
ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള ധനകാര്യ മേഖല കടുത്ത അനിശ്ചിതത്വത്തിൽ ആടിയുലയുമ്പോഴും തലയെടുപ്പോടെ ഇന്ത്യൻ ബാങ്കുകൾ നിവർന്നു നിൽക്കുന്നു. വായ്പാ വിതരണം മുതൽ കിട്ടാക്കടങ്ങൾ ഗണ്യമായി കുറയ്ക്കുന്നതുൾപ്പെടെയുള്ള മേഖലകളിൽ അസൂയാർഹമായ പ്രകടനമാണ് പൊതുമേഖലാ ബാങ്കുകൾ ഉൾപ്പെടെയുള്ള ബാങ്കുകൾ കഴിഞ്ഞ 4 വർഷമായി കാഴ്ചവയ്ക്കുന്നതെന്ന് റിസർവ് ബാങ്കിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
കൊവിഡ് രോഗവ്യാപനത്തിനു ശേഷം അതിശക്തമായി വളർച്ചയിലേക്ക് മടങ്ങിയെത്തിയ രാജ്യത്തെ ബാങ്കിങ് മേഖല മൊത്തം വരുമാനവും ലാഭവും ഗണ്യമായി ഉയർത്തുകയാണ്. ഇതോടൊപ്പം കിട്ടാക്കടങ്ങൾ ഗണ്യമായി കുറയ്ക്കാനും ബാങ്കുകൾക്ക് കഴിഞ്ഞു. മികച്ച അച്ചടക്കത്തോടെ കാര്യക്ഷമമായി പ്രവർത്തിച്ചതാണ് ഇന്ത്യൻ ബാങ്കിങ് മേഖലയുടെ അടിത്തറ ശക്തമാകാൻ സഹായിച്ചതെന്ന് പ്രമുഖ പൊതു മേഖലാ ബാങ്കിന്റെ കേരളത്തിലെ ഉയർന്ന ഉദ്യോഗസ്ഥൻ പറയുന്നു.
എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ വമ്പൻ ബാങ്കുകൾ മുതൽ കേരളം ആസ്ഥാനമായ ഫെഡറൽ ബാങ്കും കാത്തലിക് സിറിയൻ ബാങ്കും വരെ കഴിഞ്ഞ 2 വർഷത്തിനിടെ മൊത്തം ബിസിനസിലും ലാഭത്തിലും മികച്ച വളർച്ചയുമായി മിന്നുന്ന പ്രകടനം കാഴ്ച വച്ചു. നാണയപ്പെരുപ്പം നേരിടാൻ കഴിഞ്ഞ ഒരു വർഷത്തിനിടെ 6 തവണയായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് 2.5 ശതമാനം വർധിപ്പിച്ചെങ്കിലും വായ്പാ വിതരണത്തിലും വരുമാന വളർച്ചയിലും തുടർച്ചയായി മുന്നേറ്റം നേടാൻ സ്വകാര്യ ബാങ്കുകൾക്ക് കഴിഞ്ഞുവെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
പൊതു മേഖലാ ബാങ്കുകളാണ് ഇക്കാലയളവിൽ സമസ്ത രംഗങ്ങളിലും അനന്യമായ പ്രകടനം കാഴ്ച വച്ചത്. റിസർവ് ബാങ്കിന്റെ കണക്കുകളനുസരിച്ച് പൊതു മേഖലാ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കഴിഞ്ഞ 4 വർഷത്തിനിടെ കുത്തനെ കുറയുകയാണ്. കേന്ദ്ര ധനമന്ത്രാലയവും റിസർവ് ബാങ്കും സ്വീകരിച്ച കർശന നിലപാടുകൾ മൂലം പൊതു മേഖലാ ബാങ്കുകളുടെ കിട്ടാക്കടം 2018 മാർച്ചിൽ 14.6 ശതമാനമായിരുന്നത് കഴിഞ്ഞ വർഷം ഡിസംബർ 31 ന് 5.53 ശതമാനമായാണ് കുത്തനെ കുറഞ്ഞത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എല്ലാ പൊതു മേഖലാ ബാങ്കുകളുടെയും സഞ്ചിത ലാഭം 66,543 കോടി രൂപയാണ്. എന്നാൽ നടപ്പു സാമ്പത്തിക വർഷം ആദ്യ 9 മാസത്തിനിടെ തന്നെ മൊത്തം ലാഭം 70,156 കോടി രൂപയായി ഉയർത്താൻ രാജ്യത്തെ പൊതു മേഖലാ ബാങ്കുകൾക്ക് സാധിച്ചു. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം പൊതുമേഖലാ ബാങ്കുകളെല്ലാം ചേർന്ന് ഒരു ലക്ഷം കോടി രൂപയുടെ ലാഭം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.