ജിയോ ഐപിഒയ്ക്ക് ചരിത്ര നേട്ടം; ഇന്ത്യയിൽ ആദ്യമായി ഒരു കോടി അപേക്ഷകൾ

30,213 കോടി രൂപയുടെ ഐപിഒ 6.89 ഇരട്ടി വരിക്കാരായി; ബിഡ് ചെയ്യാൻ അവസരം വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണി വരെ
Jio IPO crosses 10 million mark

റെക്കോഡ് തകർത്ത് ജിയോ ഐപിഒ.

Updated on: 

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ച് ജിയോ പ്ലാറ്റ്‌ഫോംസിന്‍റെ മെഗാ ഐപിഒ. ഇന്ത്യൻ വിപണിയിൽ ചരിത്രത്തിൽ ആദ്യമായി ഒരു ഐപിഒയ്ക്ക് ഒരു കോടിയിലധികം അപേക്ഷകൾ ലഭിച്ചു. മൂന്നാമത്തെയും അവസാനത്തെയും ദിനമായ വെള്ളിയാഴ്ചയാണ് ജിയോയുടെ 30,213 കോടി രൂപയുടെ പബ്ലിക് ഇഷ്യൂ ഈ സുവർണ നേട്ടം കൈവരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ 1,00,15,118 അപേക്ഷകളാണ് ലഭിച്ചത്. മൊത്തത്തിൽ 6.89 ഇരട്ടി സബ്‌സ്‌ക്രിപ്ഷനും ഐപിഒ നേടിയിട്ടുണ്ട്. ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സ് (QIB) വിഭാഗത്തിൽ 14.38 ഇരട്ടി ഡിമാൻഡാണ് അനുഭവപ്പെട്ടത്.

2024 ഒക്റ്റോബറിലെ വാരി എനർജീസ് ഐപിഒയ്ക്ക് ലഭിച്ച 97.3 ലക്ഷം അപേക്ഷകളുടെ റെക്കോർഡാണ് ജിയോ മറികടന്നന്നത്. ആദ്യ ദിനം തന്നെ 30.5 ലക്ഷം അപേക്ഷകൾ നേടിയ ജിയോ, രണ്ടാം ദിനം അവസാനിച്ചപ്പോഴേക്കും 75 ലക്ഷം കടന്നിരുന്നു.

എല്ലാ പ്രധാന നിക്ഷേപക വിഭാഗങ്ങളിലും മികച്ച പ്രതികരണമാണുണ്ടായത്. നോൺ-ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (NII) വിഭാഗം 9.38 ഇരട്ടിയും റീട്ടെയിൽ വിഭാഗം 2.07 ഇരട്ടിയും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. ജീവനക്കാരുടെ വിഭാഗം 2.48 ഇരട്ടിയും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്കായി മാറ്റിവച്ച വിഭാഗം 5.68 ഇരട്ടിയും സബ്‌സ്‌ക്രിപ്ഷൻ നേടി. എല്ലാ വിഭാഗങ്ങളും ഇതിനോടകം പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു കഴിഞ്ഞു.

ഒക്റ്റോബർ 21-ന് ആരംഭിച്ച ജിയോ ഐപിഒ ആദ്യ ദിവസം തന്നെ 3.16 ഇരട്ടിയും രണ്ടാം ദിവസം 5.57 ഇരട്ടിയും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. ഒക്റ്റോബർ 23 വെള്ളിയാഴ്ചയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വൈകുന്നേരം 7 മണി വരെ ബിഡ് ചെയ്യാം എന്നതിനാൽ, വിപണി അടയുന്നതിന് മുൻപ് അപേക്ഷകളുടെ എണ്ണത്തിലും സബ്‌സ്‌ക്രിപ്ഷനിലും ഇനിയും വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com