ഏറ്റവും സമ്പന്നനായ മലയാളി എം.എ. യൂസഫലി തന്നെ, രണ്ടാം സ്ഥാനത്ത് മരുമകനും

ഇന്ത്യയിൽ ഒന്നാമത് മുകേഷ് അംബാനി
MA Yusuff Ali
MA Yusuff Ali
Updated on

കൊച്ചി: ഏറ്റവും കൂടുതൽ ആസ്തികളുള്ള മലയാളികളില്‍ എം.എ. യൂസഫലി ബഹുദൂരം മുന്നില്‍. ഹുറൂണ്‍ ഇന്ത്യയുടെ അതിസമ്പന്നരുടെ പട്ടികയില്‍ യൂസഫലി ഈ സ്ഥാനം നിലനിര്‍ത്തുകയായിരുന്നു.

യൂസഫലിക്ക് 55,000 കോടി രൂപയുടെ ആസ്തിയാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംസീര്‍ വയലിലിന് 33,000 കോടി രൂപയുടെ ആസ്തി. യൂസഫലിയുടെ മരുമകനായ ഡോ. ഷംസീർ, റേഡിയോളജിസ്റ്റും യുഎഇയില്‍ ആരോഗ്യ സംരംഭകനുമാണ്. കൊച്ചിയിലുള്ള മള്‍ട്ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായ ലേക്ക് ഷോർ ഹോസ്പിറ്റലിന്‍റെ ചെയര്‍മാനുമാണ്.

അതേസമയം, ഹുറൂണിന്‍റെ പട്ടികയില്‍ ഇന്ത്യയിലെ ഒന്നാം സ്ഥാനം റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കാണ്. രണ്ടാം സ്ഥാനത്ത് ഗൗതം അദാനി. ദേശീയ റാങ്കില്‍ 25ാം സ്ഥാനത്താണ് യൂസഫലി. ഷംസീര്‍ വയലില്‍ 46ാം സ്ഥാനത്തും.

Dr Shamsheer Vayalil
Dr Shamsheer Vayalil

ഫോബ്സിന്‍റെ പട്ടിക പ്രകാരം ജൂലായ് 29 വരെ 46060 കോടിയായിരുന്നു യൂസഫലിയുടെ ആസ്തി. ഇവിടെ നിന്ന് വലിയ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്. ഫാഷന്‍-റീട്ടെയില്‍ സെക്ടറില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ കോടീശ്വരനാണ് യൂസഫലി. ഒന്നാം സ്ഥാനത്ത് രാധാകിഷന്‍ ദമനിയാണ്.

ലുലു ഗ്രൂപ്പ് അബുദാബി ആസ്ഥാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയും, ലുലു അന്താരാഷ്ട്ര ഷോപ്പിംഗ് മാളും യൂസഫലിയുടെ ലുലു ഗ്രൂപ്പിന്‍റെ ഭാഗമാണ്. എട്ട് ബില്യണ്‍ യുഎസ് ഡോളറാണ് ഇതിന്‍റെ വാര്‍ഷിക ടേണോവര്‍. ഏകദേശം 65800 കോടി രൂപ വരും.

ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയിലും യൂസഫലിയാണ് ഏറ്റവും ധനികനായ മലയാളി. ജോയ് ആലുക്കാസ്, ഡോ. ഷംഷീര്‍ വയലില്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വ്യക്തിഗത സമ്പന്നര്‍ക്കൊപ്പം 4.9 ബില്യണ്‍ ഡോളര്‍ (റാങ്ക് 43) ആസ്തിയുമായി മുത്തൂറ്റ് കുടുംബവും മുന്‍നിരയിലുണ്ട് ഫോബ്സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരന്‍മാരിലാണ് കേരളത്തില്‍ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവും ഉള്‍പ്പെട്ടത്.

Joy Alukkas
Joy Alukkas

മുന്‍വര്‍ഷത്തെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 68 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 92 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ 3.25 ബില്യണ്‍ ഡോളര്‍ (റാങ്ക് 67), ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള, 3.2 ബില്യണ്‍ ഡോളര്‍ (റാങ്ക് 69), ജെംസ് ഗ്രൂപ്പ് മേധാവി സണ്ണി വര്‍ക്കി, 2.93 ബില്യണ്‍ ഡോളര്‍ (റാങ്ക് 78) എന്നിവരാണ് ഫോബ്സിന്‍റെ ഇന്ത്യ സമ്പന്ന പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com