രൂപ റെക്കോഡ് താഴ്ചയിൽ

റിസർവ് ബാങ്ക് തുടർച്ചയായി ഡോളർ വിറ്റഴിച്ചെങ്കിലും കാര്യമായി ഗുണം ചെയ്തില്ല.
indian rupee drops At a record low
indian rupee drops At a record low

കൊച്ചി: ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വലിയ തോതിൽ പണം പിൻവലിച്ചതിനൊപ്പം രാജ്യാന്തര വിപണിയിൽ ഡോളർ ശക്തിയാർജിച്ചതോടെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി. ഇന്ത്യൻ സാമ്പത്തിക മേഖല മികച്ച വളർച്ച കാഴ്ചവെക്കുകയാണങ്കിലും ആഗോള ധനകാര്യ രംഗത്തെ അനിശ്ചിതത്വങ്ങളാണ് രൂപയ്ക്ക് സമ്മർദം സൃഷ്ടിക്കുന്നത്. ഇന്നലെ വ്യാപാരാന്ത്യത്തിൽ അമേരിക്കൻ ഡോളറിനെതിരേ രൂപ 83.34 ലാണ് അവസാനിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രൂപയുടെ മൂല്യത്തിൽ 0.2 ശതമാനം ഇടിവാണുണ്ടായത്.

രൂപയ്ക്ക് പിന്തുണ പകരാനായി റിസർവ് ബാങ്ക് തുടർച്ചയായി ഡോളർ വിറ്റഴിച്ചെങ്കിലും കാര്യമായി ഗുണം ചെയ്തില്ല.

ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഓഹരി വിപണിയിലെ തളർച്ചയും ഇന്ത്യൻ രൂപയ്ക്ക് മേൽ സമ്മർദം ശക്തമാക്കുന്നത്. അമെരിക്കയിൽ നാണയപ്പെരുപ്പ നിയന്ത്രണ വിധേയമാകാതെ മുകളിലേക്ക് നീങ്ങുന്നതു മൂലം അവിടുത്തെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ വർദ്ധന നടപടികൾ തുടർന്നേക്കുമെന്ന വാർത്തകളെ തുടർന്ന് ലോകത്തിലെ പ്രമുഖ നാണയങ്ങൾക്ക് എതിരേ ഡോളർ കൂടുതൽ ശക്തിയാർജിച്ചു. അമേരിക്കയിൽ ബാങ്ക് നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ ലഭിക്കുന്ന സാഹചര്യത്തിൽ വൻകിട ഹെഡ്ജ് ഫണ്ടുകൾ ഉൾപ്പെടെയുള്ള നിക്ഷേപകർ മറ്റ് വിപണികളിൽ നിന്നും പണം പിൻവലിക്കുകയാണ്. ഇതോടൊപ്പം ചൈനയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യതകളും ഡോളറിന് ശക്തി പകരുന്നു. ഡോളറിനെതിരേ ചൈനീസ് യുവാൻ തുടർച്ചയായി ദുർബലമാകുകയാണ്.

ഹ്രസ്വകാലത്തെ സ്ഥിരതയാർന്ന പ്രകടനത്തിന് ശേഷം അമെരിക്കൻ ഡോളറിനെതിരേ രൂപ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത വിൽപ്പന സമ്മർദമാണ് നേരിട്ടത്.

ഡോളർ ശക്തിയാർജിച്ചതോടെ അമെരിക്കൻ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും വൻതോതിൽ പിന്മാറുകയാണ്.

അതേസമയം ഡോളറിന്‍റെ മൂല്യ വർധന രാജ്യത്തെ സാമ്പത്തിക മേഖലയിൽ ദൂര വ്യാപകമായ പ്രതിസന്ധികൾ സൃഷ്ടിക്കാനിടയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഡോളറിനെതിരേ രൂപയുടെ മൂല്യം കാര്യമായി ഇടിയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ശക്തമായ വിപണി ഇടപെടലുകൾ നടത്തുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്. ഈ വർഷത്തിന്‍റെ തുടക്കത്തിൽ രൂപ കടുത്ത വിൽപ്പന സമ്മർദം നേരിട്ടപ്പോൾ പൊതു മേഖലാ ബാങ്കുകൾ വഴി വൻതോതിൽ റിസർവ് ബാങ്ക് ഡോളർ വിറ്റഴിച്ചിരുന്നു. ഇനിയും റിസർവ് ബാങ്ക് ഇത്തരം നടപടികൾ തുടരുമെന്നാണ് ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com