വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം!

രൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമായതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് വിലയിരുത്തൽ
വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം! India to face price rise

രൂപയുടെ മൂല്യം കുറയുമ്പോൾ വിലക്കയറ്റം രൂക്ഷമാകും.

MV Graphics - AI

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: രൂപയുടെ മൂല്യത്തകര്‍ച്ച രൂക്ഷമായതോടെ രാജ്യത്ത് വിലക്കയറ്റം രൂക്ഷമാകുമെന്ന് വിലയിരുത്തൽ. ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങള്‍, വൈദ്യുത വാഹനങ്ങള്‍, സ്വര്‍ണം - വെള്ളി ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ വില വർധിപ്പിക്കാന്‍ നിർമാതാക്കൾ ആലോചിക്കുന്നു. ഡോളര്‍ ശക്തിയാര്‍ജിച്ചതോടെ ഉയരുന്ന ഉത്പാദനച്ചെലവിന്‍റെ ഒരു ഭാഗം ഉപയോക്താക്കള്‍ക്കു മേൽ ചുമത്താൻ കമ്പനികൾ നിര്‍ബന്ധിതമാകും.

രൂപയുടെ മൂല്യത്തകര്‍ച്ച മാത്രമല്ല, ക്രൂഡ് ഓയില്‍ വില കൂടുന്നതും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. ഡോളറിന്‍റ് മൂല്യം കൂടുന്നത് ഇതിന്‍റെ ആക്കം കൂട്ടുകയാണ് ചെയ്യുക. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ഇതോടെ ഇന്ധന വില വർധിപ്പിക്കാൻ കേന്ദ്ര സർക്കാരിനു മേൽ സമ്മർദം തുടങ്ങും. ആഭ്യന്തര വിപണിയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ ആഗോള ക്രൂഡ് ഓയില്‍ വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ച് മാറ്റം വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിലവിൽ അനുവദിച്ചിട്ടില്ല. അതിനാൽ, പെട്രോള്‍ - ഡീസല്‍ വില്‍പ്പനയിലൂടെ ഡീലർമാർക്കു കിട്ടുന്ന മാര്‍ജിന്‍ കുത്തനെ കുറയുകയാണ്. പാചക വാതകത്തിന്‍റെ വില്‍പ്പനയില്‍ നിലവില്‍ സിലിണ്ടറിന് 100 രൂപയ്ക്കടുത്ത് വില്‍പ്പന നഷ്ടമാണ് കമ്പനികള്‍ നേരിടുന്നത്.

പുതിയ സാഹചര്യത്തില്‍ വൈദ്യുത വാഹനങ്ങള്‍, മൊബൈല്‍ ഫോണുകള്‍, എസി റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ തുടങ്ങിയവയുടെ വില കമ്പനികള്‍ വർധിപ്പിച്ചേക്കും. ഡോളറിന്‍റെ മൂല്യം കൂടുന്നതു കാരണം ഇറക്കുമതിച്ചെലവ് വർധിക്കുന്നതാണ് പ്രധാന വെല്ലുവിളി. നടപ്പുവര്‍ഷം ഇതുവരെ ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ അഞ്ച് ശതമാനം ഇടിവുണ്ടായിക്കഴിഞ്ഞു. ഇതുമൂലമുണ്ടായ അധികച്ചെലവിന്‍റെ ബാധ്യത ഉപയോക്താക്കള്‍ക്കു മേൽ ചുമത്തുന്നതോടെ, ജിഎസ്‌ടി ഇളവിലൂടെ ലഭിച്ച ആനുകൂല്യങ്ങൾ ഫലത്തിൽ അപ്രസക്തമാകും.

ഇതിനിടെ, വ്യാഴാഴ്ചത്തെ വിനിമയത്തിൽ, രൂപയുടെ മൂല്യം വീണ്ടും റെക്കോഡ് താഴ്ച നേരിട്ടിരുന്നു. എന്നിട്ടും, പൊതുമേഖലാ ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് വലിയ തോതില്‍ വിപണിയില്‍ ഡോളര്‍ വിറ്റഴിച്ചതോടെ രൂപ ഇന്നലെ 22 പൈസ നേട്ടത്തോടെ 89.98ല്‍ അവസാനിച്ചു. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയായ 90.41 വരെ എത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് കേന്ദ്ര ബാങ്ക് വിപണിയില്‍ നേരിട്ട് ഇടപെട്ടത്.

വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം! India to face price rise
ഇടിയുന്ന രൂപ, മുങ്ങുന്ന രാജ്യം

എന്നാൽ, ഇത്തരം ഇടപെടലുകൾ താത്കാലിക ആശ്വാസത്തിനു മാത്രമേ ഉപകരിക്കൂ എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡ് ഓയില്‍ വിലയിലെ കുതിപ്പും രൂപയ്ക്കു മേൽ സമ്മർദം വർധിപ്പിക്കുകയാണ്.

വെള്ളിയാഴ്ച പ്രഖ്യാപിക്കുന്ന റിസര്‍വ് ബാങ്കിന്‍റെ ധന നയം വിദേശ നാണയ വിപണി അതീവ ശ്രദ്ധയോടെ കാത്തിരിക്കുകയാണ്. മുഖ്യ പലിശ നിരക്കായ റിപ്പോ കാല്‍ ശതമാനം കുറച്ചാല്‍ രൂപയുടെ മൂല്യയിടിവ് ശക്തമാകും. പലിശ നിരക്ക് വർധിപ്പിച്ചാൽ കേന്ദ്ര സർക്കാരിന്‍റെ നയ വ്യതിയാനമായി മാറുകയും ചെയ്യും. പലിശ നിരക്ക് വർധന വായ്പാ തിരിച്ചടവുകൾ വർധിക്കാനും കാരണമാകും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com