കെഎഫ്‌സിയിൽ നിന്ന് 5 കോടി രൂപ വരെ വായ്പ; 6% പലിശ, അതിൽ പകുതി സബ്സിഡി

മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച സിഎംഇഡിപി പദ്ധതിയിൽ വായ്പാ പരിധി 5 കോടിയാക്കി, വാർഷിക പലിശ 6 ശതമാനമായി കുറച്ചു. ചെറുകിട സംരംഭങ്ങൾക്ക് വലിയ ആശ്വാസം
KFC CMEDP loan limit raised to ₹5 crore at 6% interest

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ

Updated on

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്‍റെ (കെഎഫ്‌സി) മുഖ്യപദ്ധതിയായ 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി'യുടെ (CMEDP) വായ്പാ പരിധി 5 കോടി രൂപയായി ഉയർത്തി. സംസ്ഥാന ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നടത്തിയ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. രണ്ട് കോടി രൂപയായിരുന്ന വായ്പാ പരിധിയാണ് അഞ്ച് കോടിയാക്കിയിരിക്കുന്നത്.

ആറ് ശതമാനമാണ് പദ്ധതിയുടെ വാർഷിക പലിശ നിരക്ക്. ഇതിൽ ആദ്യ അഞ്ച് വർഷത്തേക്ക് 3 ശതമാനം പലിശ സബ്സിഡി സംസ്ഥാന സർക്കാർ നൽകുന്നുണ്ട് സംരംഭകരുടെ ഉയർന്ന പ്രായപരിധി 50ൽ നിന്ന് 60 വയസാക്കാനും തീരുമാനം.

ചെറുകിട, ഇടത്തരം സംരംഭകർക്ക് കുറഞ്ഞ പലിശയിൽ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ പരിധി 5 കോടിയായി വർധിപ്പിച്ചതോടെ, സംരംഭകർക്ക് കൂടുതൽ വിപുലമായ ബിസിനസ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നിലവിലുള്ളവ വളർത്തുന്നതിനും വഴിയൊരുങ്ങും.

സംസ്ഥാനത്ത് ആയിരക്കണക്കിന് സംരംഭങ്ങൾക്ക് കരുത്തേകാൻ സിഎംഇഡിപി (CMEDP) പദ്ധതിക്ക് സാധിച്ചിട്ടുണ്ടെന്ന് കെഎഫ്‌സി മാനേജിങ് ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് ഐഎഎസ് വ്യക്തമാക്കി. ഇതുവരെ 3,149 സംരംഭങ്ങൾക്കായി 1,512.38 കോടി രൂപയാണ് പദ്ധതിയിലൂടെ വായ്പയായി നൽകിയത്. ഇതിലൂടെ 94,470 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്.

അപേക്ഷിക്കേണ്ട വിധം

പ്രായപരിധി 60 വയസാക്കിയതോടെ കൂടുതൽ അനുഭവസമ്പന്നരായ സംരംഭകർക്ക് പദ്ധതിയുടെ ഭാഗമാകാൻ അവസരം ലഭിക്കും. ഉദ്യം രജിസ്ട്രേഷൻ (Udyam Registration) ഉള്ള സംരംഭകർക്ക് കെഎഫ്‌സിയുടെ ഏറ്റവും അടുത്തുള്ള ശാഖ വഴിയോ കോർപ്പറേഷന്‍റെ വെബ്സൈറ്റ് (www.kfc.org) വഴിയോ അപേക്ഷ സമർപ്പിക്കാം. ഭേദഗതികൾ വരുത്തിയ പുതിയ വായ്പാ വിതരണം ഉടൻ ആരംഭിക്കുമെന്ന് കെഎഫ്‌സി അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com