ദിവസം വെറും 1 രൂപയ്ക്ക് ജിയോ സിനിമ പ്ലാന്‍...!!

ജിയോ സിനിമയുടെ ഫാമിലി പ്ലാന്‍ 89 രൂപയായി കുറച്ചിട്ടുണ്ട്.
Jio Cinema plan for just Rs 1 per day
Jio Cinema plan for just Rs 1 per day
Updated on

മുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമായ ജിയോ സിനിമ പ്രീമിയം സര്‍വീസുകളുടെ നിരക്ക് വെട്ടിക്കുറച്ചു. 99 രൂപയുടെ പ്രതിമാസ പ്രീമിയം സബ്സ്ക്രിപ്ഷന്‍ നിരക്കുകള്‍ 29 രൂപയായിട്ടാണ് കുറച്ചത്.

ദിവസം വെറും ഒരു രൂപയില്‍ താഴെയുള്ള പാക്കെജ് അവതരിപ്പിച്ച് നെറ്റ്ഫ്ളിക്സിനും ആമസോണ്‍ പ്രൈമിനും വെല്ലുവിളി ഉയര്‍ത്തുകയാണ് ജിയോ സിനിമയുടെ ലക്ഷ്യം. നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് ഇവന്‍റുകള്‍ സൗജന്യമായിട്ടാണ് ജിയോ സിനിമയില്‍ ലഭിക്കുന്നത്. പരസ്യമില്ലാത്ത പ്രീമിയം ഉള്ളടക്കങ്ങള്‍ക്കും നിരക്ക് കുറച്ചതോടെ കൂടുതല്‍ പ്രീമിയം ഉപയോക്താക്കളെ കണ്ടെത്താമെന്നാണ് ജിയോ സിനിമയുടെ കണക്കുകൂട്ടല്‍.

ജിയോ സിനിമയുടെ ഫാമിലി പ്ലാന്‍ 89 രൂപയായി കുറച്ചിട്ടുണ്ട്. ഈ പ്ലാന്‍ ഉപയോഗിച്ച് ഒരേസമയം നാല് ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കും. പരസ്യമില്ലാതെ പരിപാടികള്‍ കാണാനും സാധിക്കും. നേരത്തെ പ്രീമിയം സബ്സ്ക്രിപ്ഷന് 99 രൂപയായിരുന്നു പ്രതിമാസം ഈടാക്കിയിരുന്നത്. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ കൂടുതല്‍ കണ്ടന്‍റുകള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ജിയോ സിനിമാസ്.

ഇന്‍റര്‍നെറ്റ് സൗകര്യം ഇല്ലാതെയും പരിപാടികള്‍ ആസ്വദിക്കാനുള്ള സൗകര്യവും ഇനി മുതല്‍ ലഭ്യമാണ്. ഹോളിവുഡ് സിനിമകളും സീരിസുകളും 4കെ ദൃശ്യമികവില്‍ അഞ്ച് ഇന്ത്യന്‍ ഭാഷകളില്‍ കാണാനും സാധിക്കും. ഗ്രാമീണ, ഇടത്തരം ഉപയോക്താക്കളെ കൂടുതലായി ജിയോ സിനിമാസിലേക്ക് എത്തിക്കാനാണ് പുതിയ നീക്കത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ ഡിജിറ്റല്‍ സംപ്രേക്ഷണത്തിലൂടെ വലിയതോതില്‍ വരുമാനം നേടാന്‍ ജിയോ സിനിമാസിന് സാധിക്കുന്നുണ്ട്. ഫ്രീയായി ഐപിഎല്‍ കാണിച്ച് പരസ്യത്തിലൂടെ വരുമാനം കണ്ടെത്തുകയാണ് ജിയോ സിനിമയുടെ ബിസിനസ് തന്ത്രം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com