സ്ഥിരതയിലേക്കുള്ള രൂപയുടെ സഞ്ചാരം

അസ്ഥിരമായ കറൻസി എന്ന വിശേഷണം പഴങ്കഥയായി
സ്ഥിരതയിലേക്കുള്ള രൂപയുടെ സഞ്ചാരം
സ്ഥിരതയിലേക്കുള്ള രൂപയുടെ സഞ്ചാരം
Updated on

പ്രത്യേക ലേഖകൻ

ഒരു ദശാബ്ദം മുമ്പ്, ഏഷ്യയിലെ ഏറ്റവും അസ്ഥിരമായ കറൻസികളിൽ ഒന്നായിരുന്നു ഇന്ത്യൻ രൂപ. എന്നാൽ, പിന്നീട് ആ കാലത്തിനിപ്പുറം അത് ഏറ്റവും സ്ഥിരതയുള്ള ഒന്നായി മാറി. ഈ പരിവർത്തനം ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ശക്തിയുടെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫലപ്രദമായ നിർവഹണ നടപടികളുടെയും തെളിവാണ്.

ചരിത്രപരമായ ചാഞ്ചാട്ടം

2010കളുടെ തുടക്കത്തിൽ, ഏകദേശം 10% വരെ ഉയർന്ന നിരക്കിൽ ഇന്ത്യ പണപ്പെരുപ്പം നേരിട്ടു. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക മാന്ദ്യത്തെ ചെറുക്കുന്നതിന് ഗവൺമെന്‍റ് വൻതോതിൽ ചെലവഴിച്ചത് സ്ഥിതിഗതികൾ മോശമാക്കി. കൂടാതെ, അസംസ്‌കൃത എണ്ണ വില ബാരലിന് 100 ഡോളറിന് മുകളിലായിരുന്നു. ഇത് എണ്ണ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി.

രാഷ്‌ട്രീയ അഴിമതികളും നയങ്ങളുടെ നിർവഹണ തടസവും സാമ്പത്തിക വളർച്ചയെ കൂടുതൽ മന്ദീഭവിപ്പിച്ചു. ഇത് ഇന്ത്യയിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിന് വിഘാതമായി. ബോണ്ട് വാങ്ങലുകൾ കുറയ്ക്കുന്നതിനുള്ള 2013 ലെ ഫെഡറൽ റിസർവിന്‍റെ പദ്ധതി, ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിൽ നിന്ന് നിക്ഷേപകർ പണം പിൻവലിക്കാൻ കാരണമായി. ഇത് വിദേശനാണ്യ കരുതൽ ശേഖരം കുറയുന്നതിനും രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമായി. ഇന്ത്യയെ "അഞ്ച് ദുർബല' സമ്പദ്‌വ്യവസ്ഥയുടെ പട്ടികയിൽ ഉൾപ്പെടുത്തി.

സ്ഥിരപ്പെടുത്തുന്ന ഘടകങ്ങൾ

സാമ്പത്തിക വളർച്ചയും രാഷ്‌ട്രീയ സ്ഥിരതയും: 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം, മറ്റ് പല രാജ്യങ്ങളെയും പിന്തള്ളി ഇന്ത്യ ശക്തമായ സാമ്പത്തിക വളർച്ച കൈവരിച്ചു. മോദി ഗവണ്മെന്‍റിന്‍റെ രാഷ്‌ട്രീയ സ്ഥിരത വിദേശ നിക്ഷേപകരെയും ആകർഷിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ബജറ്റ് കമ്മി കുറയ്ക്കുന്നതിനും ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിന് ആർബിഐക്ക് അധികാരം നൽകിയത് ഉൾപ്പെടെയുള്ള തുടർച്ചയായ പരിഷ്കാരങ്ങൾ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി.

വിദേശനാണ്യ കരുതൽ ശേഖരം: ലോകത്തിലെ ഏറ്റവും വലിയ വിദേശ കറൻസി ശേഖരം ഇന്ത്യ സ്വായത്തമാക്കിയിരിക്കുന്നു. ആർബിഐ, രൂപ ശക്തമാകുമ്പോൾ തന്ത്രപരമായി ഡോളർ വാങ്ങുകയും ദുർബലമാകുമ്പോൾ വിൽക്കുകയും ചെയ്യുന്നു. ഈ ഇടപെടൽ, രൂപയുടെ മൂല്യത്തിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാതെ അതിന്‍റെ സ്ഥിരതയ്ക്ക് സഹായിക്കുന്നു.

ഘടനാപരമായ പരിഷ്കാരങ്ങളും ആഗോള ശേഷി കേന്ദ്രങ്ങളും: ആഗോള ശേഷി കേന്ദ്രങ്ങൾ വഴി സോഫ്റ്റ്‌വെയർ, അക്കൗണ്ടിങ് തുടങ്ങിയ സേവനങ്ങൾ കയറ്റുമതി ചെയ്യുന്നതിനുള്ള കേന്ദ്രമായി ഇന്ത്യ മാറിയിരിക്കുന്നു. ഈ കേന്ദ്രങ്ങൾ വിദേശ നിക്ഷേപം കൊണ്ടുവരികയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സുസ്ഥിരമാക്കുകയും ചെയ്യുന്നു. വിവിധ മേഖലകളിലെ പരിഷ്കാരങ്ങൾ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തി ഇന്ത്യയെ, ദീർഘകാല നിക്ഷേപങ്ങൾക്ക് കൂടുതൽ ആകർഷകമായ സ്ഥലമാക്കി മാറ്റുന്നു.

സ്ഥിരതയുള്ള രൂപയുടെ നേട്ടങ്ങൾ

നിക്ഷേപകരുടെ ആത്മവിശ്വാസം: രൂപയുടെ ചാഞ്ചാട്ടം കുറഞ്ഞത്, ഇന്ത്യൻ ആസ്തികളെ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാക്കുന്നു. ചില ലാറ്റിനമേരിക്കൻ അല്ലെങ്കിൽ ആഫ്രിക്കൻ സമ്പദ്‌വ്യവസ്ഥകളിലെ കറൻസികളിൽ നിന്ന് വ്യത്യസ്തമായി, രൂപ താരതമ്യേന സ്ഥിരമായ വരുമാനം വാഗ്ദാനം ചെയ്യുന്നു. ഇത് നിക്ഷേപകരുടെ അപകടസാധ്യത കുറയ്ക്കുന്നു.

* ബിസിനസിൽ സ്വാധീനം: രൂപയുടെ മൂല്യത്തിലുള്ള സ്ഥിരത ബിസിനസുകളെ കൂടുതൽ ഫലപ്രദമായി ചെലവ് ആസൂത്രണം ചെയ്യാനും നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് കറൻസി ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നു. ഇത് കമ്പനികൾക്ക് അന്താരാഷ്‌ട്ര വ്യാപാരത്തിലും നിക്ഷേപത്തിലും ഏർപ്പെടുന്നത് എളുപ്പമാക്കുന്നു.

വെല്ലുവിളികളും ഭാവി വീക്ഷണവും

"ഹോട്ട് മണി' ഒഴുക്ക് നിയന്ത്രിക്കുന്നു: ജെപി മോർഗൻ ചേസ് ആൻഡ് കമ്പനിയുടെ ഉയർന്നു വരുന്ന വിപണി സൂചികയിൽ ഇന്ത്യൻ ബോണ്ടുകൾ ഉൾപ്പെടുത്തുന്നത് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ , ഈ "ഹോട്ട് മണി' പെട്ടെന്ന് വിപണിയിൽ പ്രവേശിക്കുകയും പുറത്തുകടക്കുകയും ചെയ്യുന്നത് അസ്ഥിരതയ്ക്ക് കാരണമാകുന്നു. രൂപയുടെ സ്ഥിരത നിലനിർത്താൻ ആർബിഐ ഈ ഹോട്ട് മണി ഒഴുക്കുകൾ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതുണ്ട്.

രൂപയുടെ അന്താരാഷ്‌ട്ര ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു - ഇന്ത്യ തങ്ങളുടെ കറൻസിയുടെ അന്താരാഷ്‌ട്ര ഉപയോഗം പ്രത്യേകിച്ച്, വ്യാപാരത്തിൽ വർധിപ്പിക്കാൻ ശ്രമിക്കുന്നു. രൂപയുടെ ആഗോള സാന്നിധ്യം വർധിപ്പിക്കുന്നത് അതിന്‍റെ മൂല്യം കൂടുതൽ സ്ഥിരപ്പെടുത്തും. കൂടാതെ, ഭാവിയിൽ നിക്ഷേപത്തിന്‍റെ വരവ് മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിന് വിദേശനാണ്യ വിപണി ഇടപെടലുകൾക്കായി ആർബിഐ അതിന്‍റെ സംവിധാനങ്ങൾ നവീകരിക്കുന്നു.

ഏഷ്യയിലെ ഏറ്റവും അസ്ഥിരമായ കറൻസികളിലൊന്നിൽ നിന്ന് ഏറ്റവും സ്ഥിരതയുള്ള ഒന്നായി ഇന്ത്യൻ രൂപയുടെ പരിവർത്തനം ശ്രദ്ധേയമായ നേട്ടമാണ്. ഇന്ത്യയുടെ ശക്തമായ സാമ്പത്തിക വളർച്ച, ഫലപ്രദമായ നയ പരിഷ്‌കരണങ്ങൾ, വിദേശനാണ്യ കരുതൽ ശേഖരത്തിന്‍റെ തന്ത്രപരമായ പരിപാലനം എന്നിവ ഇത് പ്രതിഫലിപ്പിക്കുന്നു. വെല്ലുവിളികൾ നിലനിൽക്കുന്നുണ്ടെങ്കിലും, കറൻസി പരിപാലനം ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങൾ ഭാവിയിലും രൂപയുടെ സ്ഥിരത നിലനിർത്താൻ സാധ്യത നൽകുന്നു. നിക്ഷേപം ആകർഷിക്കുന്നതിനും, ബിസിനസുകളെ പിന്തുണയ്ക്കുന്നതിനും, സുസ്ഥിരമായ സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനും ഈ സ്ഥിരത നിർണായകമാണ്.

Trending

No stories found.

Latest News

No stories found.