
#ബിസിനസ് ലേഖകൻ
കൊച്ചി: ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ പണം പിന്‍വലിച്ചതിനൊപ്പം രാജ്യാന്തര വിപണിയില്‍ ഡോളര്‍ ശക്തിയാര്‍ജിച്ചതോടെ രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി.
ഇന്ത്യന്‍ സാമ്പത്തിക മേഖല മികച്ച വളര്‍ച്ച കാഴ്ചവെക്കുകയാണെങ്കിലും ആഗോള ധനകാര്യ രംഗത്തെ അനിശ്ചിതത്വങ്ങളാണ് രൂപയ്ക്ക് സമ്മർദം സൃഷ്ടിക്കുന്നത്. ഇതോടൊപ്പം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ഗണ്യമായി കൂടിയതും ഡോളറിനെതിരെ രൂപ ദുര്‍ബലമാകാന്‍ കാരണമായി. ഇന്നലെ വ്യാപാരാന്ത്യത്തില്‍ അമെരിക്കന്‍ ഡോളറിനെതിരെ രൂപ 83.26ലാണ് അവസാനിച്ചത്. രൂപയ്ക്ക് കരുത്ത് പകരാനായി റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി ഡോളര്‍ വിറ്റഴിച്ചെങ്കിലും കാര്യമായി ഗുണം ചെയ്തില്ല.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങളും ഓഹരി വിപണിയിലെ തളര്‍ച്ചയുമാണ് ഇന്ത്യന്‍ രൂപയ്ക്ക് മേല്‍ സമ്മർദം ശക്തമാക്കുന്നത്. അമെരിക്കയില്‍ നാണയപ്പെരുപ്പ നിയന്ത്രണ വിധേയമാകാതെ മുകളിലേക്ക് നീങ്ങുന്നതിനാൽ അവിടുത്തെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ വർധന നടപടികള്‍ തുടരുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരേ ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്.
അമെരിക്കയില്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ ലഭിക്കുന്ന സാഹചര്യത്തില്‍ വന്‍കിട ഹെഡ്ജ് ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള നിക്ഷേപകര്‍ മറ്റ് വിപണികളില്‍ നിന്നും പണം പിന്‍വലിക്കുന്നതാണ് ഡോളറിന് കരുത്തുപകരുന്നത്.
ഇതോടൊപ്പം ചൈനയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാനുള്ള സാധ്യതകളും ഡോളറിന് ശക്തി പകരുന്നു. ഡോളറിനെതിരേ ചൈനീസ് യുവാന്‍ തുടര്‍ച്ചയായി ദുര്‍ബലമാകുകയാണ്.
ഹ്രസ്വകാലത്തെ സ്ഥിരതയാര്‍ന്ന പ്രകടനത്തിന് ശേഷം അമെരിക്കന്‍ ഡോളറിനെതിരേ രൂപ കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ തിരിച്ചു കയറിയെങ്കിലും വരും ദിവസങ്ങളില്‍ വില്‍പ്പന സമ്മർദം ശക്തമാകാനാണ് സാധ്യതയെന്ന് ഫോറക്സ് വിപണിയിലുള്ളവര്‍ പറയുന്നു.
ഡോളര്‍ ശക്തിയാര്‍ജിച്ചതോടെ അമെരിക്കന്‍ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വന്‍തോതില്‍ പിന്മാറുകയാണ്. ചൈനയിലെ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില മുകളിലേക്ക് നീങ്ങുന്നതും ഇന്ത്യന്‍ രൂപയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.
അതേസമയം ഡോളറിന്റെ മൂല്യ വർധന രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ദൂര വ്യാപകമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രൂഡ് ഓയില്‍ വിലയും മുകളിലേക്ക് നീങ്ങുന്നതിനാല്‍ ഇന്ധന ഇറക്കുമതി ചെലവില്‍ വന്‍ വർധനയാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം കാര്യമായി ഇടിയുന്ന സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ശക്തമായ വിപണി ഇടപെടലുകള്‍ നടത്തുമെന്നാണ് ബാങ്കിങ് രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രൂപ കടുത്ത വില്‍പ്പന സമ്മർദം നേരിട്ടപ്പോള്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി വന്‍തോതില്‍ റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിച്ചിരുന്നു. ഇനിയും റിസര്‍വ് ബാങ്ക് ഇത്തരം നടപടികള്‍ തുടരുമെന്നാണ് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നത്.