ഉത്സവകാല ഉണർവ് പ്രതീക്ഷിച്ച് റീട്ടെയ്ൽ വിപണി

ഇന്ത്യൻ വിപണിയിൽ ഇതുവരെ ദൃശ്യമാകാത്ത റീട്ടെയ്ൽ യുദ്ധത്തിനാണ് ആമസോണും ഫ്ലിപ്പ് കാർട്ടും മിത്രയും റിലയൻസ് റീട്ടെയ്‌ലും അടക്കമുള്ള പ്രമുഖ കമ്പനികൾ മുന്നൊരുക്കം നടത്തുന്നത്
Representative image
Representative image

കൊച്ചി: മാന്ദ്യ സമാന സാഹചര്യത്തിലൂടെ നീങ്ങുന്ന രാജ്യത്തെ റീട്ടെയ്ൽ വ്യാപാര മേഖല ഉത്സവകാലം മുതലെടുക്കുന്നതിന് ആനുകൂല്യങ്ങളുടെ പെരുമഴ സൃഷ്ടിക്കാൻ തയ്യാറെടുക്കുന്നു. വാഹന നിർമാതാക്കൾ മുതൽ എഫ്എംസിജി, ബാങ്കിങ്, ഡിജിറ്റൽ ഉത്പന്നങ്ങൾ എന്നിവയുടെ വിപണന രംഗത്തുള്ള കമ്പനികൾ വരെ ഉപഭോക്താക്കൾക്ക് വിലക്കിഴിവും സമ്മാനങ്ങളും അധിക സേവനങ്ങളും ഒരുക്കുന്നു. മഹാനവമി മുതൽ ദീപാവലി വരെ നീളുന്ന കാലയളവിൽ സംഘടിത റീട്ടെയ്ൽ വിപണിയിൽ 50,000 കോടി രൂപയുടെ അധിക വിൽപ്പനയാണ് പ്രമുഖ ബ്രാൻഡുകൾ ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിൽ ഇതുവരെ ദൃശ്യമാകാത്ത റീട്ടെയ്ൽ യുദ്ധത്തിനാണ് ആമസോണും ഫ്ലിപ്പ് കാർട്ടും മിത്രയും റിലയൻസ് റീട്ടെയ്‌ലും അടക്കമുള്ള പ്രമുഖ കമ്പനികൾ മുന്നൊരുക്കം നടത്തുന്നതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഇതിന്‍റെ ഭാഗമായി ആമസോണും ഫ്ലിപ്പ് കാർട്ടും മിത്രയുമെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ വൻ ഓഫറുകൾ പ്രഖ്യാപിച്ചിരുന്നു. ഇ കൊമേഴ്സ് മേഖലയിലെ റീട്ടെയ്ൽ ഭീമന്മാർ ഇത്തവണത്തെ ഉത്സവ കാലത്ത് ഒരു ലക്ഷം കോടി രൂപയുടെ വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. മുൻവർഷത്തേക്കാൾ 20 ശതമാനം വർധന വിൽപ്പനയിൽ നേടാനാകുമെന്നും അവർ പ്രതീക്ഷിക്കുന്നു.

അസംഘടിത ചെറുകിട വ്യാപാരികളുടെ വിപണി വിഹിതം ഗണ്യമായി കുറച്ച് വൻകിട കോർപ്പറേറ്റ് റീട്ടെയ്ൽ ശ്യംഖലകൾ ഈ മേഖലയിൽ പിടിമുറുക്കുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച വളർച്ചാ നിരക്കാണ് ഇന്ത്യൻ റീട്ടെയ്ൽ വ്യാപാര വിപണിയിൽ ദൃശ്യമാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മുൻ നിര കോർപ്പറേറ്റ് ഗ്രൂപ്പുകളെല്ലാം റീട്ടെയ്ൽ വിപണിയിൽ ശ്രദ്ധ പതിപ്പിച്ചതോടെ വൻകിട നഗരങ്ങൾക്കൊപ്പം ചെറു പട്ടണങ്ങളിൽ വരെ വലിയ റീട്ടെയ്ൽ വ്യാപാര ശ്യംഖലകൾ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇന്ത്യൻ റീട്ടെയിൽ വ്യാപാര വിപണിയുടെ വലുപ്പം 2031 ൽ രണ്ടു ലക്ഷം കോടി ഡോളർ കവിയുമെന്ന് കൊച്ചിയിലെ പ്രമുഖ അനലിസ്റ്റായ വിനോദ് കുമാർ പറയുന്നു.

നിലവിൽ രാജ്യത്തെ മൊത്തം വ്യാപാരത്തിന്‍റെ 83 ശതമാനവും അസംഘടിതരായ വ്യക്തിഗത കച്ചവടക്കാരുടെ കൈവശമാണ്. എന്നാൽ കഴിഞ്ഞ നാലു വർഷമായി തുടർച്ചയായി വൻകിട റീട്ടെയ്‌ൽ കമ്പനികൾ വിപണി വിഹിതം മെച്ചപ്പെടുത്തുകയാണ്. പുതിയ സാങ്കേതിക വിദ്യകളുടെ വരവും വൻകിട . കമ്പനികളുടെ പണക്കരുത്തിൽ സംഘടിത റീട്ടെയ്ൽ ശ്യംഖലകൾ രാജ്യമൊട്ടാകെ വ്യാപകമായി ഷോപ്പുകൾ ആരംഭിച്ചതും ഈ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. എഫ്എംസിജി ഉത്പന്നങ്ങൾ, ബ്രാൻഡഡ് തുണിത്തരങ്ങൾ, ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, കംപ്യൂട്ടറുകൾ തുടങ്ങിയവയുടെ റീട്ടെയ്ൽ വ്യാപാരത്തിൽ രാജ്യത്തെ മുൻ നിര കോർപ്പറേറ്റ് ഗ്രൂപ്പുകളായ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ സൺസ്, ആദിത്യ ബിർള തുടങ്ങിയവരെയെല്ലാം വൻ നിക്ഷേപമാണ് ഒഴുക്കുന്നത്. ഇവരോടൊപ്പം ആഗോള റീട്ടെയ്ൽ ശ്യംഖലകളായ ആമസോണും വാൾമാർട്ടുമെല്ലാം ചേർന്ന് ഗ്രാമ പ്രദേശങ്ങളിൽ പോലും സ്റ്റോറുകൾ തുറക്കുന്നതിനാൽ അസംഘടിത വ്യാപാരികളുടെ വിപണി വിഹിതം തുടർച്ചയായി താഴുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ രാജ്യത്തെ സംഘടിത റീട്ടെയിൽ വ്യാപാരികളുടെ വിപണി 84, 400 കോടി ഡോളറാണ്. പ്രതിവർഷം പത്ത് ശതമാനം വളർച്ചയാണ് ശരാശരി കഴിഞ്ഞ വർഷങ്ങളിൽ വൻകിട റീട്ടെയ്ൽ മേഖല കൈവരിച്ചത്.

അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പുതിയ സാങ്കേതിക വിദ്യകളിലേക്ക് മാറാനുള്ള മടിയും മൂലം അസംഘടിത വ്യക്തിഗത വ്യാപാരികളേറെയും സാവധാനം ഈ രംഗത്ത് നിന്ന് പിന്മാറുകയാണെന്ന് റീട്ടെയ്ൽ വിപണി അനലിസ്റ്റായ സെബാസ്റ്റ്യൻ തോമസ് പറയുന്നു. ഉത്പന്നങ്ങൾ നേരിട്ട് ഉത്പാദകരിൽ നിന്ന് വാങ്ങാൻ കഴിയുന്ന പണക്കരുത്തും ഉയർന്ന പർച്ചേസിംഗ് ശേഷിയും വൻകിട റീട്ടെയ്‌ലേഴ്സിന്റെ മത്സര ശേഷി ഉയർത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈസസിങ് നിയമങ്ങളിലെ സങ്കീർണതയും സിംഗിൾ ഔട്ട് ലെറ്റുകൾ മാനേജ് ചെയ്യുന്നതിന് വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. പുതിയ സാഹചര്യത്തിൽ ഒരു ചെറിയ ഷോപ്പ് നടത്തുന്നതിന് പോലും പല വകുപ്പുകളുടെ അനുമതി പത്രം വാങ്ങിയാൽ മാത്രമേ ലൈസൻസ് ലഭിക്കൂവെന്ന സ്ഥിതിയാണെന്നും ഈ രംഗത്തുള്ളവർ പറയുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com