വിപണിയിൽ തളർച്ച ശക്തം, സമ്മർദവും

ഇന്ത്യന്‍ മാര്‍ക്കറ്റ് തുടര്‍ച്ചയായ രണ്ടാം വാരത്തില്‍ തളര്‍ന്നതിനിടയില്‍ കഴിഞ്ഞവാരം ബിഎസ്ഇ സൂചിക 760 പോയിന്‍റും എന്‍എസ്ഇ സൂചിക 228 പോയിന്‍റും ഇടിഞ്ഞു
Indian stock market week, under pressure
വിപണിയിൽ തളർച്ച ശക്തം, സമ്മർദവും
Updated on

സ്റ്റോക്ക് റിവ്യൂ | കെ.ബി. ഉദയ ഭാനു

ഓഹരി സൂചികയെ ബാധിച്ച തളര്‍ച്ച ശക്തമാകുന്നു. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ബ്ലൂചിപ്പ് ഓഹരികള്‍ വിറ്റുമാറാന്‍ മാസത്തിന്‍റെ ആദ്യ പകുതിയില്‍ കാണിച്ച തിടുക്കം സെന്‍സെക്സിനെയും നിഫ്റ്റിയെയും സമ്മര്‍ദത്തിലാക്കുന്നു. ഇന്ത്യന്‍ മാര്‍ക്കറ്റ് തുടര്‍ച്ചയായ രണ്ടാം വാരത്തില്‍ തളര്‍ന്നതിനിടയില്‍ കഴിഞ്ഞവാരം ബിഎസ്ഇ സൂചിക 760 പോയിന്‍റും എന്‍എസ്ഇ സൂചിക 228 പോയിന്‍റും ഇടിഞ്ഞു. വിദേശ ഓപ്പറേറ്റര്‍മാര്‍ ഓഹരി വിറ്റ് ഡോളര്‍ ശേഖരിക്കാന്‍ കാണിച്ച തിടുക്കം ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയുടെ റെക്കോര്‍ഡ് മൂല്യ തകര്‍ച്ചയ്ക്ക് ഇടയാക്കി.

ബോംബെ സൂചിക 77,378 പോയിന്‍റില്‍ നിന്നും തുടക്കത്തില്‍ 77,893 വരെ സഞ്ചരിച്ച് നിക്ഷേപകര്‍ക്ക് പ്രതീക്ഷ പകര്‍ന്നു. എന്നാല്‍ ഈ അവസരത്തില്‍ ഊഹക്കച്ചവക്കാര്‍ക്ക് ഒപ്പം വിദേശ ഫണ്ടുകളും മുന്‍നിര രണ്ടാം നിര ഓഹരികള്‍ വിറ്റുമാറാന്‍ കാണിച്ച തിടുക്കം വിപണിയെ അക്ഷരാർഥത്തില്‍ പിടിച്ചുലച്ചു, ഒരു വേള വില്‍പ്പന സമ്മര്‍ദത്തില്‍ സെന്‍സെക്സ് 76,267 ലേയ്ക്ക് ഇടിഞ്ഞങ്കിലും വെളളിയാഴ്ച്ച മാര്‍ക്കറ്റ് ക്ലോസിങില്‍ 76,619 പോയിന്‍റിലാണ്. അനുകൂല വാര്‍ത്തകള്‍ പുറത്തുവന്നാല്‍ വിപണി 77,585- 78,552 പോയിന്‍റിലെ പ്രതിരോധ മേഖലയെ ലക്ഷ്യമാക്കാം. അതേ സമയം വില്‍പ്പന സമ്മര്‍ദം ഉടലെടുത്താല്‍ 75,959- 75,300 പോയിന്‍റിലേയ്ക്ക് വിപണി പരീക്ഷണം നടത്താം.

നിഫ്റ്റി 23,431 പോയിന്‍റില്‍ നിന്നും മുന്നേറാനാവാതെ വില്‍പ്പന സമ്മര്‍ദത്തില്‍ ഏഴ് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന തലമായ 23,047 ലേയ്ക്ക് ഇടിഞ്ഞു. വ്യാപാരാന്ത്യം സൂചിക അല്‍പ്പം മികവ് കാണിച്ച് 23,203 പോയിന്‍റിലാണ്. വിപണിക്ക് ഈവാരം പ്രതിരോധം 23,354 പോയിന്‍റിലാണ്, ഇത് മറികടക്കാനുള്ള കരുത്ത് നിലവില്‍ കാണുന്നില്ല. അതേ സമയം ഉയര്‍ന്ന റേഞ്ചില്‍ വില്‍പ്പന സമ്മര്‍ദം ഉടലെടുത്താല്‍ വിപണി 23,049 - 22,895 റേഞ്ചിലേയ്ക്കും തളരാം. ഏതാനും ആഴ്ച്ചകളിലേയ്ക്കുള്ള വിപണിയുടെ ചലനങ്ങള്‍ വിലയിരുത്തിയാല്‍ തിരിച്ചടിനേരിട്ടാല്‍ അടുത്ത മാസം നിഫ്റ്റി സൂചികയ്ക്ക് 22,590 22,285 പോയിന്‍റില്‍ താങ്ങ് പ്രതീക്ഷിക്കാം.

നിഫ്റ്റി ജനുവരിയെ ബാധിച്ച തളര്‍ച്ച വിട്ടുമാറിയില്ല. 23,501 ല്‍ നിന്നും 23,261ലേയ്ക്ക് താഴ്ന്നു. വിപണി ദുര്‍ബലാവസ്ഥയില്‍ കണക്കിലെടുത്താല്‍ കൂടുതല്‍ തളര്‍ച്ചയില്‍ അകപ്പെടാം. ജനുവരി ഫ്യൂച്ചര്‍ ഓപ്പണ്‍ ഇന്‍ട്രസ്റ്റ് 159 ലക്ഷം കരാറുകളില്‍ നിന്ന് 180 ലക്ഷം കരാറുകളായി വര്‍ധിച്ചു. ഊഹക്കച്ചവടക്കാര്‍ പുതിയ ഷോര്‍ട്ട് പൊസിഷനുകള്‍ക്ക് ഉത്സാഹിച്ചതായി വിലയിരുത്താം.

ഐറ്റി ഇന്‍ഡക്സ് പോയവാരം അഞ്ച് ശതമാനത്തില്‍ അധികം ഇടിഞ്ഞു. എച്ച് സി എല്‍ ടെക് ഓഹരി വില പത്ത് ശതമാനവും, ഇന്‍ഫോസീസ് വില ഏഴ് ശതമാനവും കുറഞ്ഞു. ടെക് മഹീന്ദ്ര, ടിസിഎസ് ഓഹരി വിലകളും താഴ്ന്നു. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഇന്‍ഡസ് ബാങ്ക്, എം ആൻഡ് എം തുടങ്ങിവയ്ക്കും തിരിച്ചടി. അതേസമയം നിക്ഷപകര്‍ കാണിച്ച താല്‍പര്യം മാരുതി, ടാറ്റാ മോട്ടേഴ്സ്, ആര്‍ഐഎല്‍, സണ്‍ ഫാര്‍മ, ടാറ്റാ സ്റ്റീല്‍, എല്‍ ആൻഡ് ടി ഓഹരികള്‍ക്ക് കരുത്ത് പകര്‍ന്നു.

വിനിമയ വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിന് മുന്നില്‍ രൂപ റെക്കോര്‍ഡ് തകര്‍ച്ചയായ 85.98 ല്‍ നിന്നും 86.71 ലേയ്ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങ്ങില്‍ 86.60ലാണ്. വിദേശ ഓപ്പറേറ്റര്‍മാര്‍ ജനുവരി ആദ്യ പകുതിയില്‍ വില്‍പ്പനയ്ക്ക് തന്നെയാണ് മുന്‍ തൂക്കം നല്‍കിയത്. പിന്നിട്ടവാരം അവര്‍ മൊത്തം 25,218.60 കോടി രൂപയുടെ ഓഹരികള്‍ വിറ്റു. അതേ സമയം ആഭ്യന്തര ഫണ്ടുകള്‍ നിക്ഷേപകരായി രംഗത്തുണ്ട്. കഴിഞ്ഞവാരം അവര്‍ 25,151 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു. ജനുവരിയില്‍ വിദേശ ഇടപാടുകാര്‍ ഇതിനകം 46,576 കോടി രൂപയുടെ ഓഹരികള്‍ വിറ്റു, ആഭ്യന്തര ഫണ്ടുകള്‍ ഈ അവസരത്തില്‍ 49,367 കോടി രൂപ നിക്ഷേപിച്ചു.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 79 ഡോളറില്‍ നിന്നും 82ന് മുകളിലേക്കു സഞ്ചരിച്ച ശേഷം വാരാന്ത്യം 80.77 ഡോളറിലാണ്. ഗാസില്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത് എണ്ണ വിപണി തണുക്കാന്‍ ഇടയാക്കി. പുതിയ സാഹചര്യത്തില്‍ ചെങ്കല്‍ വഴി യുള്ള എണ്ണ നീക്കം സുഖമാകുന്നതോടെ ലഭ്യത വര്‍ധിക്കുമെന്നത് നിരക്ക് കുറയാന്‍ അവസരം ഒരുക്കും.

ന്യൂയോര്‍ക്കില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 2690 ഡോളറില്‍ നിന്നും 2722 ഡോളര്‍ വരെ കുതിച്ച ശേഷം വാരാന്ത്യം 2702 ഡോളറാണ്. ഏറെ നിര്‍ണായകമായ 2700 ന് മുകളില്‍ ഇടം പിടിക്കാന്‍ മഞ്ഞലോഹത്തിനായ സാഹചര്യത്തില്‍ മാസാന്ത്യത്തിന് മുൻപായി 2754 ഡോളറിന് മുകളില്‍ സ്ഥിരതയ്ക്കു ശ്രമിക്കാം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com