
കൊച്ചി: രാജ്യത്ത് വ്യവസായരംഗത്ത് മാന്ദ്യക്കാറ്റ് ശക്തമാണെന്ന സൂചനയുമായി മാര്‍ച്ചില്‍ വ്യാവസായിക ഉത്പാദന സൂചികയുടെ (ഐഐപി) വളര്‍ച്ച അഞ്ച് മാസത്തെ താഴ്ചയായ 1.1 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഫെബ്രുവരിയിലെ വളര്‍ച്ച 5.8 ശതമാനമായിരുന്നു.
സമ്പദ്വ്യവസ്ഥയുടെ നെടുംതൂണായ മാനുഫാക്ച്ചറിങ്, ഊര്‍ജ മേഖലകളുടെ തളര്‍ച്ചയാണ് മാര്‍ച്ചില്‍ തിരച്ചടിയായതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 ഒക്റ്റോബറിലെ 4.1 ശതമാനത്തിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വളര്‍ച്ചയാണ് ഇക്കുറി മാര്‍ച്ചിലേത്. 2.2 ശതമാനമായിരുന്നു 2022 മാര്‍ച്ചിലെ വളര്‍ച്ച.
മാനുഫാക്ച്ചറിങ് മേഖലയുടെ വളര്‍ച്ച 2022 മാര്‍ച്ചിലെ 1.4ല്‍ നിന്ന് 0.5 ശതമാനമായി ഇടിഞ്ഞു. 6.1 ശതമാനത്തില്‍ നിന്ന് 1.6 ശതമാനത്തിലേക്കാണ് ഊര്‍ജോത്പാദന വളര്‍ച്ച കുറഞ്ഞത്. ഖനന മേഖല 3.9ല്‍ നിന്ന് 6.8 ശതമാനത്തിലേക്കും ക്യാപിറ്റല്‍ ഗുഡ്സ് 2.4ല്‍ നിന്ന് 8.1 ശതമാനത്തിലേക്കും വളര്‍ന്നെങ്കിലും സൂചികയുടെ മൊത്തം വളര്‍ച്ച ഇടിവിന് തടയിടാനായില്ല. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വളര്‍ച്ച നെഗറ്റീവ് 3.1ല്‍ നിന്ന് നെഗറ്റീവ് 8.4 ശതമാനത്തിലേക്ക് താഴ്ന്നു. അടിസ്ഥാന സൗകര്യ/നിർമാണോത്പന്നങ്ങളുടെ വളര്‍ച്ച 6.7ല്‍ നിന്ന് 5.4 ശതമാനമായി കുറഞ്ഞതും തിരിച്ചടിയായി.
കഴിഞ്ഞ ധനനയ നിര്‍ണയ യോഗത്തില്‍ റിസര്‍വ് ബാങ്ക് നടപ്പുവര്‍ഷത്തെ (2023-24) ജിഡിപി വളര്‍ച്ചാ പ്രതീക്ഷ 6.4ല്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. മാര്‍ച്ചിലെ ഐഐപി വളര്‍ച്ചയുടെ ആഘാതം തുടര്‍മാസങ്ങളിലേക്കും വ്യാപിച്ചാല്‍ വളര്‍ച്ചാ പ്രതീക്ഷ വെട്ടിക്കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരാകും. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുകയറ്റം മന്ദഗതിയിലാണെന്ന വിലയിരുത്തലുകള്‍ക്ക് ഇത് ഇടവരുത്തും.