പലിശ നിരക്ക് കുറയും: 5 വർഷത്തെ ഇടവേളയ്ക്കു ശേഷം RBI റിപ്പോ നിരക്ക് കുറച്ചു

ക്യാഷ് റിസർവ് റേഷ്യോയിലും (CRR) കുറവ് വരുത്തിയിട്ടുണ്ട്. രണ്ട് നിരക്കുകളും കുറയുന്നത് വായ്പാ പലിശകൾ കുറയ്ക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കും
RBI Governor Sanjay Malhotra
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര
Updated on

മുംബൈ: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി (MPC) യോഗം റിപ്പോ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചു. പുതിയ RBI ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിൽ ചേർന്ന യോഗം 25 ബേസിസ് പോയിന്‍റിന്‍റെ കുറവാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇതോടെ റിപ്പോ നിരക്ക് 6.25 ശതമാനമായി കുറയും. ഭവന, വാഹന, വ്യക്തിഗത വായ്പകളിൽ അടക്കം ആനുപാതികമായ കുറവ് ബാങ്കുകൾ നടപ്പാക്കുമെന്നു പ്രതീക്ഷിക്കുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കിൽ കുറവ് വരുത്തുന്നത്.

രാജ്യത്തിന്‍റെ സാമ്പത്തിക സാഹചര്യങ്ങൾ അടിസ്ഥാനമാക്കിയാണ് ധന നയത്തിൽ തീരുമാനങ്ങൾ സ്വീകരിച്ചിരിക്കുന്നതെന്ന് സഞ്ജയ് മൽഹോത്ര വ്യക്തമാക്കി. നാണ്യപ്പെരുപ്പം ആരോഗ്യകരമായ സ്ഥിതിയിൽ നിയന്ത്രിക്കുകയും, ഒപ്പം വളർച്ചയെ പരിപോഷിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും ആർബിഐ ഗവർണർ.

എംപിസിയുടെ കഴിഞ്ഞ 11 യോഗങ്ങളിലും റിപ്പോ നിരക്ക് 6.5 ശതമാനമായി നിലർത്തുകയായിരുന്നു. ശക്തികാന്ത ദാസ് ഗവർണറായിരിക്കെ നടത്തിയ കഴിഞ്ഞ യോഗത്തിൽ അടക്കം ഇതിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാരിൽ നിന്ന് സമ്മർദമുണ്ടായിരുന്നെങ്കിലും നയം മാറിയിരുന്നില്ല. അന്ന് 5-1 ഭൂരിപക്ഷത്തിലാണ് നിരക്ക് മാറ്റേണ്ടെന്ന തീരുമാനമുണ്ടായത്. ഇതിലാണ് പുതിയ ഗവർണർക്കു കീഴിൽ ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

റിപ്പോ നിരക്ക് കൂടാതെ ക്യാഷ് റിസർവ് റേഷ്യോയിലും (CRR) കുറവ് വരുത്തിയിട്ടുണ്ട്. സിആർആർ 50 ബേസിസ് പോയിന്‍റ് കുറഞ്ഞ് നാല് ശതമാനമാകുന്നതും ബാങ്കുകൾക്ക് പലിശ നിരക്കിൽ കുറവ് വരുത്താൻ അനുകൂലമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് ബേസിസ് പോയിന്‍റുകളിൽ കുറവ് വരുത്തിയിരിക്കുന്നത്. ഇൻകം ടാക്സ് അടക്കമുള്ള നികുതി നിരക്കുകളിൽ വലിയ തോതിൽ കുറവ് വരുത്തിയായിരുന്നു നിർമല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനങ്ങൾ.

ഈ സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ആർബിഐ കണക്കാക്കുന്ന വളർച്ചാ നിരക്ക് 7.2 ശതമാനമാണ്. എന്നാൽ, സാമ്പത്തിക സർവേയിലും നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്‍റെ കണക്കിലും ഇത് 6.4 ശതമാനമാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com