1000 കോടിയുടെ ഓര്‍ഡര്‍ നേടി കെല്‍ട്രോണ്‍

മൂന്ന് ടെന്‍ഡറുകളുടെയും മൊത്തം മൂല്യം 1076 കോടി രൂപയാണ്. ഓര്‍ഡര്‍ പ്രകാരം ആറു മാസം കാലാവധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണം
1000 കോടിയുടെ ഓര്‍ഡര്‍ നേടി കെല്‍ട്രോണ്‍

തിരുവനന്തപുരം: കേരളത്തിന്‍റെ ടെക്നോളജി പാര്‍ട്ണറായ കെല്‍ട്രോണ്‍ മത്സരാധിഷ്ഠിത ടെന്‍ഡറിലൂടെ തമിഴ്നാട് സര്‍ക്കാരില്‍ നിന്നും 1000 കോടി രൂപയുടെ മെഗാ ഓര്‍ഡര്‍ നേടിയെടുത്തു.

തമിഴ്നാട് സര്‍ക്കാരിന് കീഴിലുള്ള തമിഴ് നാട് ടെക്സ്റ്റ് ബുക്ക് ആൻഡ് എഡ്യൂക്കേഷണല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ പരസ്യപ്പെടുത്തിയ മൂന്ന് വിവിധ ടെന്‍ഡറുകളാണ് കെല്‍ട്രോണ്‍ സ്വന്തമാക്കിയത്. മൂന്ന് ടെന്‍ഡറുകളുടെയും മൊത്തം മൂല്യം 1076 കോടി രൂപയാണ്. ഓര്‍ഡര്‍ പ്രകാരം ആറു മാസം കാലാവധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണം. കെല്‍ട്രോണിന്‍റെ ഐടി ബിസിനസ് ഗ്രൂപ്പാണ് ഈ മെഗാ ഓര്‍ഡര്‍ നടപ്പിലാക്കുന്നത്.

തമിഴ്നാട്ടിലെ 7985 സ്കൂളുകളില്‍ 8209 ഹൈടെക് ഐടി ലാബുകളും അവയുടെ ഏകോപനത്തിനായുള്ള കമാന്‍ഡ് ആൻഡ് കണ്‍ട്രോള്‍ സെന്‍റര്‍ സ്ഥാപിച്ച് പരിപാലനവും അറ്റകുറ്റപ്പണികളും ഉള്‍പ്പെടെ നിര്‍വഹിക്കുന്നതിന് 519 കോടി രൂപയുടെ ഓര്‍ഡറും, തമിഴ്നാട്ടിലെ വിവിധ സ്കൂളുകളില്‍ 22931 സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിച്ച് അവയുടെ പരിശോധനയും കമ്മിഷനിങ്ങും അറ്റകുറ്റപ്പണികളും നടത്തുന്നതിനായി 455 കോടി രൂപയുടെ ഓര്‍ഡറും തമിഴ്നാട്ടിലെ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ ഉപയോഗത്തിനായുള്ള 79723 ടാബ്‌ലെറ്റ് കംപ്യൂട്ടറുകള്‍ നല്‍കുന്നതിന് 101 കോടി രൂപയുടെ ഓര്‍ഡറുമാണ് ഈ മെഗാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഡെസ്ക് ടോപ് കംപ്യൂട്ടര്‍, വെബ്ക്യാമറ, ഇന്‍ഡോര്‍ ഐപി ക്യാമറ, യുപിഎസ്, ഇന്‍റര്‍നെറ്റ് റൂട്ടര്‍, നെറ്റ്‌വര്‍ക്ക് കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടുന്നതാണ് ഹൈടെക് ലാബുകള്‍. ലാബുകളുടെ ഏകോപനം കേന്ദ്രീകൃതമായി കമാന്‍ഡ് ആൻഡ് കണ്‍ട്രോള്‍ സെന്‍റര്‍ വഴിയാണ് നിര്‍വഹിക്കുന്നത്. ഇതിന്‍റെ അഞ്ചു വര്‍ഷത്തേക്കുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും പദ്ധതിയുടെ ഭാഗമായി കെല്‍ട്രോണ്‍ നിര്‍വഹിക്കും. ലാപ്ടോപ്പ് കംപ്യൂട്ടര്‍, പ്രൊജക്റ്റര്‍, യുഎസ്ബി മള്‍ട്ടിമീഡിയ സ്പീക്കറുകള്‍, ഇന്‍ററാക്റ്റീവ് വൈറ്റ് ബോര്‍ഡ് തുടങ്ങിയവ സ്മാര്‍ട്ട് ക്ലാസ് റൂം സജ്ജീകരണത്തില്‍ ഉള്‍പ്പെടുന്നു. അതുപോലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഓണ്‍സൈറ്റ് വാറണ്ടിയും സേവനവും കെല്‍ട്രോണ്‍ നല്‍കും.

കേരളത്തില്‍ സ്കൂളുകള്‍ ആധുനീകരിക്കുന്നത്തിന്‍റെ ഭാഗമായി സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണാണ് നടപ്പിലാക്കുന്നത്. ഹൈടെക് ക്ലാസ് റൂമുകള്‍ ഒരുക്കുന്നതില്‍ 12 വര്‍ഷത്തോളം പ്രവര്‍ത്തന പരിചയം കൂടാതെ ഈ വര്‍ഷം ഒഡീഷയില്‍ നിന്നും സ്മാർട്ട് ക്ലാസുകള്‍ സ്ഥാപിക്കുന്നതിന് ലഭിച്ച 168 കോടി രൂപയുടെ ഓര്‍ഡറും തമിഴ്നാട്ടില്‍ നിന്നും ഈ മെഗാ ഓര്‍ഡര്‍ നേടാന്‍ സഹായകമായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com