
ബിസിനസ് ലേഖകൻ
കൊച്ചി: ലോകമെമ്പാടുമുള്ള ധനകാര്യ വിപണികള്‍ അതിരൂക്ഷമായ പ്രതിസന്ധികളിലേക്ക് മൂക്കുകുത്തുമ്പോഴും മികച്ച മുന്നേറ്റവുമായി ഇന്ത്യന്‍ ഓഹരികള്‍ തലയുയര്‍ത്തി നില്ക്കുന്നു. അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നാണയപ്പെരുപ്പം നേരിടാനായി അടുത്തമാസം വീണ്ടും പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ കനത്ത വില്‍പ്പന സമ്മര്‍ദം നേരിടുകയാണ്. എന്നാല്‍ ഈ ട്രെന്‍ഡിനെ മറികടന്ന് ഇന്ത്യയിലെ ഓഹരി വിപണി തുടര്‍ച്ചയായി മൂന്നാം ദിനവും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ചരിത്രത്തിലാദ്യമായി അമെരിക്കയിലെ പലിശ നിരക്ക് ആറ് ശതമാനം കവിയുമെന്ന ആശങ്ക ശക്തമായതോടെ വിദേശ നിക്ഷേപകര്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ചിട്ടും രാജ്യത്തെ ഓഹരി സൂചികകള്‍ ശക്തമായാണ് പിടിച്ചു നില്‍ക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളിലൊന്നായ അദാനി എന്റര്‍പ്രൈസസിന്റെ സാമ്പത്തിക സ്ഥിരത സംബന്ധിച്ച് അമെരിക്കന്‍ ഊഹക്കച്ചവട സ്ഥാപനമായ ഹിൻഡന്‍ബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ കനത്ത വില്‍പ്പന സമ്മർദം നേരിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും അദാനി ഗ്രൂപ്പ് ഓഹരികള്‍ മികച്ച നേട്ടമാണുണ്ടാക്കിയത്.
അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നാണയപ്പെരുപ്പം നേരിടാനായി തുടര്‍ച്ചയായി പലിശ വർധിപ്പിച്ചതിനെ തുടര്‍ന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യയില്‍ നിന്നും പണം പിന്‍വലിച്ചിട്ടും രാജ്യത്തെ ചെറുകിട നിക്ഷേപകരുടെ കരുത്തിലാണ് ഓഹരി വിപണി പിടിച്ചുനില്‍ക്കുന്നത്. വിപണിയില്‍ നേരിട്ട് നിക്ഷേപിക്കുന്നതിനൊപ്പം സിസ്റ്റമിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാനുകളിലേക്കും (എസ്ഐപി) ചെറുകിട നിക്ഷേപകര്‍ വലിയ തോതില്‍ പണമൊഴുക്കുന്നുവെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു.
വിവിധ എക്സ്ചേഞ്ചുകളില്‍ നിന്നുള്ള കണക്കുകളനുസരിച്ച് പ്രതിമാസം 14,000 കോടി രൂപയിലധികമാണ് ചെറുകിട നിക്ഷേപകര്‍ എസ്ഐപികള്‍ വഴി വിപണിയിലെത്തിക്കുന്നത്. പ്രതിവര്‍ഷം ഒന്നര ലക്ഷം കോടി രൂപയിലധികം നിക്ഷേപം നടക്കുന്നതിനാല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്ന വില്‍പ്പന സമ്മര്‍ദത്തെ ഒരു പരിധി വരെ അതിജീവിക്കാന്‍ കഴിയുന്നുവെന്ന് കൊച്ചിയിലെ പ്രമുഖ നിക്ഷേപ ഉപദേശകനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ റിജാസ് കൊച്ചുണ്ണി പറഞ്ഞു. രാജ്യത്തെ ഓഹരി നിക്ഷേപകരുടെ എണ്ണത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഭൂതപൂര്‍വമായ വർധനയാണ് ദൃശ്യമാകുന്നത്. പുതിയ ട്രേഡിങ് ആപ്പുകളുടെ വരവോടെ 30 വയസില്‍ താഴെയുള്ള പ്രൊഫഷണലുകളും മറ്റ് ജീവനക്കാരും ഓഹരി നിക്ഷേപത്തെ ഏറെ ഗൗരവപൂർവം സമീപിക്കാന്‍ തുടങ്ങിയതും വിപണിക്ക് കരുത്ത് പകരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് കഴിഞ്ഞ മൂന്ന് മാസങ്ങളിലും എസ്ഐപികളിലേക്കുള്ള നിക്ഷേപ ഒഴുക്ക് റെക്കോഡ് ഉയരത്തിലാണ്. ഡിസംബറില്‍ 13,500 കോടി രൂപയാണ് എസ്ഐപികളില്‍ നിക്ഷേപമായി എത്തിയത്. കഴിഞ്ഞ വര്‍ഷം എസ്ഐപിയിലൂടെ വിപണിയില്‍ എത്തിയത് 1.49 ലക്ഷം കോടി രൂപയാണ്.