ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

ഇന്ത്യ യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും പ്രധാന വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുന്നതിന് വളരെ അടുത്താണെന്ന് ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍
India - US, EU trade deals soon

വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍.

Updated on

ന്യൂഡല്‍ഹി: ഇന്ത്യ യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും (ഇയു) പ്രധാന വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുന്നതിന് വളരെ അടുത്താണെന്ന് ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ വ്യാഴാഴ്ച പറഞ്ഞു. യുഎസിലേക്കു വരുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ന്ന തീരുവ ചുമത്തിയ സാഹചര്യത്തിലാണു ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതേസമയം ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ എപ്പോള്‍ പ്രഖ്യാപിക്കുമെന്ന കാര്യത്തില്‍ കൃത്യമായൊരു ഉത്തരം നല്‍കിയില്ല.

ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, ഡെപ്യൂട്ടി യുഎസ്ടിആര്‍ റിക്ക് സ്വിറ്റ്‌സര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള യുഎസ് ഉദ്യോഗസ്ഥരുടെ സംഘം 2025 ഡിസംബര്‍ 10ന് പിയൂഷ് ഗോയലിനെയും പിറ്റേ ദിവസം രാജേഷ് അഗര്‍വാളിനെയും കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇന്ത്യന്‍ ഇറക്കുമതിക്ക് യുഎസ് 50% തീരുവ ഏര്‍പ്പെടുത്തിയിട്ടും, യുഎസിലേക്കുള്ള കയറ്റുമതി ഇപ്പോഴും പോസിറ്റീവ് ട്രെന്‍ഡ് നിലനിര്‍ത്തിയിട്ടുണ്ട്.

2025 ഡിസംബറില്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 7.01 ബില്യണ്‍ ഡോളറിന്‍റേതായിരുന്നു. ഇതിനുള്ള കാരണം ഇലക്‌ട്രോണിക്‌സ്, ഫാര്‍മ തുടങ്ങിയ ചില പ്രധാന ഉത്പന്നങ്ങള്‍ക്ക് കനത്ത തീരുവ ചുമത്തുന്നില്ലെന്നതാണ്. അതേസമയം ഇയുമായുള്ള ചര്‍ച്ചകള്‍ വ്യത്യസ്തമാണെന്നു വാണിജ്യ സെക്രട്ടറി പറഞ്ഞു. യൂറോപ്യന്‍ യൂണിയനുമായുള്ളത് ഒരു സ്വതന്ത്ര വ്യാപാര കരാറാണെന്നും വെറുമൊരു ഉഭയകക്ഷി കരാറല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാറിലെ 24 അധ്യായങ്ങളില്‍ കുറഞ്ഞത് 20 എണ്ണമെങ്കിലും അന്തിമമാക്കിയിട്ടുണ്ടെന്നും ഇരുപക്ഷവും ദൈനംദിന അടിസ്ഥാനത്തില്‍ കരാറിന്‍റെ കാര്യങ്ങള്‍ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 27നാണ് ഇന്ത്യ-ഇയു ഉച്ചകോടി നിശ്ചയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് അന്‍റോണിയോ ലൂയിസ് സാന്‍റോസ് ഡാ കോസ്റ്റയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്‍റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും ജനുവരി 25 മുതല്‍ 27 വരെ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്.

ജനുവരി 26ന് നടക്കുന്ന ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥികളായി ഇവര്‍ പങ്കെടുക്കുന്നുണ്ട്. 27ന് നടക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഇരു നേതാക്കളും അധ്യക്ഷത വഹിക്കും.

കഴിഞ്ഞ ആഴ്ച കേന്ദ്ര വാണിജ്യ വ്യവസായമന്ത്രി പിയൂഷ് ഗോയലിന്‍റെ ബ്രസ്സല്‍സ് സന്ദര്‍ശനം ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകളില്‍ നിര്‍ണായകമായ ഒരു ചുവടുവയ്പ്പായിരുന്നു. ഗോയല്‍ വ്യാപാര, സാമ്പത്തിക സുരക്ഷാ കമ്മീഷണര്‍ മാരോസ് സെഫ്‌കോവിച്ചുമായിട്ടാണു കൂടിക്കാഴ്ച നടത്തിയത്. തീര്‍പ്പു കല്‍പ്പിക്കാത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും കരാര്‍ വേഗത്തിലാക്കുന്നതിനുമുള്ള സംഘങ്ങള്‍ക്ക് ഇരുവരും മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com