
ബിസിനസ് ലേഖകൻ
കൊച്ചി: രൂപയുടെ സ്ഥിരതയ്ക്കായി റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി വിപണിയില്‍ ഇടപെടുന്നതിനാല്‍ രാജ്യത്തെ വിദേശ നാണയ ശേഖരം മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. റിസര്‍വ് ബാങ്കിന്റെ കണക്കുകളനുസരിച്ച് ഫെബ്രുവരി അവസാന ആഴ്ചയില്‍ 56094 കോടി ഡോളറായാണ് താഴ്ന്നത്.
ഫെബ്രുവരി 24ന് അവസാനിച്ച വാരത്തില്‍ വിദേശ നാണയ ശേഖരത്തില്‍ 33 കോടി ഡോളറിന്റെ ഇടിവാണുണ്ടായത്. മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലേക്കാണ് വിദേശ നാണയ ശേഖരമെത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യത്തെ വിദേശ നാണയ ശേഖരത്തില്‍ 1580 കോടി ഡോളറിന്റെ കുറവാണുണ്ടായത്. ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ പണം പിന്‍വലിക്കുന്നതിനാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ കനത്ത തകര്‍ച്ച ഒഴിവാക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റഴിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.
ഇന്ത്യന്‍ സാമ്പത്തിക മേഖല ചരിത്രത്തിലേക്കും വലിയ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച ഒഴിവാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കാനാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ആഗോള മേഖലയിലെ അനിശ്ചിതത്വം മൂലമുള്ള കാരണങ്ങളായതിനാല്‍ ഇപ്പോഴത്തെ പ്രതിസന്ധി തരണം ചെയ്യുന്നതിന് പരിമിതമായ സാധ്യതകള്‍ മാത്രമാണ് റിസര്‍വ് ബാങ്കിന് മുന്നിലുള്ളത്. അതിനാല്‍ രൂപയുടെ മൂല്യം 83ന് താഴെ പോകാതെ സംരംക്ഷിക്കാനാണ് റിസര്‍വ് ബാങ്ക് ഊന്നല്‍ നല്‍കുന്നത്.
ഇന്നലെ വിദേശ നാണയ വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 63 പൈസ വർധിച്ച് 81.96ല്‍ വ്യാപാരം അവസാനിപ്പിച്ചു. നാണയപ്പെരുപ്പ ഭീഷണി പൂര്‍ണമായും ഒഴിവാകാത്തതിനാല്‍ അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ വർധിപ്പിക്കാനിടയുള്ളതിനാല്‍ വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകുമെന്നാണ് വിലയിരുത്തുന്നത്. ചൈനയ്ക്ക് എതിരെ ഉപരോധം ഏര്‍പ്പെടുത്താനുള്ള വികസിത രാജ്യങ്ങളുടെ നീക്കം നാണയ വിപണിയില്‍ പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുകയാണ്. ഇതോടൊപ്പം അമെരിക്കന്‍ ഡോളറിന്റെ സ്ഥിരത സംബന്ധിച്ച ആശങ്കകള്‍ മൂലം വിദേശ നാണയ ശേഖരത്തില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള ബദല്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനും റിസര്‍വ് ബാങ്ക് ശ്രദ്ധ പതിപ്പിക്കുന്നു.
രാജ്യത്തെ കയറ്റുമതി മേഖലയുടെ മത്സരക്ഷമതയെ ബാധിക്കാത്ത വിധം രൂപയുടെ മൂല്യം സ്ഥിരതയില്‍ നിലനിർത്താനാണ് റിസര്‍വ് ബാങ്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. ലോകത്തിന്റെ ഉത്പാദന ഹബായി ഇന്ത്യയെ മാറ്റുന്നതിനൊപ്പം ഡോളറിലുള്ള വ്യാപാരങ്ങള്‍ രൂപ അധിഷ്ഠിതമാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഡോളര്‍ വിറ്റഴിക്കുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു.