

കർഷകർ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവ ഒരു ഏകീകൃത ഡിജിറ്റൽ ശേഖരത്തിൽ സൂക്ഷിക്കുക, ഈ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് നിലവിലുള്ള സ്റ്റാർട്ടപ്പുകളെക്കൊണ്ട് പരിഹാരം കാണുക എന്നതായിരുന്നു ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യം.
തൃശൂർ: കേര അഗ്രി നെക്സ്റ്റ് സ്റ്റാർട്ടപ്പ് പ്രശ്ന നിർണയ ശിൽപ്പശാല, കേരളത്തിലെ കർഷകരുടെ ഹൃദയത്തോടു ചേർന്നുനിന്ന് അവരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താനുള്ള ശ്രദ്ധേയമായ കാൽവയ്പ്പായി മാറി. ഹോട്ടൽ എലൈറ്റ് ഇന്‍റർനാഷണലിൽ നടത്തിയ ശിൽപ്പശാല, വിഷയത്തിന്‍റെ വൈവിധ്യവും ആധികാരികതയും കൊണ്ട് സമ്പന്നമായി.
ലോക ബാങ്ക് സഹായത്തോടെ കൃഷി വകുപ്പ് നടപ്പാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തിൽ, കേരള സ്റ്റാർട്ടപ്പ് മിഷന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ട കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, ഗവേഷകർ, സംരംഭകർ, സ്റ്റാർട്ടപ്പ് ഉടമകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അവരവരുടെ നൂതന ആശയങ്ങൾ വിശദീകരിച്ചു.
കർഷകർ നേരിടുന്ന യഥാർഥ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവ ഒരു ഏകീകൃത ഡിജിറ്റൽ ശേഖരത്തിൽ സൂക്ഷിക്കുക, ഈ പ്രശ്നങ്ങൾക്ക് പരിഹാരമായുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് നിലവിലുള്ള സ്റ്റാർട്ടപ്പുകളെക്കൊണ്ട് പരിഹാരം കാണുക എന്നതായിരുന്നു ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യം.
സംരംഭകർക്കും ഗവേഷകർക്കും അവരുടെ നൂതന ആശയങ്ങളും സാങ്കേതിക പരിഹാരങ്ങളും പൂർണതയിലെത്തിക്കുന്നതിനുള്ള അടിസ്ഥാന ഡേറ്റയായി ഭാവിയിൽ ഉപയോഗപ്പെടുന്ന തരത്തിലാണ് ഈ ശേഖരം സൂക്ഷിക്കുക. കേര പദ്ധതിയിലെ അഗ്രി ടെക് സ്റ്റാർട്ടപ്പ് വിഭാഗത്തിലൂടെയാണ് ശേഖരം തയാറാക്കുക.
ശിൽപ്പശാലയിൽ പങ്കെടുത്ത കർഷകർ നെല്ല്, തെങ്, വാഴ, കമുക്, സുഗന്ധ വിളകൾ, ഫലവൃക്ഷങ്ങൾ, കിഴങ്ങു വർഗങ്ങൾ, കൂൺ കൃഷി, തേനീച്ച വളർത്തൽ, പുതു തലമുറ ഫലവൃക്ഷങ്ങൾ തുടങ്ങി കാർഷിക മേഖലയിൽ അവരവർ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ, വന്യജീവി ആക്രമണം, കാർഷികോത്പന്ന സംഭരണം, കാർഷിക വിളകളുടെ സംസ്കരണവും മൂല്യവർധനവും, വിപണനം, തൊഴിലാളി ക്ഷാമം, കാലാവസ്ഥാ വ്യതിയാനം, കൃത്യത കൃഷി, യന്ത്രവത്കരണം, കീടരോഗ നിർണയം ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ പ്രശ്നങ്ങളാണ് പ്രതിനിധികൾ പ്രധാനമായും ഉന്നയിച്ചത്.
തെരഞ്ഞെടുക്കപ്പെട്ട കർഷകർ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, ഗവേഷകർ, സംരംഭകർ, സ്റ്റാർട്ടപ്പ് ഉടമകൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അവരവരുടെ നൂതന ആശയങ്ങൾ വിശദീകരിച്ചു.
ചർച്ചയിൽ ഉയർന്നുവന്ന തെരഞ്ഞെടുത്ത പ്രശ്ന-പരിഹാരങ്ങൾക്ക് അനുയോജ്യമായ നൂതന ആശയങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് സമർപ്പിക്കാവുന്നതാണ്. മികച്ച ആശയങ്ങൾ സാങ്കേതികത്തികവോടെ യാഥാർഥ്യമാക്കുന്നതിനായി കേര പദ്ധതിയിലുൾപ്പെടുത്തി കേരള സ്റ്റാർട്ടപ്പ് മിഷൻ വഴി ഫണ്ടിങ് ഉറപ്പുവരുത്തും.
കേര റീജ്യനൽ പ്രൊജക്റ്റ് ഡയറക്റ്റർ പി. ഉണ്ണിരാജന്‍റെ അധ്യക്ഷതയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോഗ്രാം ഹെഡ് അശോക് കുര്യൻ പദ്ധതി വിശദീകരിച്ചു. കേര പദ്ധതി രൂപരേഖ എസ്‌പിഎംയു പ്രൊക്യൂർമെന്‍റ് ഓഫിസർ സുരേഷ് സി. തമ്പി വിശദീകരിച്ചു. തൃശൂർ ആത്മ പ്രൊജക്റ്റ് ഡയറക്ടർ മീന മാത്യു, എൻ.ഡബ്ള്യു. ഡിപിആർഎയുടെ ഡെപ്യൂട്ടി ഡയറക്റ്റർ ഡോ. എസ്. സ്വപ്ന, കേര പ്രൊജക്റ്റ് ടെക്നിക്കൽ സ്പെഷ്യലിസ്റ്റ് ശ്രീബാല അജിത്, തൃശൂർ ആർപിഎംയു ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്റ്റർ ജോസഫ് ജോൺ എന്നിവർ പങ്കെടുത്തു.