

കൊച്ചി: ആഗോളതലത്തിലെ വന്‍കിട ചിപ്പ് നിര്‍മാതാക്കളായ ഇൻഡല്‍ 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചു. ചിപ്പ് നിര്‍മാണത്തില്‍ എതിരാളികളില്‍ നിന്നുള്ള കടുത്ത മത്സരവും വിപണിയിലെ സ്വാധീനം നഷ്ടപ്പെടുന്നതുമാണ് ഇൻഡലിനെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. 1.24 ലക്ഷം ജീവനക്കാരാണ് ലോകമെമ്പാടും കമ്പനിക്കുള്ളത്. ഇതില്‍ 17,000ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും.
വര്‍ഷങ്ങളായി ലാപ്ടോപ്പുകള്‍ക്ക് മുതല്‍ ഡേറ്റാ സെന്‍ററുകള്‍ക്ക് വരെയുള്ള ചിപ്പ് വിപണിയിലെ ഉന്നതന്മാരായിരുന്നു ഇൻഡല്‍. എന്നാല്‍ സമീപകാലത്ത് വലിയ മത്സരമാണ് കമ്പനി നേരിടുന്നത്. എഐ പ്രോസസറുകളുമായി കളം നിറയുന്ന എന്‍വിഡിയയുടെ കുതിപ്പാണ് വലിയ തലവേദന. എഎംഡി, ക്വാല്‍കോം എന്നിവരില്‍ നിന്നുള്ള മത്സരവും കടുത്തതാണ്.
ജീവനക്കാരുടെ എണ്ണം നിജപ്പെടുത്തുന്നതോടെ 1,000 കോടി ഡോളറിന്‍റെ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഈ സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ 160 കോടി ഡോളറിന്‍റെ നഷ്ടമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. വരും പാദങ്ങളിലും തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ചിപ്പ് നിര്‍മാണ രംഗത്ത് ഇൻഡലിന്‍റെ ആധിപത്യം തകരാന്‍ കാരണം ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വരവാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.