
ബിസിനസ് ലേഖകൻ
കൊച്ചി: അടുത്ത വര്‍ഷം പ്രതീക്ഷിക്കുന്ന രീതിയില്‍ പലിശയില്‍ കുറവുണ്ടാകില്ലെന്ന് അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയതോടെ ഇന്ത്യന്‍ ഓഹരി വിപണിയും രൂപയും കനത്ത തകര്‍ച്ച നേരിട്ടു.
വ്യാഴാഴ്ച നടന്ന ധന അവലോകന യോഗത്തില്‍ മുഖ്യ പലിശ കാല്‍ ശതമാനം കുറച്ചതിന് ശേഷമാണ് ലോകമെമ്പാടുമുള്ള വിപണികളെ ആശങ്കയിലാക്കി അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വിലയും കുത്തനെ താഴ്ന്നു. ബോംബെ ഓഹരി സൂചിക സെന്‍സെക്സ് 964.15 പോയിന്‍റ് നഷ്ടവുമായി 79218.05ല്‍ അവസാനിച്ചു.
ദേശീയ സൂചികയായ നിഫ്റ്റി 247.15 പോയിന്‍റ് ഇടിവോടെ 23,951.70ലെത്തി. കഴിഞ്ഞ നാല് സെഷനുകളിലെ വില്‍പ്പന സമ്മര്‍ദത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകരുടെ ആസ്തിയില്‍ 10.5 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.
ഭാവിയില്‍ അധിക ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്ന് ഫെഡറല്‍ റിസര്‍വ് വ്യക്തമാക്കിയതോടെ ലോകമെമ്പാടുമുള്ള ഓഹരി, കമ്പോള, നാണയ വിപണികള്‍ ഇന്നലെ കടുത്ത സമ്മർദം നേരിട്ടു. ഇന്ത്യന്‍ ഓഹരി സൂചികകള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി 85.08 കടന്ന് താഴേക്ക് നീങ്ങി.
രാജ്യാന്തര, ആഭ്യന്തര സ്വര്‍ണ വിലയിലും കനത്ത ഇടിവുണ്ടായി. ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ ഓഹരി വിപണികളും കുത്തനെ ഇടിഞ്ഞു. നാണയപ്പെരുപ്പ ഭീഷണി സജീവമായി നിലനില്‍ക്കുന്നത് കണക്കിലെടുത്താണ് മുഖ്യ പലിശ നിരക്കില്‍ അടുത്ത വര്‍ഷം വലിയ കുറവുണ്ടാകില്ലെന്ന് ജെറോം പവല്‍ വ്യക്തമാക്കിയത്. ഇതോടെ ആഗോള തലത്തില്‍ മാന്ദ്യ ഭീഷണി ശക്തമാകുമെന്നാണ് വിലയിരുത്തുന്നത്.
അമെരിക്കയിലെയും യൂറോപ്പിലെയും വന്‍കിട ഫണ്ടുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ കടുത്ത വില്‍പ്പന സമ്മര്‍ദമാണ് സൃഷ്ടിച്ചത്. ഇന്നലെ മാത്രം ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകരുടെ ആസ്തിയില്‍ 3.5 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. ജപ്പാനിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഒഫ് ജപ്പാനും യുകെയിലെ ബാങ്ക് ഒഫ് ഇംഗ്ലണ്ടും പലിശയില്‍ മാറ്റം വരുത്തിയില്ല. ഇതിനിടെ ന്യൂസിലാന്‍ഡ് ഔദ്യോഗികമായി മാന്ദ്യത്തിലാണെന്ന് പ്രഖ്യാപിച്ചു.