മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു

വിശുദ്ധനഗരമായ മക്കയ്ക്ക് പിന്നാലെ മദീനയിലേക്ക് കൂടി സാന്നിദ്ധ്യം വിപുലമാക്കി ലുലു റീട്ടെയ്ൽ
Lulu express store opened at Madeena
മദീനയിൽ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
Updated on

മദീന: വിശുദ്ധനഗരമായ മക്കയ്ക്ക് പിന്നാലെ മദീനയിലേക്ക് കൂടി സാന്നിദ്ധ്യം വിപുലമാക്കി ലുലു റീട്ടെയ്ൽ. ഹജ്ജ്-ഉംറ കർമ്മങ്ങൾ നിർവ്വഹിക്കാനെത്തുന്ന തീർത്ഥാ‌ടകർക്ക് കൂടി സൗകര്യപ്രദമായ രീതിയിലാണ് മദീനയിലെ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ നിർമിച്ചിരിക്കുന്നത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മദീന ചേംബർ ഓഫ് കോമേഴ്സ് ചെയർമാൻ മാസെൻ ബിൻ ഇബ്രാഹിം റജബ് ഉദ്ഘാടനം നിർവ്വഹിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030 ന്‍റെ ഭാഗമായി കൂടിയാണ് മദീനയിൽ പുതിയ ലുലു സ്റ്റോർ തുറന്നത്.

പുണ്യനഗരമായ മദീനയിൽ തീർത്ഥാടകർക്കും പ്രദേശവാസികൾക്കുമായി ലുലു ആരംഭിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. സൗദി അറേബ്യയുടെ പ്രാദേശിക വികസനത്തിനൊപ്പം മികച്ച തൊഴിലവസരങ്ങളാണ് ഇതിനൊടൊപ്പം യാഥാർത്ഥ്യമായതെന്നും യൂസഫലി പറഞ്ഞു. മക്കയിലും മദീനയിലും സേവനം വിപുലീകരിക്കാനായതിൽ അഭിമാനമുണ്ടെന്നും സൗദി ഭരണകൂടം നൽകുന്ന പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മദീനയിൽ ഹൈപ്പർ മാർക്കറ്റ് ഉൾപ്പെടെ മൂന്ന് സ്റ്റോറുകൾ കൂടി ഉടൻ ആരംഭിക്കും. ഇതുൾപ്പെടെ സൗദി അറേബ്യയിൽ വിവിധ പദ്ധതികൾ ഉടൻ യാഥാർത്ഥ്യമാകുമെന്നും യൂസഫലി കൂട്ടിച്ചേർത്തു. അൽ മനാഖ അർബൻ പ്രോജക്ട് ഡെവലപ്‌മെന്‍റ് കമ്പനിയുമായി സഹകരിച്ചാണ് 23,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള മദീനയിലെ ലുലു സ്റ്റോർ നിർമിച്ചത്. ദൈനംദിന ഉത്പന്നങ്ങൾ, ഫ്രഷ് ഫുഡ് വിഭാഗം, മൊബൈൽ ഡിജിറ്റൽ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ എന്നിവയുടെ ശേഖരം

ലുലുവിൽഒരുക്കിയിട്ടുണ്ട്.

ലുലു സ്റ്റോർ പുലർച്ചെ ആറ് മണി മുതൽ അർധരാത്രി 12 വരെ പ്രവർത്തിക്കും. മക്കയിലെ ജബൽ ഒമറിൽ മസ്ജിദ് അൽ ഹറാമിന് സമീപവും ലുലു പ്രവർത്തിക്കുന്നുണ്ട്. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ്, ബിസിനസ് ഡവലപ്പ്മെന്‍റ് ഡയറക്ടർ റഫീഖ് യാരത്തിങ്കൽ, ജിദ്ദ റീജിയണൽ ഡയറക്ടർ നൗഷാദ് എം.എ. എന്നിവരും ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com