വിപണികൾ കരുത്തോടെ...

ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.
Markets are strong

വിപണികൾ കരുത്തോടെ 

Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ആഗോള മേഖലയിലെ അനുകൂല വാര്‍ത്തകളും വിദേശ നിക്ഷേപകരുടെ മടങ്ങിവരവും ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്നലെ കരുത്തുപകര്‍ന്നു. സെന്‍സെക്സ് 1078.87 പോയിന്‍റ് ഉയര്‍ന്ന് 77984.38ല്‍ അവസാനിച്ചു. നിഫ്റ്റി 307.95 പോയിന്‍റ് നേട്ടവുമായി 23,658.35ലെത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികളിലും മികച്ച കുതിപ്പ് ദൃശ്യമായി. ബാങ്കിങ്, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ ഓഹരികളാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.

അമെരിക്കന്‍ ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ കുതിപ്പ് ഇന്ത്യന്‍ ഓഹരികളുടെ നിക്ഷേപ സാധ്യതകള്‍ ഉയര്‍ത്തുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞ വാരാന്ത്യത്തില്‍ 10,000 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിയ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്നലെയും മികച്ച വാങ്ങല്‍ താത്പര്യവുമായി വിപണിയില്‍ സജീവമായി.

ഇന്ത്യന്‍ കമ്പനികളുടെ ലാഭം മെച്ചപ്പെടുമെന്ന പ്രതീക്ഷയും നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്നു. കൊട്ടക് മഹീന്ദ്ര ബാങ്ക്, എന്‍ടിപിസി, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ് എന്നിവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍. കഴിഞ്ഞ ആറ് ദിവസമായി തുടര്‍ച്ചയായി മുന്നേറുന്ന സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ ഇക്കാലയളവില്‍ അഞ്ച് ശതമാനത്തിലധികം നേട്ടമാണുണ്ടാക്കിയത്.

നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകുന്നതും വ്യാവസായിക ഉത്പാദനത്തിലെ ഉണര്‍വും പലിശ കുറയാനുള്ള സാധ്യതകളുമാണ് നിക്ഷേപകര്‍ക്ക് ആവേശം പകരുന്നത്. രാജ്യാന്തര വിപണിയിലെ ചലനങ്ങളും വിപണിക്ക് കരുത്തുപകരുന്നു. ട്രംപിന്‍റെ വ്യാപാര യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ യൂറോപ്പും ചൈനയും ഒരുങ്ങുന്നുവെന്ന വാര്‍ത്തകളും ഓഹരി വിപണിക്ക് കരുത്തായി.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തില്‍ മാര്‍ച്ചില്‍ ഇതുവരെ 35 ലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. കഴിഞ്ഞവാരം മാത്രം സെന്‍സെക്സില്‍ 4,500 പോയിന്‍റ് കുതിപ്പുണ്ടായി. വിപണിയിലുണ്ടായ തിരുത്തലില്‍ ഓഹരികളുടെ വില കുറഞ്ഞതിനാല്‍ ആഭ്യന്തര, വിദേശ ഫണ്ടുകള്‍ വാങ്ങല്‍ ശക്തമാക്കുകയാണ്.‌

അമെരിക്കയില്‍ പലിശ കുറയുന്നതും ഡോളറിന്‍റെ മൂല്യം ഇടിയുന്നതും ഇന്ത്യന്‍ വിപണിയുടെ നിക്ഷേപ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതും രൂപയുടെ മൂല്യം മെച്ചപ്പെട്ടതും ഇന്ത്യന്‍ കമ്പനികളുടെ പ്രവര്‍ത്തന ലാഭം കൂടാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com