നാണയപ്പെരുപ്പം നിയന്ത്രണ വിധേയം; പലിശ നിരക്ക് കുറയും?

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന കണക്കുകളനുസരിച്ച് മൊത്ത വില സൂചികയും ചില്ലറ വില സൂചികയും അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞിരുന്നു
Representative image
Representative image

ബിസിനസ് ലേഖകൻ

കൊച്ചി: നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതിനാല്‍ സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് പകരാന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകളില്‍ കുറവു വരുത്തണമെന്ന ആവശ്യം ശക്തമാകുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന കണക്കുകളനുസരിച്ച് മൊത്ത വില സൂചികയും ചില്ലറ വില സൂചികയും അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞിരുന്നു. ഭക്ഷ്യ ഉത്പന്നങ്ങള്‍ മുതല്‍ കെമിക്കലുകള്‍, ഇന്ധനങ്ങള്‍ എന്നിവയുടെ വില വരെ താഴുന്നതിനാല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന ധന സമീപനത്തിലേക്ക് റിസര്‍വ് ബാങ്ക് മാറണമെന്നാണ് വ്യാവസായിക, വാണിജ്യ മേഖലകളിലുള്ളവുടെ അഭിപ്രായം.

അപകടകരമായി ഉയര്‍ന്ന നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായാണ് കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ റിസര്‍വ് ബാങ്ക് ആറു തവണയായി മുഖ്യ പലിശ നിരക്കായ റിപ്പോ 2.5 ശതമാനം വർധിപ്പിച്ച് 6.5 ശതമാനമാക്കിയത്. ഇതോടെ ഭവന, വാഹന, വാണിജ്യ വായ്പകളുടെ പലിശ നിരക്കില്‍ മൂന്ന് മുതല്‍ നാലര ശതമാനം വരെ വർധനയുണ്ടായിരുന്നു. ഇതോടെ വ്യാവസായിക ഉത്പാദനത്തിലും ഉപയോക്താക്കളുടെ വാങ്ങല്‍ ശേഷിയിലും വലിയ കുറവ് വന്നതാണ് വ്യവസായ മേഖലയെ പ്രതികൂലമായി ബാധിക്കുന്നത്. പലിശ ചെലവിലുണ്ടായ വർധന കയറ്റുമതി രംഗത്തെ മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നുവെന്ന് കൊച്ചിയിലെ പ്രമുഖ സമുദ്രോത്പന്ന കമ്പനയിലെ ഉടമ പറയുന്നു.

അമെരിക്കയും യൂറോപ്പും അടക്കമുള്ള മുന്‍നിര സാമ്പത്തിക മേഖലകളില്‍ കടുത്ത മാന്ദ്യത്തിലേക്ക് മൂക്കുകുത്തുമ്പോഴും ഇന്ത്യ വിപണിയെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളായി വിപണിയില്‍ തളര്‍ച്ച ദൃശ്യമാണെന്ന് കച്ചവടക്കാര്‍ പറയുന്നു. ഉത്പാദന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നതിന് ബാങ്ക് വായ്പകളുടെ ഉയര്‍ന്ന പലിശ നിരക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണെന്ന് വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു.

ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങളുടെ വില ഗണ്യമായി താഴ്ന്നതിനാല്‍ നാണയപ്പെരുപ്പ നിയന്ത്രണത്തിന് പകരം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുന്ന ധന നയത്തിലേക്ക് റിസര്‍വ് ബാങ്ക് മാറണമെന്ന് ദുബായ് ആസ്ഥാനമായ പ്രമുഖ ധനകാര്യ കണ്‍സള്‍ട്ടന്‍റും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമായ ഷാജു പറയുന്നു.

മൊത്തവില സൂചികയും ചില്ലറവില സൂചികയും താഴേക്ക്

മൊത്ത വില സൂചിക (ഡബ്ല്യുപിഐ) ഒക്റ്റോബറില്‍ തുടര്‍ച്ചയായി ഏഴാം മാസവും നെഗറ്റിവ് തലത്തിലാണ്. ഒക്റ്റോബറില്‍ (-) 0.52 ശതമാനമാണ് ഡബ്ല്യുപിഐ. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 8.67 ശതമാനം വിലക്കയറ്റം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണിത്.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ മൊത്തവില സൂചിക പണച്ചുരുക്കമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സെപ്റ്റംബറില്‍ (-) 0 .26 ശതമാനമായിരുന്നു ഡബ്ല്യുപിഐ. ഭക്ഷ്യ വസ്തുക്കളുടെ സൂചിക ഒക്റ്റോബറില്‍ 2.53 ശതമാനത്തിലേക്ക് താഴ്ന്നു. സെപ്റ്റംബറില്‍ ഇത് 3.35 ശതമാനമായിരുന്നു. ഇന്ധന-വൈദ്യുതി വിഭാഗത്തിലെ സൂചിക ഒക്റ്റോബറില്‍ (-) 2.47 ശതമാനമാണ്, സെപ്റ്റംബറില്‍ ഇത് (-) 3.35 ശമാനമായിരുന്നു.

ഒക്റ്റോബറിലെ റീട്ടെയ്‌ല്‍ പണപ്പെരുപ്പം 4.87 ശതമാനമാണെന്ന് കേന്ദ്ര സ്റ്റാസ്റ്റിക്സ് മന്ത്രാലയം കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒക്റ്റോബര്‍ വരെയുള്ള അഞ്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.02 ശതമാനവും 2023 ഓഗസ്റ്റില്‍ 6.83 ശതമാനവുമായിരുന്നു. 2022 ഒക്റ്റോബറില്‍ റീട്ടെയ്‌ല്‍ പണപ്പെരുപ്പം 6.77 ശതമാനമായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com