

Bulls & Bears | ഉദയഭാനു
നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കി ഓഹരി വിപണി വാരാന്ത്യം മികവ് കാണിച്ചെങ്കിലും മധ്യേഷ്യന്‍ സംഘര്‍ഷാവസ്ഥ സൂചികയില്‍ വീണ്ടും വിള്ളലുളവാക്കാം. ഇന്ത്യന്‍ മാര്‍ക്കറ്റ് സാങ്കേതികമായി അമിത വില്‍പ്പനയില്‍ നീങ്ങിയതാണ് താത്കാലിക തിരിച്ചുവരവിന് അവസരമൊരുക്കിയത്.
നിഫ്റ്റി സൂചിക 15 പോയിന്‍റും സെന്‍സെക്സ് 165 പോയിന്‍റും പ്രതിവാര നേട്ടത്തിലാണ്, രണ്ടാഴ്ചകളിലെ തുടര്‍ച്ചയായ തിരിച്ചടിക്ക് ശേഷമാണ് വിപണിയില്‍ ഉണര്‍വ് ദൃശ്യമായത്. യുഎസ്, യുറോപ്യന്‍ മാര്‍ക്കറ്റുകളും വാരാന്ത്യം നേട്ടത്തിലായിരുന്നെങ്കിലും ഏഷ്യന്‍ വിപണികളില്‍ ട്രേഡിങ് പുനരാരംഭിക്കുക ചുവപ്പണിഞ്ഞാവും. ഇസ്രയേല്‍- പാലസ്തീന്‍ ബന്ധം യുദ്ധത്തിലെത്തിയതും ഇരുഭാഗത്തും വന്‍ ആള്‍നാശം സംഭവിച്ചതും സാമ്പത്തിക മേഖലയില്‍ വന്‍ ആഘാതം സൃഷ്ടിക്കും.
റിസര്‍വ് ബാങ്ക് വായ്പാഅവലോകനത്തില്‍ പലിശ നിരക്കുകള്‍ സ്റ്റെഡിയായി നിലനിര്‍ത്തി. ആര്‍ബിഐ നിലപാട് വിപണിക്ക് അനുകൂലമായതോടെ സെന്‍സെക്സ് 64,893 പോയിന്‍റില്‍ നിന്നും 66095ലേക്ക് തിരിച്ചുവരവ് ആഘോഷിച്ചു. മുന്‍നിര ഓഹരികളില്‍ അലയടിച്ച വാങ്ങല്‍ താത്പര്യം കുതിപ്പിന് വേഗത പകര്‍ന്നു, വ്യാപാരാന്ത്യം സൂചിക 65995 പോയിന്‍റിലാണ്. ഈ വാരം 65230ല്‍ സപ്പോര്‍ട്ട് ലഭിച്ചാല്‍ 66430ലേക്ക് തിരിച്ചുവരവിന് അവസരം ലഭിക്കും, അതേസമയം പ്രതികൂല വാര്‍ത്തകള്‍ ഫണ്ടുകളെ വില്‍പ്പനക്കാരാക്കിയാല്‍ 64,460 പോയിന്‍റിലേക്ക് പരീക്ഷണങ്ങള്‍ തുടരാം.
നിഫ്റ്റി 16638 പോയിന്‍റില്‍ നിന്നും മുന്നേറാന്‍ ശ്രമിച്ച അവസരത്തില്‍ വിദേശ ഫണ്ടുകള്‍ വില്‍പ്പനയ്ക്ക് മത്സരിച്ചതിനാല്‍ സൂചിക 19380ലെ താങ്ങ് ഭേദിച്ച് 19,333 വരെ ഇടിഞ്ഞു. ഇതിനിടയില്‍ സെന്‍സെക്സ് സാങ്കേതികമായി ഓവര്‍ ബ്രോട്ടായതും ഇതേ അവസരത്തില്‍ ഇന്ത്യ വോളാറ്റിലി ഇന്‍ഡക്സ് 10.33ലേക്ക് താഴ്ന്നതും ബുള്‍ ഇടപാടുകാര്‍ അവസരമാക്കി. നിഫ്റ്റി താഴ്ന്ന നിലവാരമായ 19,340 റേഞ്ചില്‍ നിന്നും 19675ലേക്ക് ഇതോടെ ഉയര്‍ന്നു, മാര്‍ക്കറ്റ് ക്ലോസിങില്‍ 19,653ലാണ്. ഈ വാരം 19,775നെ ലക്ഷ്യമാക്കി വ്യാപാരത്തിന് തുടക്കം കുറിക്കാം. അതേസമയം ഏഷ്യന്‍ മാര്‍ക്കറ്റുകളില്‍ നിന്നും രാവിലെ പ്രതികൂല വാര്‍ത്തകള്‍ പ്രവഹിച്ചാല്‍ 19,432-19,211ലേക്ക് വിപണി തളരാം.
ബിഎസ്ഇ റിയാലിറ്റി സൂചിക രണ്ട് ശതമാനം ഉയര്‍ന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ക്യാപിറ്റല്‍ ഗുഡ്സ് സൂചികയും മികവിലാണ്. പവര്‍ ഇന്‍ഡക്സ് രണ്ടര ശതമാനം ഇടിഞ്ഞു. മെറ്റല്‍, സൂചിക 2.3 ശതമാനവും ടെലികോം സൂചിക രണ്ട് ശതമാനവും താഴ്ന്നു.
ഡോളര്‍ സൂചിക 99ല്‍ നിന്നും ഈ വര്‍ഷത്തെ മികച്ച നിലവാരമായ 107.5ലേക്ക് ഉയര്‍ന്നു. ഇതിനിടയില്‍ ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയുടെ മൂല്യം 83.01ല്‍ നിന്നും 83.24ലേക്ക് ദുര്‍ബലമായി. രൂപയെ ബാധിച്ച ദുര്‍ബലാവസ്ഥ തത്കാലം നിലനില്‍ക്കും. രാജ്യത്തിന്‍റെ വിദേശ നാണയ കരുതല്‍ശേഖരം നാലാം വാരവും ഇടിഞ്ഞു. സെപ്റ്റംബര്‍ 29ന് അവസാനിച്ച വാരം കരുതല്‍ ധനം 3.7 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 586.9 ബില്യണ്‍ ഡോളറായി.
വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പിന്നിട്ട വാരം 8412 കോടി രൂപയുടെ വില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര ഫണ്ടുകള്‍ 4434 കോടി രൂപ നിക്ഷേപിച്ചു. ഇതില്‍ 1304 കോടി രൂപ അവസാന രണ്ട് ദിവസങ്ങളിലാണ് ഇറക്കിയത്.
ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 82.79 ഡോളറായി താഴ്ന്നു, സെപ്റ്റംബര്‍ അവസാനം എണ്ണ 95 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. പശ്ചിമേഷ്യന്‍ സംഘാഷവസ്ഥ എണ്ണ വിലയെ സ്വാധീനിക്കാം. അതേസമയം കയറ്റുമതി നിയന്ത്രണങ്ങള്‍ കുറക്കാനുള്ള റഷ്യൻ നീക്കം ലഭ്യത കുറവ് പരിഹരിക്കാം.
ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1848 ഡോളറില്‍ നിന്നും 1811ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിങ്ങില്‍ 1832 ഡോളറിലാണ്.