
കൊരട്ടി: ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ആഗോള ഐടി സൊല്യൂഷന് പ്രൊവൈഡറായ വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് (വാക്), അവരുടെ തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ജീവനക്കാരന് മെഴ്സിഡസ് ബെന്‍സ് സി ക്ലാസ് സമ്മാനമായി നല്കി. കൊരട്ടി ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയും കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫിസറുമായ ക്ലിന്റ് ആന്റണി വാഹനം ഏറ്റുവാങ്ങി.
2012ല്‍ "വെബ് ആന്‍ഡ് ക്രാഫ്റ്റ്സ്' ആരംഭിച്ചതു മുതല്‍ കമ്പനിയുടെ വളര്‍ച്ചയിലും വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചിരുന്ന ക്ലിന്റ് കമ്പനിയുടെ ആദ്യജീവനക്കാരനായിരുന്നു. നീണ്ട 10 വര്‍ഷത്തിലധികമായി വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നൽകാനായി കമ്പനി തെരഞ്ഞെടുത്തത്. ജീവനക്കാരുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും അംഗീകരിക്കുന്നതിന്റെ പ്രതിഫലനമായി ചടങ്ങ് മാറി. ക്ലിന്റ് പ്രാരംഭകാലം മുതലേ ഞങ്ങളോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ഇത്രയും ദീര്‍ഘകാലം നീണ്ടുനിന്ന സേവനത്തിനും, വിശ്വസ്തതയ്ക്കും കമ്പനി നൽകുന്ന സമ്മാനമാണ് ഇതെന്ന് വെബ് ആന്‍ഡ് ക്രാഫ്റ്റ്സ് സിഇയും സ്ഥാപകനുമായ എബിന് ജോസ് പറഞ്ഞു.
2012ല്‍ നാല് പേരുമായി ആരംഭിച്ച വെബ് ആന്‍ഡ് ക്രാഫ്റ്റിന് നിലവില്‍ 320ലധികം ജീവനക്കാരുണ്ട്. കസ്റ്റം മെയ്ഡ് മൊബിലിറ്റി സൊല്യൂഷനുകള്‍, ഇ-കൊമേഴ്സ് ഡെവലപ്മെന്റ്, വെബ്, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡൈനാമിക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്ട്രാറ്റജികള്‍ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങളാണ് കമ്പനി നല്‍കുന്നത്. വാക് വൈസ് പ്രസിഡന്റ് ജിലു ജോസഫ്, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, ഇന്‍ഫോപാര്‍ക്ക് കേരള സ്ഥാപക സിഇഒ കെ.ജി. ഗിരീഷ് ബാബു, വെബ് ആന്‍ഡ് ക്രാഫ്റ്റ്സിന്റെ മെന്റര്‍ ജോസഫ് മറ്റപ്പള്ളി, ബിസിനസ് കോച്ച് കോര്‍പ്പറേറ്റ് ട്രെയ്നര്‍ ഷമീം റഫീഖ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.