നാളികേരത്തിന്‍റെ പരിശുദ്ധിയുമായി കേരാടെക്കിന്‍റെ വെർജിൻ പ്ലസ്
നമിത മോഹനൻ
വെർജിൻ കോക്കനട്ട് ഓയിൽ മുതൽ ഹെയർ ക്രീമും മൗത്ത് ഫ്രഷ്നറും ഇമ്യൂണിറ്റി ക്യാപ്സൂൾസും വരെയുള്ള നാളികേരത്തിന്‍റെ ഗന്ധവും പരിശുദ്ധിയുമുള്ള ഉത്പന്നങ്ങൾ... കേരാടെക് എന്ന സംരംഭം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിപണിയിൽ ഇടം സ്വന്തമാക്കിയത് ആ പരിശുദ്ധിയിലൂടെയാണ്. നീണ്ട പതിനഞ്ചു വർഷത്തെ പ്രയത്നത്തിലൂടെ നാളികേരത്തിൽ നിന്നുള്ള ഉത്പന്നങ്ങൾ കൊണ്ട് ലോകമെങ്ങും കേരളത്തിന്‍റെ മുദ്ര പതിപ്പിച്ചിരിക്കുകയാണ് തൃശൂരിലെ കേരാടെക് എന്ന സംരംഭം.
ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോയെങ്കിലും ഇന്നു ലോകമെങ്ങും പ്രശസ്തമാണ് കേരാടെക്കിന്‍റെ "വെർജിൻ പ്ലസ്" ഉത്പന്നങ്ങളെന്ന് കേരാടെക്കിന്‍റെ സ്ഥാപകനായ കെ.വി. മോഹനന്‍റെ മകളും നിലവിലെ സാരഥിയുമായ മോനിഷ പറയുന്നു.
ഒരു പ്രവാസിയുടെ സ്വപ്നം
പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തിയ അഡ്വ. കെ.വി. മോഹനന് കൃഷിയോട് ഉളള താത്പര്യമാണ് കേരാടെക് എന്ന സംരംഭം യാഥാർഥ്യമായതിനു പിന്നിൽ. തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിയായിരുന്നു മോഹനൻ. അങ്ങനെയാണ് കടലോര പ്രദേശമായ ഏങ്ങണ്ടിയൂരിൽ ഏറ്റവും സുലഭമായി ലഭിക്കുന്ന നാളികേരത്തിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാമെന്ന തീരുമാനത്തിലെത്തുന്നത്. അങ്ങനെ 2008 ൽ "വെർജിൻ പ്ലസ്" എന്ന ബ്രാൻഡിൽ കേരാടെക് എന്ന സ്ഥാപനം കേന്ദ്ര നാളികേര വികസന ബോർഡിന്‍റെ സഹായത്തോടെ ആരംഭിച്ചു.
തീരദേശ മേഖലയായതുകൊണ്ട് സമീപസ്ഥലങ്ങളിൽ നിന്ന് തന്നെ തെരഞ്ഞെടുത്ത ഗുണനിലവാരമുള്ള നാളികേരം ന്യായവില കൊടുത്ത് കർഷകരിൽ നിന്നു നേരിട്ട് ശേഖരിച്ചാണ് ഉത്പന്നങ്ങൾ തയാറാക്കുന്നത്. ഓസ്ട്രേലിയൻ ടെക്നോളജിയിൽ തുടങ്ങി നൂതന സാങ്കേതികവിദ്യയായ കോൾഡ് പ്രോസസിങ് ടെക്നോളജിയിലൂടെയാണ് വെർജിൻ വെളിച്ചെണ്ണ ഇന്ന് കേരാടെക് ഉത്പാദിപ്പിക്കുന്നത്.
തലമുറ മാറ്റം
സംരംഭം വിജയകരമായി മുന്നോട്ടു പോകവേയാണ് 2021ൽ കെ.വി. മോഹനന്‍റെ വിയോഗം. പിന്നീടിങ്ങോട്ട് സംരംഭത്തിന്‍റെ പൂർണ ഉത്തരവാദിത്വം മകൾ മോനിഷ ഏറ്റെടുക്കുകയായിരുന്നു.
ആദ്യ കാലത്ത് കേരാടെക് വിപണന മേഖലകളിലെല്ലാം നിരവധി പ്രതിസന്ധി നേരിട്ടിരുന്നുവെന്ന് മോനിഷ പറയുന്നു. എന്നാൽ ഇന്ന്, വർഷം രണ്ടരക്കോടി രൂപയോളം വരുമാനമുള്ള വ്യവസായമായി മാറിയിരിക്കുന്നു. പതിനഞ്ചോളം സ്ത്രീകൾക്ക് സ്ഥിരം വരുമാനമാർഗവുമാണ് ഇന്നത്തെ കേരാടെക്.
അതിജീവനം
പ്രളയവും കൊറോണയും എല്ലാ മേഖലയെയും പോലെ തങ്ങളെയും ബാധിച്ചിരുന്നുവെന്നും മോനിഷ ഓർത്തെടുക്കുന്നു. അക്കാലത്തും ഓർഡറുകൾ കൃത്യമായി ലഭ്യമാക്കുന്നതിൽ വിജയിച്ചിരുന്നുവെന്ന് മോനിഷ.
ഇപ്പോൾ താത്കാലികമായ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ശക്തമായ തിരിച്ചു വരവിന്‍റെ പാതയിലാണ് കേരാടെക്. പുറം രാജ്യങ്ങളിൽ മാത്രമല്ല കേരളത്തിനകത്തും പുറത്തും കേരടെക്കിന്‍റെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. വെർജിൻ ഓയിലിനെക്കുറിച്ചും കേരടെക്കിന്‍റെ മറ്റു പ്രോഡക്‌ടുകളെക്കുറിച്ചും ഇപ്പോൾ ആളുകൾ കുറച്ചു കൂടി ബോധവാൻമാരാണെന്നും മോനിഷ പറയുന്നു.
മൂല്യവർധിത ഉത്പന്നങ്ങളിലെ വൈവിധ്യം
എക്സ്ട്രാ വെർജിൻ കോക്കനട്ട് ഓയിൽ, ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ, ഇമ്യൂണിറ്റി കാപ്സൂൾസ്, മസാജിങ് ഓയിൽ, ഹെയർ ക്രീം, മൗത്ത് ഫ്രഷ്നർ, പുള്ളിംഗ് ഓയിൽ, കോക്കനട്ട് ചിപ്സ്, കോക്കനട്ട് ഓയിൽ, കോക്കനട്ട് ചമ്മന്തിപ്പൊടി, നാച്ചുറൽ ഹെർബൽ സോപ്പ്, കോക്കനട്ട് ഷുഗർ തുടങ്ങി പത്തിലധികം പ്രോഡക്‌റ്റുകളാണ് കേരാടെക്കിന്‍റേതായി ഇന്നു മാർക്കറ്റിലുള്ളത്.
കൂട്ടത്തിൽ, അമ്മയുടെ മുലപ്പാലിലും പ്രകൃതിദത്തമായി നാളികേരത്തിലും അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് 48 - 50% വരെ ഉള്ള എക്സ്ട്രാ വെർജിൻ കോക്കനട്ട് ഓയിലിനാണ് പ്രാമുഖ്യം കൂടുതലെന്ന് മോനിഷ പറയുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഗുണദായകമായ ഈ വെർജിൻ ഓയിലിന് ഇന്ത്യയ്ക്കകത്തും പുറം രാജ്യങ്ങളിലും ആവശ്യക്കാർ ഏറെയാണ്.
സുലഭമായ ഉത്പന്നങ്ങൾ
നിലവിൽ സിംഗപ്പൂർ, മലേഷ്യ, യുഎഇ, എന്നിവിടങ്ങളിലേക്കാണ് പ്രൊഡക്‌ടുകൾ എക്സ്പോർട്ട് ചെയ്യുന്നത്. കേരളത്തിലെ പ്രമുഖ സൂപ്പർ മാർക്കറ്റുകളിൽ കേരാടെക്കിന്‍റെ വെർജിൻ പ്ലസ് ഉത്പന്നങ്ങൾ ലഭ്യമാണ്.
കോക്കനട്ട് ഡെവലപ്മെന്‍റ് ബോർഡിന്‍റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെയും എക്സിബിഷനുകളും ഏറെ സഹായകരമാകാറുണ്ട്. മാത്രമല്ല ഇന്ത്യ മാർട്ട് പോലുളള പോർട്ടലുകൾ വഴിയും ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കോമേഴ്സ് ആപ്പുകൾ വഴിയും ഓർഡറുകൾ വരാറുണ്ടെന്നും മോനിഷ.
Phone: +91 73069 05622
Email: info@keratechindia.com