
ബിസിനസ് ലേഖകൻ
കൊച്ചി: ഒരാഴ്ചയ്ക്കിടെ അമെരിക്കയിലെ രണ്ട് പ്രമുഖ ബാങ്കുകള്‍ തകര്‍ച്ച നേരിട്ടതോടെ ഇന്ത്യന്‍ ബാങ്കിങ് മേഖലയും കലുഷിതമാകുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ തോതില്‍ ഫണ്ടിങ് നടത്തിയ സിലിക്കണ്‍വാലി ബാങ്കും ന്യൂയോര്‍ക്ക് ആസ്ഥാനമായ വാണിജ്യ ബാങ്കായ സിഗ്നേച്ചര്‍ ബാങ്കുമാണ് റെഗുലേറ്റര്‍ ഇടപെട്ട് അടച്ചത്.
40 വര്‍ഷം പഴക്കമുള്ള സിലിക്കണ്‍ വാലി ബാങ്ക് കേവലം 72 മണിക്കൂര്‍ കൊണ്ടാണ് തകര്‍ന്നത്. 2008ലെ അമെരിക്കന്‍ ബാങ്കിങ് പ്രതിസന്ധിക്ക് സമാനമായ സാഹചര്യത്തിലേക്ക് ലോകം നീങ്ങുമോയെന്ന ആശങ്കയാണ് ഇന്ത്യന്‍ നിക്ഷേപകര്‍ക്കുമുള്ളത്. അമെരിക്കയിലെ തകര്‍ന്ന ബാങ്കുകളുമായി ഇന്ത്യന്‍ ബാങ്കിങ് രംഗത്തിന് കാര്യമായ ഇടപാടുകളൊന്നുമില്ലെങ്കിലും നിക്ഷേപകരുടെയും ഉപയോക്താക്കളുടെയും ആത്മവിശ്വാസത്തിന് ഇടിവുണ്ടാകാന്‍ സാധ്യതയേറെയാണെന്ന് ദുബായ് ആസ്ഥാനമായ ധനകാര്യ കണ്സള്ട്ടര്സി സാറ്റിന്റെ മുഖ്യ പാര്‍ട്ട്ണറും ധനകാര്യ വിദഗ്ധനുമായ ടോണി ചാതേലില് പറയുന്നു. 2008ലെ അമെരിക്കന്‍ ധന പ്രതിസന്ധി ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖലയില്‍ വന്‍ തിരിച്ചടി സൃഷ്ടിച്ചിരുന്നു.
തുടര്‍ച്ചയായി ബോംബെ ഓഹരി സൂചിക കഴിഞ്ഞ മൂന്ന് വ്യാപാര ദിനങ്ങളിലായി 2000 പോയിന്റിലധികം ഇടിവ് നേരിട്ടിരുന്നു. രാജ്യത്തെ മുന്‍നിര ബാങ്കുകളുടെയെല്ലാം ഓഹരികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, കൊട്ടക് ബാങ്ക്, എസ്ബിഐ, എസ്ഐബി തുടങ്ങിയ ബാങ്കുകളുടെയെല്ലാം ഓഹരികള്‍ നിക്ഷേപകര്‍ വന്‍ തോതില്‍ വിറ്റുമാറി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബാങ്കിങ് ഓഹരി സൂചികയില്‍ എട്ടു ശതമാനത്തിനടുത്ത് ഇടിവാണ് ദൃശ്യമായത്.
ഇന്ത്യന്‍ ബാങ്കുകളുടെ നിക്ഷേപങ്ങളില്‍ നല്ലൊരു ശതമാനവും റീട്ടെയ്ൽ ഉപയോക്താക്കളുടെയും സാലറീഡ് ക്ലാസിന്റേതുമായതിനാല് ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ കാര്യമായി ഈ മേഖലയെ ബാധിക്കില്ലെന്ന് കൊച്ചിയിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ബിജു നാരായണന് പറയുന്നു. വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ബാങ്കിങ് രംഗം സിസ്റ്റമാറ്റിക്കലായി മാനെജ് ചെയ്യുന്നതും നിക്ഷേപകരുടെ സുരക്ഷിതത്വം പരമാവധി ഉറപ്പുവരുത്തുന്നതാണ്. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെടാതിരിക്കാന്‍ എല്ലാ വിധ മുന്‍കരുതലുകളും റിസര്‍വ് ബാങ്ക് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം അമെരിക്കന്‍ ബാങ്കിങ് മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് മൂലകാരണം പലിശ നിരക്കിലുണ്ടായ വന്‍ വർധനയാണെന്നും ആരോപണമുണ്ട്. നാണയപ്പെരുപ്പം നേരിടുന്നതിനായി പത്ത് മാസത്തിനിടെ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്ക് ഒരു വര്‍ഷത്തിനിടെ അഞ്ച് ശതമാനത്തിനടുത്ത് ഉയര്‍ത്തിയതിന്റെ പാര്‍ശ്വ ഫലമാണ് ഇപ്പോഴത്തെ ബാങ്കിങ് പ്രതിസന്ധിയെന്നും ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വായ്പകളുടെ പലിശ കുത്തനെ ഉയര്‍ന്നതോടെ ഉപയോക്താക്കളുടെ തിരിച്ചടവ് ശേഷി കുറഞ്ഞതും സാമ്പത്തിക രംഗം മാന്ദ്യത്തിലേക്ക് നീങ്ങിയതുമാണ് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്. സമാനമായ സാഹചര്യം ഇന്ത്യയിലും നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തെ ബാങ്കുകള്‍ക്കും വെല്ലുവിളികള്‍ ഏറെയാണെന്ന് കൊച്ചിയിലെ പ്രമുഖ കണ്‍സള്‍ട്ടിങ് സ്ഥാപനത്തിലെ പാര്‍ട്ട്ണര്‍ രശ്മി ജി. നായര്‍ പറയുന്നു.