

കൊച്ചി: വ്യാപാരികളുടെ ആശങ്ക പരിഹരിക്കാതെ "കാര്‍ ബൂട്ട് സെയിലിന്' സര്‍ക്കാര്‍ അനുമതി നല്‍കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) എറണാകുളം ജില്ലാ പ്രസിഡന്‍റ് പി.സി. ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷര്‍ സി.എസ്. അജ്മല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
തെരുവു കച്ചവടത്തിന്‍റെ മറ്റൊരു രൂപമാണ് കാറുകളുടെ പിൻഭാഗത്തെ ലഗേജ് സ്പെയ്സിൽ സാധനങ്ങൾ നിരത്തി നടത്തുന്ന കാർ ബൂട്ട് സെയില്‍. ഇത് ഏറ്റവും അധികം ബാധിക്കുന്നത് വായ്പയെടുത്തും പലിശയ്ക്ക് പണം വാങ്ങിയും സ്ഥാപനങ്ങള്‍ നടത്തുന്ന ചെറുകിട- ഇടത്തരം വ്യാപാരികളെയും മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയുമാണ്. ലൈസന്‍സ് ഫീസ്, കെട്ടിട വാടക, ടാക്സ്, തൊഴിലാളികളുടെ ശമ്പളം, ക്ഷേനിധി, വൈദ്യുതി- വാട്ടർ ബിൽ എന്നിവയൊക്കെ അടച്ചാണ് വ്യാപാരികൾ സ്ഥാപനങ്ങള്‍ നടത്തുന്നത്. ഇതൊന്നുമില്ലാത്ത തെരുവോരക്കച്ചവടം വ്യാപാരികളെ നോക്കുകുത്തികളാക്കി പൊടിപൊടിക്കുമ്പോൾ അവയെ നിയന്ത്രിക്കാതെ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
വന്‍ പ്രതിസന്ധിയാണ് സംസ്ഥാനത്ത് ചെറുകിട- ഇടത്തരം വ്യാപാരികള്‍ നേരിടുന്നത്. പലരും ആത്മഹത്യയുടെ വക്കിലാണ്. ഇതിനിടയിലാണ് തെരുവോരക്കച്ചടവത്തിന്‍റെ മറ്റൊരു രൂപമായ കാര്‍ ബൂട്ട് സെയിലിന്‍റെ രംഗപ്രവേശം. കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇതിലൂടെ വില്‍പ്പന നടത്തുന്നതിനെ ഏകോപന സമിതി എതിര്‍ക്കുന്നില്ല.
എന്നാല്‍ ഇതിന്‍റെ മറവില്‍ മറ്റ് ഉത്പന്നങ്ങളുടെ വില്‍പ്പന ഇതിലൂടെ അംഗീകരിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മൗനം വെടിയുന്നില്ലെങ്കില്‍ പ്രക്ഷോഭവുമായി വ്യാപാരികള്‍ക്ക് തെരുവിലിറങ്ങേണ്ടിവരുമെന്നും സമിതി നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.