വ്യവസായ, നിയമ മേഖലകളിലും കിഫ്ബിയിലൂടെ വികസനക്കുതിപ്പ് | Video

സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്‍റെ കീഴിൽ നിർമിച്ചിരിക്കുന്ന ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ പുതുതായി 8 കമ്പനികൾ കൂടി പ്രവർത്തനമാരംഭിച്ചു

വികസനത്തിന്‍റെ പാതയിലാണ് കേരളം. നിയമ, ശാസ്ത്ര സാങ്കേതിക, വാണിജ്യ- വ്യവസായ മേഖലകളിലെല്ലാം ഈ മാറ്റം പ്രകടമാണ്. കണ്ണൂരിലെ തലശേരിയിൽ നിർമിച്ച പുതിയ കോടതി സമുച്ചയം വികസനക്കുതിപ്പിന്‍റെ മികച്ച ഉദാഹരങ്ങളിൽ ഒന്നാണ്. സംസ്ഥാനത്തെ ഏറ്റവും മനോഹരമായ കോടതി സമുച്ചയമാണ് തലശ്ശേരിയിൽ യാഥാർഥ്യമായത്.

സംസ്ഥാന നിയമ മന്ത്രി പി. രാജീവിന്‍റെ നേതൃത്വത്തിൽ കിഫ്ബി ഫണ്ടിൽ നിന്ന് 56 കോടി രൂപ വിനിയോഗിച്ചാണ് കോടതി സമുച്ചയം നിർമിച്ചത്. എട്ടു നിലകളിലായി 136 മുറികളോടെ നിർമിച്ചിരിക്കുന്ന കെട്ടിടത്തിൽ നാല് അഡീഷണൽ ജില്ലാ കോടതികൾ, കുടുംബ കോടതി, മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണൽ, പോക്സോ സ്പെഷൽ കോടതി, രണ്ട് അസിസ്റ്റന്‍റ് സെഷൻസ് കോടതികൾ, രണ്ട് മജിസ്ട്രേറ്റ് കോടതികൾ, വിജിലൻസ് കോടതി എന്നിവയാണ് പ്രവർത്തിക്കുന്നത്. ജുഡീഷ്യൽ ഓഫിസർമാർ, അഭിഭാഷകർ, എന്നിവർക്കായുള്ള വിശ്രമമുറി, ഗുമസ്തൻമാർക്കുള്ള മുറി, സാക്ഷികൾക്കായുള്ള വിശ്രമമുറികൾ, ബാങ്ക്, പോസ്റ്റ് ഓഫിസ്, കാന്‍റീൻ എന്നിവയും സമുച്ചയത്തിലുണ്ട്. സോളാർ പാനൽ ഉപയോഗിച്ചാണ് കെട്ടിടത്തിലേക്ക് ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

റവന്യൂ വകുപ്പും വികസനക്കുതിപ്പിൽ ഒപ്പത്തിനൊപ്പം തന്നെയുണ്ട്. കാസർഗോഡ് കാഞ്ഞങ്ങാട് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷനിലൂടെ വികസനത്തിന്‍റെ മറ്റൊരു മാതൃക കൂടിയാണ് സർക്കാർ മുന്നോട്ടു വച്ചത്. കിഫ്ബി ധനസഹായത്തോടെയാണ് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്. സംസ്ഥാന ഭവന നിർമാണ ബോർഡിനായിരുന്നു പദ്ധതിയുടെ ചുമതല.

3615.78 ചതുരശ്ര മീറ്ററിൽ നിർമിച്ച മൂന്നു നില കെട്ടിടത്തിൽ സപ്ലൈ ഓഫിസ്, ഇക്കണോമിസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്കൽ സർവേ ഓഫിസ്, ലേബർ ഓഫിസ്, ലീഗൽ മെട്രോളജി, വ്യവസായ വികസന ഓഫിസ് എന്നിവയും താലൂക്ക് ഓഫിസ്, ഇലക്ഷൻ ഓഫിസ്, റെക്കോഡ് റൂം, ജോയിന്‍റ് ആർടി ഓഫിസ്, എംപ്ലോയ്മെന്‍റ് ഓഫിസ് പൊതുമരാമത്ത് വകുപ്പ് ഓഫിസ്, മണ്ണ്, ജല സംരക്ഷണ ഓഫിസ് എന്നിവയും പ്രവർത്തിക്കുന്നുണ്ട്. 12 കോടി രൂപയാണ് കെട്ടിടത്തിനായി അനുവദിച്ചിരുന്നത്.

തിരുവനന്തപുരം തോന്നയ്ക്കലിൽ ബയോ 360 ലൈഫ് സയൻസസ് പാർക്കിന്‍റെ രണ്ടാം ഘട്ടത്തിനു വേണ്ടി സർക്കാർ 128.5 ഏക്കർ ഭൂമി ഏറ്റെടുത്തതും ഇതോടൊപ്പം ചേർത്തു പറയാവുന്നതാണ്. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്‍റെ കീഴിൽ നിർമിച്ചിരിക്കുന്ന പാർക്കിൽ പുതുതായി 8 കമ്പനികൾ കൂടി അടുത്തിടെ പ്രവർത്തനമാരംഭിച്ചു. കേരളത്തിലെ ആദ്യത്തെ ലൈഫ് സയൻസസ് പാർക്ക് ആണ് ബയോ 360. 2013 ൽ സ്ഥാപിച്ച പാർക്കിന്‍റെ ഒന്നാം ഘട്ടം 75 ഏക്കർ ഇടത്തായാണ് പൂർത്തിയാക്കിയത്.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com