100 മിനിറ്റിൽ 100% സബ്‌സ്‌ക്രിപ്ഷൻ; ജിയോ ഐപിഒയ്ക്ക് നിക്ഷേപകരുടെ വൻ പ്രതികരണം

രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയ ജിയോ ഐപിഒയ്ക്ക് മികച്ച പ്രതികരണം. നാല് മണിക്കൂറിനുള്ളിൽ 1.66 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ. വിശദാംശങ്ങൾ അറിയാം.
Jio IPO subscription

ജിയോ ഐപിഒയ്ക്ക് മികച്ച പ്രതികരണം.

Representative graphics

Updated on: 

മുംബൈ: രാജ്യത്തെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനയായ (IPO) ജിയോ പ്ലാറ്റ്‌ഫോംസിന് വിപണിയിൽ ചരിത്രപരമായ തുടക്കം. 30,213 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐപിഒ ആരംഭിച്ച് വെറും 100 മിനിറ്റിനുള്ളിൽ തന്നെ പൂർണ സബ്‌സ്‌ക്രിപ്ഷൻ നേടി. വൻകിട സ്ഥാപന നിക്ഷേപകരുടെ (ക്യുഐബി) ശക്തമായ പിന്തുണയാണ് ലഭിച്ചത്. വിപണിയിലെത്തി വെറും നാല് മണിക്കൂറിനുള്ളിൽ തന്നെ ഐപിഒ 1.66 മടങ്ങ് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. അപേക്ഷകരുടെ എണ്ണം 20 ലക്ഷത്തോടടുക്കുകയാണ്.

വലുപ്പത്തിന്‍റെ കാര്യത്തിലും ജിയോ പുതിയ റെക്കോഡും കുറിച്ചിരിക്കുകയാണ്. 2024-ൽ 27,870 കോടി രൂപ സമാഹരിച്ച ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഐപിഒ റെക്കോർഡാണ് 30,213 കോടി രൂപ ലക്ഷ്യമിടുന്ന ജിയോ പ്ലാറ്റ്‌ഫോംസ് ഇപ്പോൾ മറികടന്നിരിക്കുന്നത്. 1,065 രൂപ മുതൽ 1,119 രൂപ വരെയാണ് ഓഹരിയുടെ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

ഒക്റ്റോബർ 23 വരെയാണ് ഐപിഒയിൽ നിക്ഷേപിക്കാൻ അവസരമുള്ളത്. റിലയൻസ് ജീവനക്കാർക്കായി മാറ്റിവെച്ച ഓഹരികൾ 100 ശതമാനം സബ്‌സ്‌ക്രിപ്ഷൻ നേടിയപ്പോൾ, നിലവിലുള്ള ഓഹരിയുടമകളുടെ വിഭാഗത്തിൽ 89 ശതമാനം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. വൻകിട സ്ഥാപന നിക്ഷേപകരുടെ (QIB) വിഭാഗത്തിലാകട്ടെ 4.86 മടങ്ങ് സബ്‌സ്‌ക്രിപ്ഷനാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിപണിയിൽ വൻ തരംഗം സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ജിയോ ഐപിഒ രാജ്യത്തെ സാമ്പത്തിക രംഗത്ത് പുതിയ ചരിത്രം കുറിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പൊതുനിക്ഷേപകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഐപിഒയോടുള്ള നിക്ഷേപകരുടെ ആവേശം ആങ്കർ നിക്ഷേപകർക്കായുള്ള ഓഹരി വിൽപ്പനയിലും പ്രകടമായി. ഏകദേശം 8,110 കോടി രൂപയുടെ ഓഹരികൾ മാറ്റിവച്ച സ്ഥാനത്ത് 2.5 ലക്ഷം കോടിയിലധികം രൂപയുടെ ബിഡുകളാണ് ലഭിച്ചത്. ഇത് ആങ്കർ വിഭാഗത്തിൽ 30 മടങ്ങിലധികം ഡിമാൻഡ് സൃഷ്ടിച്ചു. ഇതിൽ ഏറ്റവും വലിയ ഓഹരി വിഹിതം (500 കോടി രൂപ) സ്വന്തമാക്കിയത് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (LIC).

ഐപിഒ ഇതിനോടകം പൂർണമായി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും, റിലയൻസ് ഇൻഡസ്ട്രീസിന്‍റെ അർഹരായ ഓഹരിയുടമകൾക്ക് ജിയോ ഓഹരികൾ നേടാൻ സുവർണാവസരമുണ്ട്. ഇവർക്കായി 2,500 കോടി രൂപയുടെ ഓഹരികൾ സംവരണം ചെയ്തിട്ടുണ്ട്. അർഹരായ നിക്ഷേപകർക്ക് ഓഹരിയുടമകളുടെ വിഭാഗത്തിലും റീട്ടെയിൽ വിഭാഗത്തിലും ഒരേസമയം അപേക്ഷിക്കാവുന്നതാണ്.

logo
Metro Vaartha
www.metrovaartha.com