ഇന്ത്യയില്‍ 5000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ എം.ജി മോട്ടോഴ്‌സ്

അഞ്ച് വര്‍ഷത്തെ ബിസിനസ് റോഡ് മാപ് പ്രഖ്യാപിച്ചു; ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ മാറ്റും
ഇന്ത്യയില്‍ 5000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ എം.ജി മോട്ടോഴ്‌സ്

കൊച്ചി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 5,000 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപം നടത്തുമെന്ന് പ്രമുഖ ഓട്ടോമൊബൈല്‍ ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ. ഗുജറാത്തില്‍ രണ്ടാമത്തെ പ്ലാന്റ് സ്ഥാപിച്ച് പ്രൊഡക്ഷന്‍ ശേഷി വര്‍ധിപ്പിക്കും. പുതിയ നിര ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കും. 2028 ആകുമ്പോള്‍ നേരിട്ടും അല്ലാതെയും 20,000 പേര്‍ക്ക് തൊഴില്‍ കൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്നും 99 വര്‍ഷത്തെ പൈതൃകമുള്ള ഇതിഹാസ ബ്രിട്ടീഷ് ബ്രാന്‍ഡ് പറയുന്നു.

സുസ്ഥിര വളര്‍ച്ചക്കും സമൂഹത്തെ അര്‍ത്ഥവത്തായ രീതിയില്‍ സ്വാധീനിക്കുന്നതിനുമായി ബിസിനസ് പ്രവര്‍ത്തനങ്ങള്‍ രാജ്യവല്‍കൃതമാക്കുന്ന അഞ്ച് വര്‍ഷത്തെ ബിസിനസ് റോഡ് മാപ് എംജി മോട്ടോര്‍ ഇന്ത്യ അവതരിപ്പിച്ചു. പ്രാദേശികമായ പ്രവര്‍ത്തനം, ഏറ്റവും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗവും അവയുടെ തദ്ദേശീയവല്‍കരണവുമാണ് പ്രധാനമായും നടപ്പാക്കുന്ന പദ്ധതികള്‍. അടുത്ത രണ്ട് മുതല്‍ നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഓഹരി പങ്കാളിത്തം വര്‍ധിപ്പിക്കും. പ്രാദേശികമായി വിഭവങ്ങള്‍ കണ്ടെത്തുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2028 എത്തുമ്പോള്‍ കൂടുതലും ഇന്ത്യ കേന്ദ്രീകൃതവുമാക്കും. സ്വന്തമായോ തേഡ് പാര്‍ട്ടികളിലൂടെയോ സെല്‍ മാനുഫാക്ച്ചറിങ്, ക്ലീന്‍ ഹൈഡ്രജന്‍ സെല്‍ ടെക്‌നോളജി എന്നിവയാണ് ഇതിലൂടെ സാധ്യമാകുക.

ഗുജറാത്തിലെ പുതിയ മാനുഫാക്ച്ചറിങ് ഫെസിലിറ്റിയിലൂടെ നിലവിലെ 1,20,000 എന്നതില്‍ നിന്ന് 3,00,000 ലക്ഷം വാഹനങ്ങള്‍ (രണ്ട് പ്ലാന്റുകളിലും കൂടെ) പുറത്തിറക്കാനാണ് ലക്ഷ്യം. പുതിയ 4-5 കാറുകള്‍ കമ്പനി പുറത്തിറക്കും. കൂടുതലും ഇ.വി മോഡലുകള്‍ ആയിരിക്കും. 2028 ആകുമ്പോള്‍ മൊത്തം വില്‍പ്പനയുടെ 65-75% ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് ശ്രമം. ഇലക്ട്രിക് വാഹനങ്ങള്‍ സാര്‍വത്രികമാക്കാന്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഭാഗങ്ങളുടെ പ്രാദേശിക മാനുഫാക്ച്ചറിങ് ശക്തിപ്പെടുത്തുന്നതിനൊപ്പം ഗുജറാത്തില്‍ ഒരു ബാറ്ററി അസംബ്ലി യൂണിറ്റും സ്ഥാപിക്കും.

ഏറ്റവും പുതിയ പ്രകൃതി സൗഹാര്‍ദ സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്തി ഒരു വമ്പന്‍ മാനുഫാക്ച്ചറിങ് കേന്ദ്രമാകാനുള്ള ഇന്ത്യയുടെ പരിശ്രമത്തെ എംജി മോട്ടോര്‍ ഇന്ത്യ പിന്തുണയ്ക്കും. ഇതിനായി ഹൈഡ്രജന്‍ ഫ്യുവെല്‍ സെല്ലുകള്‍, സെല്‍ മാനുഫാക്ച്ചറിങ്, പ്രാദേശിക നിര്‍മ്മാണങ്ങളുടെ വികസനം, സംയുക്ത സംരംഭങ്ങളിലൂടെയോ തേഡ് പാര്‍ട്ടികളിലൂടെയോ ഇ.വി പാര്‍ട്‌സ് നിര്‍മ്മാണം എന്നിവ സാധ്യമാക്കും.

അര്‍ത്ഥവത്തായ മാറ്റത്തിന് എംജി മോട്ടോര്‍ ഇന്ത്യ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് എംജി മോട്ടോര്‍ ഇന്ത്യയുടെ സി.ഇ.ഒ രാജീവ് ചബ പറഞ്ഞു.'ഇന്ത്യയിലെ കഴിവുള്ള യുവതയെ വാര്‍ത്തെടുക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കുന്നു. എംജി നര്‍ച്ചര്‍ പ്രോഗ്രാം പോലെയുള്ള പദ്ധതികള്‍ ഇതിനുള്ളതാണ്.

ഈ പദ്ധതിയിലൂടെ 50 പ്രധാന ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായി സഹകരിച്ച് 1,00,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇവി, കണക്റ്റഡ് കാര്‍സ്, എഡിഎസ് സിസ്റ്റംസ് എന്നിവയില്‍ പങ്കാളിത്തം നല്‍കും. ഇതോടൊപ്പം ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും അവസരങ്ങള്‍ക്കും കമ്പനി ശ്രദ്ധിക്കും. നിലവില്‍ കമ്പനിയില്‍ 37% ജെണ്ടര്‍ ഡൈവേഴ്‌സിറ്റി ഉറപ്പിക്കാനായി. ഇത് 50% എത്തിക്കാനാണ് ഇനിയുള്ള ശ്രമം' - രാജീവ് ചബ കൂട്ടിച്ചേര്‍ത്തു. എംജി നര്‍ച്ചര്‍ പ്രോഗ്രാമിലൂടെ പരിശീലനം ലഭിച്ചവര്‍ ഭാവിയെ നേരിടാന്‍ സജ്ജരായിരിക്കും. അടുത്ത തലമുറ കാറുകളുടെ നിര്‍മ്മാണത്തില്‍ വലിയ പങ്കുവഹിക്കാന്‍ ഇവര്‍ക്ക് കഴിയും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com