
#ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ ഓഹരി വിപണി തുടര്‍ച്ചയായ നഷ്ടത്തിലൂടെ നീങ്ങുന്നതിനാല്‍ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) വിപണി മന്ദഗതിയിലേക്ക് നീങ്ങുന്നു. ആഗോള മേഖലയിലെ പ്രതികൂല ചലനങ്ങളും നാണയപ്പെരുപ്പ ഭീഷണി ഒഴിയാത്തതിനുമൊപ്പം അദാനി ഗ്രൂപ്പ് കമ്പനികളുടെ സ്ഥിരത സംബന്ധിച്ച ആശങ്കകളും കാരണം നിക്ഷേപകര്‍ വിട്ടുനില്‍ക്കുന്നതാണ് വെല്ലുവിളി സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിലും തുടര്‍ച്ചയായി ബോംബെ ഓഹരി സൂചികയും ദേശീയ സൂചികയും നഷ്ടം നേരിട്ടിരുന്നു. ഇതോടെ ഐപിഒയ്ക്ക് തയാറെടുത്ത പല പ്രമുഖ കമ്പനികളും വില്‍പ്പന നടപടികള്‍ നീട്ടിവെയ്ക്കുകയാണ്. വിപണി സാഹചര്യങ്ങള്‍ പ്രതികൂലമായതിനാല്‍ രാജ്യത്തെ റീട്ടെയ്ല്‍ വസ്ത്ര വ്യാപാര രംഗത്തെ പ്രമുഖരായ ഫാബ് ഇന്ത്യ ഓഹരി വില്‍പ്പന നടപടികള്‍ ഉപേക്ഷിച്ചു. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 48.2 കോടി ഡോളര്‍ വിപണിയില്‍ നിന്നും സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്.
പ്രമുഖ ഇകൊമേഴ്സ് സ്ഥാപനമായ സ്നാപ്ഡീലും ഇലക്ട്രോണിക്സ് ഉത്പന്ന നിര്‍മാതാക്കളായ ബോട്ടും കഴിഞ്ഞ മാസങ്ങളില്‍ പ്രാരംഭ ഓഹരി വില്‍പ്പനയില്‍ നിന്നും പിന്മാറിയിരുന്നു. നാണയപ്പെരുപ്പം നേരിടാന്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുത്തനെ ഉയര്‍ത്തിയതോടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയും കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന ആശങ്കയെത്തുടർന്ന് വിദേശ, ആഭ്യന്തര നിക്ഷേപകര്‍ ഓഹരി വിപണിയില്‍ കനത്ത വില്‍പ്പനയ്ക്ക് തുടക്കമിട്ടതാണ് പല കമ്പനികളുടെയും ഫണ്ട് സമാഹരണ പദ്ധതികളെ അവതാളത്തിലാക്കിയത്.
കഴിഞ്ഞവര്‍ഷം ഓഹരി വിപണി എല്ലാ വെല്ലുവിളികളെയും അതിജീവിപ്പിച്ച് സ്വപ്ന സമാനമായ മുന്നേറ്റം കാഴ്ചവെച്ചതിനാല്‍ ധനസമാഹരണത്തിന് യാഥാർഥ്യത്തിലും വളരെ ഉയര്‍ന്ന വിലയില്‍ ഓഹരി വില്‍ക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ജനുവരി മുതല്‍ ഓഹരി വിപണി വന്‍ വില്‍പ്പന സമ്മർദം നേരിടുന്നതിനാല്‍ നിശ്ചയിച്ച പ്രൈസ് ബാന്‍ഡില്‍ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ തയാറാകില്ലെന്ന് തിരിച്ചറിഞ്ഞാണ് ഇവര്‍ ഇപ്പോള്‍ പിന്മാറുന്നതെന്ന് പ്രമുഖ സ്റ്റോക്ക് അനലിസ്റ്റായ ജോണ്‍ കുട്ടി പറയുന്നു. ഫാബ് ഇന്ത്യയുടെ പ്രതിയോഗികളും വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുമുള്ള കമ്പനികളായ വേദാന്ത് ഫാഷന്‍സ്, ആദിത്യ ബിര്‍ള ഫാഷന്‍സ്, അരവിന്ദ് ഫാഷന്‍സ് എന്നിവയുടെ ഓഹരി വിലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ 30 ശതമാനം വരെ ഇടിവുണ്ടായിരുന്നു.
കഴിഞ്ഞ ഏഴ് വ്യാപാര ദിനങ്ങളിലായി മുഖ്യ സൂചികയായ സെന്‍സെക്സ് 2,000 പോയിന്റാണ് ഇടിഞ്ഞത്. ബോംബെ എക്സ്ചേഞ്ചില്‍ മാത്രം നിക്ഷേപകര്‍ക്ക് ഒന്‍പത് ലക്ഷം കോടി തിരിച്ചടി നേരിട്ടു. ദേശീയ സൂചിക ജനുവരിയ്ക്ക് ശേഷം നാലു ശതമാനമാണ് ഇടിഞ്ഞത്.