ഇന്ത്യ 100 ടൺ സ്വർണം പിൻവലിച്ചു

1991ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്തിനു ശേഷം ഇതാദ്യമാണു റിസര്‍വ് ബാങ്ക് വിദേശത്തെ സ്വര്‍ണ നിക്ഷേപം പിന്‍വലിക്കുന്നത്
India withdraws 100 tones of gold reserve
ഇന്ത്യ 100 ടൺ സ്വർണം പിൻവലിച്ചുRepresentative image

മുംബൈ: വിദേശത്തെ സ്വര്‍ണനിക്ഷേപത്തില്‍ നിന്ന് ഇന്ത്യ 100 ടണ്‍ സ്വര്‍ണം പിന്‍വലിച്ചു. ലണ്ടനിലെ ബ്രിട്ടീഷ് കേന്ദ്രബാങ്കായ ബാങ്ക് ഒഫ് ഇംഗ്ലണ്ടില്‍ നിക്ഷേപിച്ചിരുന്ന സ്വര്‍ണത്തിന്‍റെ ഒരു ഭാഗമാണു റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ തിരിച്ചെയെത്തിച്ചത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്വര്‍ണം പിന്‍വലിച്ചേക്കുമെന്നു റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍.

1991ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്തിനു ശേഷം ഇതാദ്യമാണു റിസര്‍വ് ബാങ്ക് വിദേശത്തെ സ്വര്‍ണ നിക്ഷേപം പിന്‍വലിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നു വിദേശനാണ്യശേഖരം ഇടിഞ്ഞ 1991ല്‍ സ്വര്‍ണം വിദേശത്തു പണയം വച്ചിരുന്നു. 2024 മാര്‍ച്ചിലെ കണക്കുപ്രകാരം റിസര്‍വ് ബാങ്കിന്‍റെ മൊത്തം കരുതല്‍ സ്വര്‍ണ ശേഖരം 822 ടണ്ണാണ്. ഇതില്‍ 413.79 ടണ്‍ സ്വര്‍ണം വിദേശത്താണ് സൂക്ഷിച്ചിരിക്കുന്നത്.

കേന്ദ്ര ബാങ്കിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം, 308 മെട്രിക് ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ പുറത്തിറക്കിയ കറന്‍സി നോട്ടുകളുടെ പിന്‍ബലമായി സൂക്ഷിച്ചിരിക്കുന്നത്. അതേസമയം 100.28 ടണ്‍ പ്രാദേശികമായി ബാങ്കിങ് വകുപ്പിന്‍റെ ആസ്തിയായും സൂക്ഷിച്ചിട്ടുണ്ട്.

റിസര്‍വ് ബാങ്കിന് ഇന്ത്യയിലേക്ക് സ്വര്‍ണം കൊണ്ടുവരാന്‍ നികുതിയൊഴിവുണ്ടെങ്കിലും പൂര്‍ണമായും ജിഎസ്ടി അടച്ചാണ് ഇപ്പോള്‍ സ്വര്‍ണം തിരിച്ചെത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്‍വലിച്ച സ്വര്‍ണ ശേഖരം അതീവ സുരക്ഷയോടെ മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

വിദേശ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ കുറഞ്ഞ ചെലവില്‍ ഇന്ത്യയില്‍ തന്നെ സ്വര്‍ണം സൂക്ഷിക്കാമെന്നതാണ് ഇതു തിരികെക്കൊണ്ടുവരാനുള്ള കാരണം. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയിന്മേലുള്ള റിസര്‍വ് ബാങ്കിന്‍റെ വിശ്വാസമാണെന്നും വിലയിരുത്തലുണ്ട്. കരുതല്‍ വിദേശ ശേഖരം കഴിവതും ഇന്ത്യയില്‍ തന്നെ സൂക്ഷിക്കാനുള്ള റിസര്‍വ് ബാങ്കിന്‍റെ തീരുമാനവും ഈ നീക്കത്തിന് പിന്നിലുണ്ട്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com