
#ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള സാമ്പത്തിക മേഖലയില്‍ അനിശ്ചിതത്വം രൂക്ഷമാകുമ്പോഴും പ്രതിസന്ധിയില്‍ ഇടറാതെ ലോകത്തിലെ പ്രമുഖ കറൻസികള്‍ക്കെതിരെ ഇന്ത്യന്‍ രൂപ സ്ഥിരത നേടുന്നു.
കഴിഞ്ഞ ഒന്നര വര്‍ഷമായി അമെരിക്കയിലെ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഉള്‍പ്പെടെയുള്ള കേന്ദ്ര ബാങ്കുകള്‍ നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി തുടര്‍ച്ചയായി പലിശ നിരക്ക് ഉയര്‍ത്തിയതോടെ ഡോളറിനെതിരെ ലോകത്തിലെ പ്രമുഖ കറൻസികള്‍ പലതും കനത്ത മൂല്യത്തകര്‍ച്ചയാണ് നേരിട്ടത്.
എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വമ്പന്‍ ഇടിവുണ്ടായില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ രൂപ കനത്ത വില്‍പ്പന സമ്മർദം നേരിട്ടെങ്കിലും പിന്നീട് ശക്തമായി പിടിച്ചുനില്‍ക്കുകയായിരുന്നു.
രൂപയുടെ മൂല്യത്തകര്‍ച്ച ഒഴിവാക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടിയതും വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് പണമൊഴുക്കിയതുമാണ് പ്രതികൂല സാഹചര്യത്തിലും പിടിച്ചുനില്ക്കാന് കരുത്തുപകര്‍ന്നത്. ഇതോടൊപ്പം റഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി വ്യാപാരങ്ങള്‍ രൂപയില്‍ സെറ്റില്‍മെന്റ് നടത്താനുള്ള തീരുമാനവും ഡോളറിലുള്ള അമിത ആശ്രയത്വം കുറയ്ക്കാന്‍ ഇന്ത്യയെ സഹായിച്ചു.
കഴിഞ്ഞ നാലു മാസമായി ഏഷ്യയിലെ മറ്റ് കറൻസികളുമായി താരതമ്യം ചെയ്താല്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് ഇന്ത്യന്‍ രൂപയാണ്.
ലോകത്തിലെ പ്രമുഖ കറൻസികളെല്ലാം ഡോളറിനെതിരെ പിടിച്ചു നില്ക്കാനാവാതെ വലയുമ്പോഴും കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ രൂപയുടെ മൂല്യം 80നും 83നും ഇടയില്‍ തുടരുകയാണ്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വന്‍കിട ഹെഡ്ജ് ഫണ്ടുകളും വിദേശ ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്തിയതാണ് രൂപ സ്ഥിരത കൈവരിക്കാന്‍ കാരണമെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.
മാര്‍ച്ചില്‍ 8,000 കോടി രൂപയും ഏപ്രിലില്‍ 11,500 കോടി രൂപയുമാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്.
നിലവില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82ന് അടുത്തായാണ് വ്യാപാരം നടക്കുന്നത്.
രൂപയ്ക്ക് പിന്തുണ നല്‍കാനുള്ള നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് വിപണി ഇടപെടലിനെത്തുടർന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം പത്ത് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ്.
ഇക്കാലയളവില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 453 കോടി ഡോളര്‍ ഉയര്‍ന്ന് 58878 കോടി ഡോളറിലെത്തി.