എൽഐസി ഓഹരി വില റെക്കോഡിൽ

ഇന്ന് രാജ്യത്തെ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിട്ടപ്പോഴാണ് എല്‍ഐസി ഓഹരി വില വന്‍ മുന്നേറ്റം കാഴ്ചവെച്ചത്.
LIC share price at record high
LIC share price at record high

ബിസിനസ് ലേഖകൻ

കൊച്ചി: പൊതുമേഖലാ കമ്പനിയായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍റെ (എല്‍ഐസി) ഓഹരി വില ഇന്ന് റെക്കോഡ് ഉയരത്തിലെത്തി. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എല്‍ഐസി ഓഹരി വില ഇന്ന് ഒരവസരത്തില്‍ 955 രൂപ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ലാഭമെടുപ്പ് ശക്തമായതോടെ ഓഹരി വില 17.30 രൂപയുടെ വർധനയോടെ 932.90ല്‍ വ്യാപാരം പൂര്‍ത്തിയാക്കി.

ഇന്ന് കമ്പനിയുടെ വിപണി മൂല്യം ഒരവസരത്തില്‍ 6.2 ലക്ഷം കോടി രൂപ വരെ ഉയര്‍ന്നിരുന്നു. 2022 മേയ് 17ന് എല്‍ഐസി ഓഹരികള്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത ദിവസം രേഖപ്പെടുത്തിയ 920 രൂപ മറികടക്കാന്‍ രണ്ട് വര്‍ഷത്തിലധികമാണ് എടുത്തത്. ഇതോടെ എസ്ബിഐയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ വിപണി മൂല്യമുള്ള പൊതുമേഖലാ കമ്പനിയായി എല്‍ഐസി മാറി.

പ്രാരംഭ ഓഹരി വിൽപ്പന സമയത്ത് വിപണിയില്‍ വന്‍ വലിയ ആവേശം ദൃശ്യമായിരുന്നെങ്കിലും ലിസ്റ്റ് ചെയ്തതിനു ശേഷം ഓഹരി വില തുടര്‍ച്ചയായി തകര്‍ച്ച നേരിട്ടു. ഇന്ത്യയിലെ ചെറുകിട, ഇടത്തരം, മുന്‍നിര കമ്പനികളെല്ലാം ഓഹരി വിലയില്‍ വന്‍ കുതിപ്പ് നടത്തിയപ്പോഴും എല്‍ഐസി നിക്ഷേപകര്‍ വന്‍ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് എല്‍ഐസി ഓഹരികള്‍ വീണ്ടും മുകളിലേക്ക് നീങ്ങിയത്.

ഊഹക്കച്ചവടക്കാരുടെ ഇടപെടലാണ് എല്‍ഐസി ഓഹരികള്‍ക്ക് തിരിച്ചടി നേരിട്ടത്. കഴിഞ്ഞവര്‍ഷം ഒരവസരത്തില്‍ എല്‍ഐസിയുടെ ഓഹരി വില 530 രൂപ വരെ താഴ്ന്നിരുന്നു. റീട്ടെയ്‌ല്‍ നിക്ഷേപകര്‍ വളരെയേറെ ആവേശത്തോടെ പങ്കെടുത്ത പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ എല്‍ഐസിയുടെ 3.5% ഓഹരികള്‍ വിറ്റഴിച്ച് 21,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത്. ഓഹരി ഒന്നിന് 949 രൂപ വിലയാണ് വിൽപ്പന സമയത്ത് നിക്ഷേപകരില്‍ നിന്ന് ഈടാക്കിയത്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ ഓഹരി വില 1000 രൂപ കടക്കാന്‍ ഇടയുണ്ട്. ഇന്ന് രാജ്യത്തെ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിട്ടപ്പോഴാണ് എല്‍ഐസി ഓഹരി വില വന്‍ മുന്നേറ്റം കാഴ്ചവെച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com