടെ 0.9 ശതമാനത്തെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഇന്ത്യ കയറ്റുമതിയില്‍ വൈവിധ്യവത്കരണം കൊണ്ടുവരുകയും ആഭ്യന്തര വിപണി വികസിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ യുഎസ് താരിഫ് ഇന്ത്യയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.