സാമ്പത്തിക സ്വാതന്ത്ര്യം, തുല്യതയിലേക്കുള്ള താക്കോൽ

സാമ്പത്തിക സ്വാതന്ത്ര്യം, തുല്യതയിലേക്കുള്ള താക്കോൽ

എഴുത്തുകാരിയും കവിയും കോളമിസ്റ്റുമെല്ലാമായിരുന്നിട്ടും, ലക്ഷ്മിയുടെ മേൽവിലാസം തന്നെയായി 'ഇല' എന്ന സംരംഭം മാറണമെങ്കിൽ, അതിൽ പ്രതിഫലിക്കുന്നത് അത്രയും വലിയൊരു ആശയം തന്നെയാകണം.

ആർദ്ര ഗോപകുമാർ

വീട്ടുകാര്യങ്ങൾ മാത്രം നോക്കി ഒതുങ്ങി ജീവിക്കുന്ന അതിസമർഥരായ ഒരുപാട് പെൺകുട്ടികളുണ്ട് നമുക്കു ചുറ്റും. ആരെങ്കിലും ജോലി തരുന്നതും കാത്തിരിക്കാതെ, വെറുതെ കിടക്കുന്ന സ്ഥലവും സമയവും സംരഭകത്വ ആശയങ്ങളുടെ അടിത്തറയാക്കി മാറ്റാൻ അവർക്കെല്ലാം സാധിക്കുമെന്ന ആശയമാണ് ലക്ഷ്മി രാജീവ് മുന്നോട്ടുവയ്ക്കുന്നത്. എഴുത്തുകാരിയും കവിയും കോളമിസ്റ്റുമെല്ലാമായിരുന്നിട്ടും, ലക്ഷ്മിയുടെ മേൽവിലാസം തന്നെയായി 'ഇല' എന്ന സംരംഭം മാറണമെങ്കിൽ, അതിൽ പ്രതിഫലിക്കുന്നത് അത്രയും വലിയൊരു ആശയം തന്നെയാകണം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്ന വലിയ ആശയം.

പ്രാരാബ്ധങ്ങളുടെയും അതിജീവനത്തിന്‍റെയും കഥയല്ല ഇലയുടേത്. ജയപരാജയങ്ങളുടെ കഥയുമല്ല. എന്നാൽ, വരുമാനത്തെക്കുറിച്ച് പരസ്പരം സംസാരിക്കാൻ മടിക്കുന്ന സമൂഹത്തിൽ, സാമ്പത്തിക‌ സ്ഥിതിയുടെ പ്രാധാന്യത്തെക്കുറിച്ച് ഉറക്കെ സംസാരിക്കാൻ ലക്ഷ്മി രാജീവ് നടത്തുന്ന ശ്രമത്തിന്‍റെ ഫലമാണ് 'ഇല'.

ഒരു ഗ്രാമം, ഒരു ഉത്പന്നം

ജപ്പാന്‍റെ സാമ്പത്തിക പുരോഗമനത്തിലാകെ വിപ്ലവം സൃഷ്ടിച്ച 'വൺ വില്ലേജ്, വൺ പ്രൊഡക്‌റ്റ്' (ഒരു ഗ്രാമം, ഒരു ഉത്പന്നം) പോലുള്ള പദ്ധതികൾ കേരളത്തിലുമുണ്ടാകണമെന്നു പറയും ലക്ഷ്മി. ഇതുവഴി കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി തന്നെ മെച്ചപ്പെടുത്താനാകും. സാധാരണക്കാരനായ ഒരാൾക്ക് തന്‍റെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ഈ രീതി മാറണം. ഇതിനായി ബിസിനസ് മേഖലയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നുവരണം. മിക്ക കുടുംബങ്ങളിലും ഗൃഹനാഥന്‍ മാത്രമാവും വരുമാന സ്രോതസ്. ഇതിനു മാറ്റം വരുത്തി സാധാരണക്കാരന്‍റെ വീട്ടിൽപ്പോലും ഒന്നിലധികം വരുമാന സ്രോതസുകളുണ്ടാവണം. ഒരാളുടെ വരുമാനം ആകസ്മികമായി നിലച്ചുപോയാൽ ഒരു കുടുംബം തന്നെ സാമ്പത്തികമായി തകരുന്ന അവസ്ഥയുണ്ടാകരുത്- ലക്ഷ്മി പറയുന്നു.

യാദൃച്ഛികതയുടെ സൗന്ദര്യം

എഴുത്തും വായനയുമടക്കം ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ഒരുപാടു സമയം കണ്ടെത്തുകയും വലിയ കുറ്റബോധമൊന്നും തോന്നാത്ത രീതിയിൽ സ്വയം അടയാളപ്പെടുത്തുകയും ചെയ്ത ലക്ഷ്മിയുടെ ജീവിത വീക്ഷണത്തിൽ വലിയൊരു വ്യതിയാനമുണ്ടാക്കുന്നത് കൊവിഡ് ലോക്ക്ഡൗൺ കാലമാണ്.

ചുറ്റും കേൾക്കാനുള്ളത് ''ഇല്ല'' എന്ന വാക്ക് മാത്രമായിരുന്നു, ജോലിയില്ല, സുഖമില്ല, പണമില്ല, വീടില്ല, ആരുമില്ല, ഒന്നുമില്ല, സമാധാനമില്ല, സന്തോഷമില്ല.... ഈ 'ഇല്ല' ലോപിച്ചാണ് 'ഇല' ഉണ്ടാകുന്നത്. ഇതിനു മുൻപൊരിക്കലും ലോകം സാക്ഷ്യം വഹിച്ചിട്ടില്ലാത്തതുപോലുള്ള ആ കാലഘട്ടത്തിൽ എപ്പോഴോ ഇലകളുടെ നിറവ് ലക്ഷ്മിയിൽ സമാധാനം നിറച്ചു.

2021 ഏപ്രിലിലാണ് സ്വന്തമായി തലയിൽ പുരട്ടാൻ പച്ചമരുന്നുകൾ ചേർത്ത് ഒരു എണ്ണ കാച്ചുന്നത്. ഇത് ഒരു വിശേഷമെന്നോണം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. പ്രതീക്ഷിക്കാത്തത്ര വിപുലമായിരുന്നു ഇതിനു കിട്ടിയ പ്രതികരണങ്ങൾ. ആളുകൾ എണ്ണ അന്വേഷിച്ചു തുടങ്ങി. അങ്ങനെ ചില സുഹൃത്തുക്കൾക്കും കൊടുത്തു. പലരും എണ്ണയെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി.

ആളുകൾ കൂടുതലായി എണ്ണയിൽ താത്പര്യം കാണിച്ചുതുടങ്ങിയതോടെ വാണിജ്യാടിസ്ഥാനത്തിൽ എണ്ണ ഉണ്ടാക്കുക എന്നതായി ലക്ഷ്യം. ഇതോടെ, അതിനുള്ള ലൈസൻസ് എടുത്തു. പൂജപ്പുരയിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിൽ സ്വന്തമായി ഒരു യൂണിറ്റ് തുടങ്ങി- 'ഇല- ഫോർ എലഗൻസ്' അങ്ങനെ ജനിക്കുകയായിരുന്നു. ഒരിക്കലും കൊമേഴ്സ്യലായി ഒരു പരസ്യവും നൽകാതെ, ഉപയോക്താക്കളുടെ സംതൃപ്തിയിലൂടെ മാത്രം വളർന്ന ഉത്പന്നമായി അതു മാറുകും ചെയ്തു.

വീടിന്‍റെ കംഫോർട്ട് സോണിൽ നിന്നു പുറത്തു കടക്കാൻ തീരുമാനിച്ചതു കൊണ്ടു മാത്രമാണ് തനിക്കിതു സാധിച്ചതെന്നും ലക്ഷ്മി കൂട്ടിച്ചേർക്കുന്നു.

വിശ്വാസവും ശാസ്ത്രവും

പൂജയ്ക്കായി ഉപയോഗിക്കുന്ന സാധനങ്ങൾ തന്നെയാണ് യഥാർഥത്തിൽ സൗന്ദര്യ വർധനയ്ക്കും ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് ഇലയുടെ വളർച്ചയിൽ നിർണായകമായിരുന്നു. ഭദ്രകാളിയെ പൂജിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളാണ് മുടിയുടെ സംരക്ഷണത്തിനും ഉപയോഗിക്കുന്നത്. ശാസ്താവിനും സർപ്പത്തിനുമുള്ള പൂജാദ്രവ്യങ്ങൾ ചർമ സംരക്ഷണത്തിനും ഉപയോഗിക്കാറുണ്ട്. ഇങ്ങനെ എല്ലാം ഒരുവിധത്തിലലെങ്കിൽ മറ്റൊരു വിധത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസിലാക്കി. ഇതോടെ ആയുർവേദത്തെയും അതിന്‍റെ ചേരുവകളെയും കൂട്ടുകളെയും കുറിച്ച് കൂടുതൽ പഠിക്കാനും മനസിലാക്കാനുമുള്ള ആകാംക്ഷ വർധിച്ചു. അങ്ങനെ പല ഉത്പന്നങ്ങളുടെയും ചേരുവകളിലേക്കുള്ള വഴികൾ കൂടിയാണ് തുറന്നു കിട്ടിയത്.

ദീർഘമായി ഗവേഷണം നടത്തി ഒരോ പൂവിനെയും ഇലയെയും കുറിച്ചു മനസിലാക്കാന്‍ ശ്രമിച്ചു. ഇന്നു സ്വന്തമായി അറുപതിലധികം ഉത്പന്നങ്ങളുണ്ട്. മേഖലയിലുള്ള ഇഷ്ടക്കൂടുതൽ കൊണ്ട് ശാസ്ത്രീയമായി മരുന്നുകൾ ഉണ്ടാക്കുന്നതിനെക്കുറിച്ചും പഠിച്ചു തുടങ്ങി. അതിന്‍റെയും ഉത്പാദനം നടത്തുന്നു.

സ്വാതന്ത്ര്യത്തിലേക്കുള്ള വാതിൽ

സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന നിലപാടുകൾ മുതൽ, എഴുതുന്ന പുസ്തകങ്ങൾ വരെ നെഗറ്റീവായ പ്രതികരണങ്ങൾ വിളിച്ചുവരുത്തിയെന്നിരിക്കും. എഴുത്തുകാരി എന്ന നിലയിലുള്ള ജീവിതം ലക്ഷ്മിക്കു സന്തോഷകരം തന്നെയായിരുന്നു. പക്ഷേ, തികച്ചും വിപരീതമായ അനുഭവമായിരുന്നു ഇല എന്ന സംരംഭത്തിനും ആശയത്തിനും ലഭിച്ച സ്നേഹാദരങ്ങൾ, അതും നേരിട്ടറിയാത്ത, ഒരിക്കൽപ്പോലും നേരിട്ടു കണ്ടിട്ടില്ലാത്ത, സംസാരിച്ചിട്ടില്ലാത്ത ആയിരക്കണക്കിനു മനുഷ്യരിൽനിന്ന്.

''സ്ത്രീ എന്ന നിലയിൽ ജീവിതത്തിലുടനീളം പല മേഖലകളിലും പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. അതു സംരംഭക എന്ന നിലയിലും ഉണ്ടായിട്ടുണ്ട്. എന്നാൽ, ലോകത്തു മറ്റൊന്നിനു വേണ്ടിയും ആ സ്ത്രീത്വത്തെ വച്ചുമാറാനും ഞാൻ തയാറല്ല. സ്ത്രീയായിരിക്കുന്നതു തന്നെയാണ് എനിക്കിഷ്ടം. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വർഗം എന്ന നിലയിൽ സ്ത്രീകൾക്ക് എല്ലാം നേരിടുന്നതിനുള്ള ഉൾക്കരുത്തുണ്ട്. അതുകൊണ്ടുതന്നെ പ്രശ്നങ്ങൾ കാര്യമാക്കുന്നില്ല. അതേസമയം, ഈ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം, വ്യക്തി എന്ന നിലയിൽ സ്ത്രീക്ക് സാമ്പത്തിക ഭദ്രത ഇല്ലാത്തതാണ്. അധികാരകേന്ദ്രം സ്ത്രീകളാകണമെങ്കിൽ സ്ത്രീകളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടേ മതിയാകൂ. അങ്ങനെ മാത്രമേ സ്ത്രീകൾക്കു തുല്യതയുമുണ്ടാകൂ'', ലക്ഷ്മി രാജീവ് പറഞ്ഞവസാനിപ്പിക്കുന്നു.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com