അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നു

ഫെബ്രുവരിയില്‍ ചരക്കു സേവന നികുതി സമാഹരണത്തിലും കാര്‍ വില്‍പ്പനയിലും യുപിഐ ഇടപാടുകളിലും മികച്ച വളര്‍ച്ച നേടാനായതോടെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്
Indian economy surge midst uncertain global scenario

അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിക്കുന്നു

Updated on

കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ക്കിടെയും ഇന്ത്യന്‍ സാമ്പത്തിക മേഖല കരുത്താടെ മുന്നേറുന്നു. ഫെബ്രുവരിയില്‍ ചരക്കു സേവന നികുതി സമാഹരണത്തിലും കാര്‍ വില്‍പ്പനയിലും യുപിഐ ഇടപാടുകളിലും മികച്ച വളര്‍ച്ച നേടാനായതോടെ ഇപ്പോഴത്തെ പ്രതിസന്ധികള്‍ ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്. ഇതോടൊപ്പം രാജ്യത്തെ ധന കമ്മി നിയന്ത്രണ വിധേയമായി നിലനിർത്താനായതും പ്രതീക്ഷ വർധിപ്പിക്കുന്നു. ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ ജിഡിപിയില്‍ 6.2 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു.

ഫെബ്രുവരിയില്‍ ഇന്ത്യയുടെ മൊത്തം ചരക്കു സേവന നികുതി (ജിഎസ്ടി) വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 9.1 ശതമാനം ഉയര്‍ന്ന് 1.84 ലക്ഷം കോടി രൂപയിലേക്കാണ് എത്തിയത്. ജനുവരിയിലെ ജിഎസ്ടി വരുമാനം 1.96 ലക്ഷം കോടി രൂപയായിരുന്നു. തുടര്‍ച്ചയായ പന്ത്രണ്ടാം മാസമാണ് ജിഎസ്ടി വരുമാനം 1.7 ലക്ഷം കോടി രൂപ കവിയുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ നാലാം ത്രൈമാസ കാലയളവില്‍ സാമ്പത്തിക മേഖല മികച്ച ഉണര്‍വ് നേടിയെന്നാണ് ജിഎസ്ടി വരുമാനത്തിലെ വർധന സൂചിപ്പിക്കുന്നത്.

ആഭ്യന്തര വരുമാനം കഴിഞ്ഞ മാസം 10.2 ശതമാനം വർധനയോടെ 1.42 ലക്ഷം കോടി രൂപയിലെത്തി. ഇറക്കുമതി വരുമാനം 5.4 ശതമാനം ഉയര്‍ന്ന് 41,702 കോടി രൂപയായി. ഇക്കാലയളവില്‍ കേന്ദ്ര സര്‍ക്കാരിന് 35,204 കോടി രൂപയും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 43,704 കോടി രൂപയും ജിഎസ്ടി വരുമാനം ലഭിച്ചു. സംയോജിത ജിഎസ്ടി വരുമാനം 90,870 കോടി രൂപയും നഷ്ടപരിഹാര സെസ് 13,868 കോടി രൂപയുമാണ്.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള 10 മാസക്കാലയളവില്‍ ഇന്ത്യയുടെ ധന കമ്മി 11.7 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. സാമ്പത്തിക വര്‍ഷം മൊത്തം ലക്ഷ്യമിടുന്നതിന്‍റെ 74.5 ശതമാനമാണിത്. ഇക്കാലയളവിലെ നികുതി വരുമാനം മൊത്തം ലക്ഷ്യത്തിന്‍റെ 74.4 ശതമാനമായ 19.4 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷം ഇതേ കാലയളവില്‍ നികുതി വരുമാനം 18.8 ലക്ഷം കോടി രൂപയായിരുന്നു.

ആദ്യ 10 മാസ കാലയളവില്‍ ഇന്ത്യയുടെ മൊത്തം ചെലവ് വാര്‍ഷിക ലക്ഷ്യത്തിന്‍റെ 75.7 ശതമാനമായ 35.7 ലക്ഷം കോടി രൂപയാണ്. ഇതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള മൂലധന ചെലവ് 7.57 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ധനകമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 4.8 ശതമാനമായി കുറയുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ വ്യക്തമാക്കിയിരുന്നു.

ഫെബ്രുവരിയില്‍ ഇന്ത്യയിലെ യുപിഐ ഇടപാടുകളുടെ മൂല്യത്തിലും എണ്ണത്തിലും മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ വന്‍ വർധനവുണ്ടായി.

നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് മുന്‍വര്‍ഷം ഇതേ കാലയളവിനേക്കാള്‍ ഇടപാടുകളില്‍ 33 ശതമാനവും മൂല്യത്തില്‍ 20 ശതമാനവും വർധനയുണ്ട്. യുപിഐ ഇടപാടുകള്‍ മുന്‍ മാസത്തേക്കാള്‍ 5 ശതമാനം ഇടിവോടെ 1,611 കോടിയായി. ഇടപാടുകളുടെ മൂല്യം 6.5 ശതമാനം കുറഞ്ഞ് 21.48 ലക്ഷം കോടി രൂപയിലെത്തി. ജനുവരിയില്‍ 23.48 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് നടന്നത്. ഫെബ്രുവരിയില്‍ 28 ദിവസങ്ങള്‍ മാത്രമുള്ളതിനാലാണ് ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും കുറവുണ്ടായത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com