ബാങ്കുകൾക്ക് റെക്കോഡ് അറ്റാദായം

ഇക്കാലയളവില്‍ 26 സ്വകാര്യ ബാങ്കുകളുടെ അറ്റാദായം 41 ശതമാനം ഉയര്‍ന്ന് 1.78 ലക്ഷം കോടി രൂപയായി
ബാങ്കുകൾക്ക് റെക്കോഡ് അറ്റാദായം

കൊച്ചി: മൂന്ന് ലക്ഷം കോടി രൂപയിലധികം അറ്റാദായം നേടി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ബാങ്കുകള്‍ റെക്കോഡ് പ്രകടനം കാഴ്ചവെച്ചു.

രാജ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത പൊതുമേഖല, സ്വകാര്യ ബാങ്കുകളുടെ സംയോജിത ലാഭത്തില്‍ 2023-24 വര്‍ഷത്തില്‍ 39 ശതമാനം വർധനയാണുണ്ടായത്. മുന്‍വര്‍ഷം ബാങ്കുകളുടെ മൊത്തം അറ്റാദായം 2.2 ലക്ഷം കോടി രൂപയായിരുന്നു. അവലോകന കാലയളവില്‍ 34 ശതമാനം 1.4 ലക്ഷം കോടി രൂപ കവിഞ്ഞു. 2018 സാമ്പത്തിക വര്‍ഷത്തില്‍ 85,390 കോടി രൂപയുടെ നഷ്ടമാണ് പൊതുമേഖല ബാങ്കുകള്‍ നേരിട്ടത്.

പ്രമുഖ ബാങ്കുകളില്‍ ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, ഇന്ത്യന്‍ ബാങ്ക് എന്നിവ 50 ശതമാനത്തിലധികം അറ്റാദായം കൈവരിച്ചു. പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക് ഒഴികെയുള്ള 11 ബാങ്കുകളും ലാഭത്തില്‍ വർധന കൈവരിച്ചു. ഇക്കാലയളവില്‍ 26 സ്വകാര്യ ബാങ്കുകളുടെ അറ്റാദായം 41 ശതമാനം ഉയര്‍ന്ന് 1.78 ലക്ഷം കോടി രൂപയായി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകള്‍ തുടര്‍ച്ചയായി 2.5 ശതമാനം വർധിപ്പിച്ച് 6.5 ശതമാനമാക്കിയതാണ് ബാങ്കുകളുടെ അറ്റാദായം കൂടാന്‍ ഇടയാക്കിയത്. റിപ്പോ നിരക്ക് കൂടിയതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളെടുത്തവരുടെ പലിശ ബാധ്യതയില്‍ രണ്ടര മുതല്‍ നാല് ശതമാനം വരെ വർധനയാണുണ്ടായത്. വായ്പകളുടെ പലിശ കുത്തനെ വർധിപ്പിച്ചെങ്കിലും ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശയില്‍ സമാനമായ മാറ്റം വരുത്തിയിരുന്നില്ല. ഇതോടൊപ്പം ആഗോള ഫണ്ടുകളില്‍ അധിക തുക കുറഞ്ഞ നിരക്കില്‍ സമാഹരിക്കാനായതും ബാങ്കുകളുടെ ലാഭക്ഷമത ഉയര്‍ത്തി.

2024 സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം കോടി രൂപയിലധികം അറ്റാദായം നേടിയ ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ നേട്ടം അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്‍ഡിഎ അധികാരത്തിലെത്തുമ്പോള്‍ അത്യാസന്ന നിലയിലായിരുന്ന ബാങ്കിങ് മേഖലയ്ക്കാണ് മികച്ച നേട്ടമുണ്ടാക്കാന്‍ അവസരമൊരുക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com