പലിശ നിരക്ക് വീണ്ടും കുറച്ചേക്കും

റിയല്‍ എസ്റ്റേറ്റ്, വാഹന, കണ്‍സ്യൂമര്‍ ഉത്പന്ന വിപണികളിലെ തളര്‍ച്ച ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നു. അതിനാല്‍ പലിശ നിരക്ക് കുറച്ച് പണ ലഭ്യത വർധിപ്പിക്കാനാണ് ശ്രമം
The stage is set for a cut in interest rates

പലിശ കുറയാന്‍ അരങ്ങൊരുങ്ങുന്നു

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജം പകരാന്‍ റിസര്‍വ് ബാങ്കിന്‍റെ ധന നയ അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചേക്കും. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 5.75 ശതമാനമായി കുറയ്ക്കുമെന്നാണ് ധനകാര്യ വിദഗ്ധര്‍ പ്രവചിക്കുന്നത്. ഫെബ്രുവരിയിലും ഏപ്രിലിലും നടത്തിയ ധന അവലോകന നയങ്ങളില്‍ റിപ്പോ നിരക്ക് റിസര്‍വ് ബാങ്ക് കാല്‍ ശതമാനം വീതം കുറച്ചിരുന്നു.

നാണയപ്പെരുപ്പം ആറ് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലെത്തിയതും മൊത്തം ആഭ്യന്തര ഉത്പാദനത്തിലെ (GDP) വളര്‍ച്ച 6.5 ശതമാനത്തിലേക്ക് താഴ്ന്നതും പലിശ കുറയ്ക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള മൂന്നാമത്തെ ധന അവലോകന നയ രൂപീകരണ യോഗമാണ് പുരോഗമിക്കുന്നത്.

മൂന്ന് ദിവസത്തെ യോഗത്തില്‍ ധന നയത്തില്‍ വരുത്തേണ്ട മാറ്റങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും രൂപയുടെ ചാഞ്ചാട്ടവും ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് ധന നയത്തിന് രൂപം നല്‍കുക.

സഞ്ജയ് മല്‍ഹോത്ര ചുമതലയേറ്റെടുത്തതിനു ശേഷം സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കാനുള്ള നടപടികള്‍ക്കാണ് റിസര്‍വ് ബാങ്ക് പ്രാമുഖ്യം നല്‍കുന്നത്. റിയല്‍ എസ്റ്റേറ്റ്, വാഹന, കണ്‍സ്യൂമര്‍ ഉത്പന്ന വിപണികളിലെ തളര്‍ച്ച ഇന്ത്യയുടെ സാമ്പത്തിക ഉണര്‍വിനെ ബാധിക്കുന്നുവെന്ന് വിലയിരുത്തുന്നു. പലിശ നിരക്ക് ഉയര്‍ന്ന തലത്തില്‍ തുടരുന്നതാണ് ഉപയോഗം മെച്ചപ്പെടുന്നതിന് തടസം. അതിനാല്‍ പലിശ നിരക്ക് വീണ്ടും കുറച്ച് വിപണിയില്‍ പണ ലഭ്യത വർധിപ്പിക്കാനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഏപ്രിലില്‍ ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തലമായ 3.16 ശതമാനത്തിലെത്തിയിരുന്നു. റിപ്പോ നിരക്ക് താഴുന്നതോടെ ഉപയോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കാര്‍ഷിക വായ്പകളുടെ പലിശയും ആനുപാതികമായി കുറയും.

ഡോണള്‍ഡ് ട്രംപിന്‍റെ തീരുവ വർധനയും ആഗോള രാഷ്‌ട്രീയ സംഘര്‍ഷങ്ങളും ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാണ്. അമെരിക്കയിലേക്ക് അയക്കുന്ന ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ നല്‍കേണ്ടി വരുന്നതിനാല്‍ കയറ്റുമതിക്കാരുടെ മത്സരക്ഷമത കുറയുകയാണ്.

ഇതോടൊപ്പം രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടവും വ്യവസായ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ഈ സാഹചര്യത്തില്‍ പലിശ ബാധ്യത കുറച്ച് വ്യവസായികളുടെ മത്സരക്ഷമത വർധിപ്പിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com