
കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് വെള്ളിയാഴ്ച (ഐകെജിഎസ്) തുടക്കം. ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, വിദേശരാജ്യ പ്രതിനിധികള്‍, വ്യവസായലോകത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
വ്യവസായ- കയര്‍- നിയമ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനാകും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി (ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ക്കു പുറമെ സംസ്ഥാന മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, വിദേശരാജ്യ പ്രതിനിധികള്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ സംബന്ധിക്കും.
വിവിധ വ്യവസായ സംഘടനകളുടെ സഹകരണത്തോടെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. എഐ ആന്‍ഡ് റോബോട്ടിക്സ്, എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ്, ലോജിസ്റ്റിക്സ്, മാരിടൈം ആന്‍ഡ് പാക്കേജിംഗ്, ഫാര്‍മ-മെഡിക്കല്‍ ഉപകരങ്ങള്‍- ബയോടെക്, പുനരുപയോഗ ഊര്‍ജം, ആയുര്‍വേദം, ഫുഡ്ടെക്, മൂല്യവര്‍ധിത റബര്‍ ഉത്പന്നങ്ങള്‍, ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി, മാലിന്യ സംസ്കരണം- നിയന്ത്രണം എന്നിവയാണ് പ്രത്യേക ശ്രദ്ധ നല്‍കുന്ന മേഖലകള്‍.
ജര്‍മനി, വിയറ്റ്നാം, നോര്‍വേ, ഓസ്ട്രേലിയ, മലേഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്‍വെസ്റ്റ് കേരളയുടെ കണ്‍ട്രി പങ്കാളികളാണ്. ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുമായി പ്രത്യേക കൂടിക്കാഴ്ചകള്‍ നടക്കും. മൂന്ന് വര്‍ഷത്തെ തയാറെടുപ്പുകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തിന്‍റെ വികസന സാധ്യതകള്‍ ആഗോള നിക്ഷേപക സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ഇന്‍വെസ്റ്റ് കേരള സംഘടിപ്പിക്കുന്നത്.
ഇന്‍വസ്റ്റ് കേരളയില്‍ വരുന്ന താത്പര്യപത്രങ്ങള്‍ പരമാവധി യാഥാർഥ്യമാക്കും, അതിന്‍റെ പുരോഗതി പൊതുമണ്ഡലത്തില്‍ നല്‍കും- വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
പാനല്‍ ചര്‍ച്ചകളിലെ മേഖലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത കമ്പനികള്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, 105 പൊതുമേഖലയിലെ കരകൗശല സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ പ്രദര്‍ശനവും ഉച്ചകോടിയിലുണ്ടാകും. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഗോള തലത്തിലുള്ള ബിസിനസ് നയകര്‍ത്താക്കള്‍, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 28 പ്രത്യേക സെഷനുകള്‍, 3000 പ്രതിനിധികള്‍, തുടങ്ങിയവ ദ്വിദിന ഉച്ചകോടിയുടെ ആകര്‍ഷണങ്ങളാണ്.