സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർധിക്കും

Interest on fixed deposits will increase
സ്ഥിര നിക്ഷേപങ്ങളുടെ പലിശ വർധിക്കും
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: വിപണിയിലെ പണ ലഭ്യത കുറഞ്ഞതും റിസര്‍വ് ബാങ്കിന്‍റെ നയ സമീപനത്തിലെ മാറ്റവും കണക്കിലെടുത്ത് സ്ഥിര നിക്ഷേപങ്ങളുടെ പലിശ വാണിജ്യ ബാങ്കുകള്‍ വീണ്ടും വർധിപ്പിക്കുന്നു. റിസര്‍വ് ബാങ്കിന്‍റെ കഴിഞ്ഞ ധന അവലോകന നയത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തിയില്ലെങ്കിലും ബാങ്കുകളുടെ കൈവശമുള്ള പണത്തില്‍ കുറവു വന്നതിനാലാണ് അധിക പണം സമാഹരിക്കാന്‍ നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തുന്നത്.

എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കുകളാണ് നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തിയത്. വിവിധ കാലാവധിയിലുള്ള നിക്ഷേപങ്ങളുടെ പലിശ എസ്ബിഐ 0.75 ശതമാനം വരെയാണ് ഉയര്‍ത്തിയത്. 46 മുതല്‍ 179 ദിവസം വരെയുള്ള കാലയളവിലെ നിക്ഷേപങ്ങളുടെ പലിശ 4.75 ശതമാനത്തില്‍ നിന്ന് 5.5 ശതമാനമായി ഉയര്‍ന്നു. 180 മുതല്‍ 210 ദിവസങ്ങളിലേക്ക് നിക്ഷേപങ്ങളുടെ പലിശ കാല്‍ ശതമാനം ഉയര്‍ന്ന് ആറ് ശതമാനത്തിലെത്തി. അഞ്ച് മുതല്‍ പത്ത് വര്‍ഷത്തേക്ക് 6.5 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായി ഉയരും. 400 ദിവസത്തേക്ക് 7.6 ശതമാനം പലിശ ലഭിക്കും.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷം തുടര്‍ച്ചയായി റിസര്‍വ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വർധിപ്പിച്ചതിന്‍റെ ചുവടുപിടിച്ച് വാണിജ്യ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഗണ്യമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി റിപ്പോ നിരക്കില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. വിപണിയിലെ പണദൗര്‍ലഭ്യം ശക്തമായതോടെതാണ് ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ കൂട്ടാന്‍ നിര്‍ബന്ധിതരാകുന്നതെന്ന് കൊച്ചിയിലെ പ്രമുഖ ധനകാര്യ വിദഗ്ധനായ സുരേഷ് ഗോപിനാഥന്‍ പറയുന്നു.

നാണയപ്പെരുപ്പ നിയന്ത്രണത്തിന് പകരം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന ധന നയത്തിലേക്ക് റിസര്‍വ് ബാങ്ക് മാറണമെന്ന് ദുബായ് ആസ്ഥാനമായ പ്രമുഖ ധനകാര്യ കണ്‍സള്‍ട്ടന്‍റും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ ഷാജു ഡേവിസ് പറയുന്നു. തുടര്‍ച്ചയായ എട്ട് ധന നയങ്ങളിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ തയാറാകാതിരുന്നത് ഭക്ഷ്യ വിലക്കയറ്റം മൂലമാണ്. രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം രൂക്ഷമായതിനാല്‍ നിക്ഷേപങ്ങളുടെ പലിശ ഇനിയും കൂടാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com