രൂപ ശക്തി പ്രാപിക്കുന്നു

രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടവുമായാണ് രൂപ ഈ വാരം വ്യാപാരം പൂര്‍ത്തിയാക്കിയത്
രൂപ ശക്തി പ്രാപിക്കുന്നു | Indian rupee gaining strength

രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടവുമായാണ് രൂപ ഈ വാരം വ്യാപാരം പൂര്‍ത്തിയാക്കിയത്

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: രാജ്യാന്തര വിപണിയില്‍ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരേ ഡോളര്‍ ദുര്‍ബലമായതോടെ ഇന്ത്യന്‍ രൂപ അതിശക്തമായി തിരിച്ചുകയറുന്നു. രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടവുമായാണ് രൂപ ഈ വാരം വ്യാപാരം പൂര്‍ത്തിയാക്കിയത്. ഡോളറിനെതിരേ രൂപ വെള്ളിയാഴ്ച 24 പൈസയുടെ നേട്ടവുമായി 85.48ല്‍ അവസാനിച്ചു.

അമെരിക്കയുടെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച സംശയങ്ങളും കേന്ദ്ര ബാങ്കുകള്‍ വിദേശ നാണ്യ ശേഖരത്തില്‍ സ്വര്‍ണം കൂടുതലായി ഉള്‍പ്പെടുത്തുന്നതുമാണ് ആഗോള തലത്തില്‍ ഡോളറിനു തിരിച്ചടി സൃഷ്ടിക്കുന്നത്. പശ്ചിമേഷ്യയില്‍ സമാധാനം മടങ്ങിയെത്തിയതോടെ ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞതും രൂപയ്ക്ക് കരുത്തു പകര്‍ന്നു.

ജനുവരി 26ന് മാത്രം വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 12,594.38 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് വാങ്ങിയത്. വിവിധ രാജ്യങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് അമെരിക്ക പ്രഖ്യാപിച്ച പകരച്ചുങ്കത്തിന് ഡോണള്‍ഡ് ട്രംപ് അനുവദിച്ച 90 ദിവസത്തെ ഇളവ് ജൂലൈ 9ന് അവസാനിക്കുന്നതും നിക്ഷേപകര്‍ക്ക് ചങ്കിടിപ്പ് വർധിപ്പിക്കുകയാണ്.

അമെരിക്കയുടെ സാമ്പത്തിക സ്ഥിരതയിലും ഫെഡറല്‍ റിസര്‍വിന്‍റെ വിശ്വാസ്യതയിലും സംശയമേറിയതോടെ ലോകത്തിലെ കേന്ദ്ര ബാങ്കുകള്‍ ഡോളറിനെ കൈവിട്ട് മറ്റു ആസ്തികളിലേക്ക് നീങ്ങുകയാണ്. ഇതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരേ ഡോളറിന്‍റെ മൂല്യം മൂന്നര വര്‍ഷത്തെ ഏറ്റവും താഴ്ന്ന തലത്തിലെത്തി.

പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വ്യാപാര യുദ്ധവും പകരച്ചുങ്ക പ്രഖ്യാപനവും അമെരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ തീരുമാനങ്ങളില്‍ ഇടപെടാനുള്ള നീക്കങ്ങളും നിക്ഷേപകര്‍ക്ക് ഡോളറിലെ വിശ്വാസ്യത നഷ്ടമാക്കുകയാണ്. ലോകത്തിലെ പ്രമുഖ കേന്ദ്ര ബാങ്കുകള്‍ പലതും വിദേശ നാണയ ശേഖരത്തില്‍ ഡോളര്‍ ഒഴിവാക്കി സ്വര്‍ണത്തിന്‍റെ അളവ് കൂട്ടുകയാണ്.

ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും പ്രിയം കുറച്ചതോടെ യൂറോയും സ്റ്റര്‍ലിങും ഡോളറിനെതിരേ കരുത്താര്‍ജിച്ചു. അമെരിക്കയുടെ സാമ്പത്തിക മേഖല നെഗറ്റീവ് വളര്‍ച്ച നേടുന്നതിനാല്‍ പ്രതീക്ഷിച്ചതിലും നേരത്തെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രവചനങ്ങളും ഡോളറിന് തിരിച്ചടി സൃഷ്ടിച്ചു.

ഇതിനിടെ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിനെതിരേ പ്രസിഡന്‍റ് ട്രംപ് പരസ്യ നിലപാട് സ്വീകരിക്കുന്നതും നിക്ഷേപകര്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നു. പവലിന് പകരക്കാരനെ കണ്ടെത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, പലിശ നിരക്ക് കുറയ്ക്കേണ്ട സാഹചര്യം ശക്തമാണെന്ന നിലപാടാണ് കഴിഞ്ഞ ദിവസം പവല്‍ അമെരിക്കന്‍ കോണ്‍ഗ്രസില്‍ നടത്തിയ വിശദീകരണത്തില്‍ സ്വീകരിച്ചത്. പലിശയിലെ കുറവ് ഡോളറിന്‍റെ ശക്തിയെ പ്രതികൂലമായി ബാധിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com