
ഇന്ത്യൻ കാറുകളുടെ വില കുത്തനെ കുറയും.
freepik.com
മുംബൈ: കാറുകളുടെയും വാഹന ഘടകങ്ങളുടെയും ജിഎസ്ടി നിരക്ക് കുറച്ചതോടെ ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റെനോ ഇന്ത്യ എന്നിവയുള്‍പ്പെടെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ പാസഞ്ചര്‍ വാഹനങ്ങളുടെ വില വെട്ടിക്കുറച്ചു. ഈ മാസം 22നാണ് നികുതി ഇളവ് പ്രാബല്യത്തില്‍ വരുന്നത്.
കാറുകള്‍ക്ക് നേരത്തേ നികുതിയായി ചുമത്തിയിരുന്നത് 28 ശതമാനമായിരുന്നു. ഇനിമുതല്‍ ഇത് 18 ശതമാനമായിരിക്കും. അതേസമയം, വലിയ കാറുകള്‍ക്കും എസ്‌യുവികള്‍ക്കും 40 ശതമാനം നികുതി നല്‍കേണ്ടി വരും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനമായിരിക്കും ജിഎസ്ടി. നേരത്തെ കാറുകൾക്ക് അഡീഷണല്‍ സെസ് നല്‍കേണ്ടി വന്നതും ഇനി ഉണ്ടാവില്ല.
1500 സിസി വരെയുള്ളതും 4000 മില്ലിമീറ്ററില്‍ താഴെ നീളമുള്ളതുമായ ഡീസല്‍ കാറുകള്‍ക്ക് 18 ശതമാനം നികുതി നല്‍കിയാല്‍ മതിയാവും. അതുപോലെ 350 സിസി വരെയുള്ള മോട്ടോര്‍ബൈക്കുകള്‍ക്ക് 18 ശതമാനം നികുതി നല്‍കിയാല്‍ മതി.
സെപ്റ്റംബര്‍ 6 മുതല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ യാത്രാ വാഹനങ്ങളുടെ വില 1.56 ലക്ഷം രൂപ വരെ കുറയ്ക്കുമെന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു. പാസഞ്ചര്‍ വാഹനങ്ങളുടെ വിലയില്‍ 1,55,000 രൂപ വരെ കുറവ് പ്രഖ്യാപിച്ച ആദ്യത്തെ ഓട്ടോമൊബൈല്‍ നിര്‍മാതാക്കള്‍ ടാറ്റാ മോട്ടോഴ്സാണ്. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ വിലകള്‍ പ്രാബല്യത്തില്‍ വരുമെന്നും കമ്പനി അറിയിച്ചു.
റെനോ ഇന്ത്യയും തങ്ങളുടെ കാറുകളുടെ വില 96,395 രൂപ വരെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ജിഎസ്ടി ഇളവുകളുടെ മുഴുവന്‍ ആനുകൂല്യവും വാഹന നിര്‍മാതാക്കള്‍ ഉപയോക്താക്കള്‍ക്ക് കൈമാറുന്നതിനാല്‍ പുതുക്കിയ നിരക്കുകള്‍ ഉത്സവ സീസണില്‍ ആവശ്യകത വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.