
രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) ഒരു ശതമാനത്തിന്‍റെ കുറവുണ്ടാക്കുമെന്നാണു സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്
വാഷിങ്ടണ്‍: ഇന്ത്യയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുമാനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചേക്കുമെന്നു സൂചന. രാജ്യത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) ഒരു ശതമാനത്തിന്‍റെ കുറവുണ്ടാക്കുമെന്നാണു സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്.
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ ബുധനാഴ്ചയാണ് ഇന്ത്യയ്ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ട്രംപിന്‍റെ പ്രഖ്യാപനമുണ്ടായത്. പുതിയ തീരുവ പ്രാബല്യത്തില്‍ വന്നതോടെ ഇന്ത്യയുടെ യുഎസിലേക്കുള്ള കയറ്റുമതി 60 ശതമാനം വരെ കുറഞ്ഞേക്കും.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ 6.5% ജിഡിപി വളര്‍ച്ചയാണ് പ്രവചിക്കുന്നത്. എന്നാല്‍, അമെരിക്കയുടെ അധിക താരിഫ് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായ ഇന്ത്യക്ക് തിരിച്ചടിയായിരിക്കും. ഇന്ത്യയിലെ തുണിത്തരങ്ങള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ തൊഴില്‍ വ്യവസായങ്ങള്‍ക്കു താരിഫിന്‍റെ ആഘാതം ഏല്‍ക്കും.
വാള്‍മാര്‍ട്ട്, ആമസോണ്‍, ടാര്‍ഗെറ്റ്, ഗ്യാപ്പ് തുടങ്ങിയ പ്രമുഖ യുഎസ് റീട്ടെയിലര്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ഇതിനകം നിര്‍ത്തിവച്ചതായാണ് റിപ്പോര്‍ട്ട്. വസ്ത്രങ്ങളുടെയും തുണിത്തരങ്ങളുടെയും കയറ്റുമതി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് യുഎസ് റീട്ടെയിലർമാർ കയറ്റുമതി കമ്പനികൾക്ക് മെയിൽ അയച്ചു.
വർധിച്ച ചെലവ് തങ്ങൾ വഹിക്കില്ലെന്നും, കയറ്റുമതിക്കാർ തന്നെ ഉയർന്ന താരിഫ് ചെലവ് വഹിക്കണമെന്നാണ് വാള്‍മാര്‍ട്ട് അടക്കമുളള യുഎസ് റീട്ടെയിലര്‍മാര്‍ വ്യക്തമാക്കുന്നത്. ട്രംപ് താരിഫ് ഉയര്‍ത്തിയതോടെ 30 മുതല്‍ 35 ശതമാനം വരെ ചെലവ് വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.